തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമ പരാതികളിൽ ഉടൻ നടപടി വേണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. പോക്സോ കേസുകളുടെ അന്വഷണത്തിൽ കാലതാമസം ഒഴിവാക്കണമെന്നും പൊതു ജനങ്ങളോട് പോലീസ് മാന്യമായി പെരുമാറണമെന്നും ഡിജിപി നിർദേശിച്ചു. പൊലീസിനെതിരെ കടുത്ത വിമര്‍ശനം പല കോണില്‍ നിന്നും ഉയരുന്ന സാഹചര്യത്തിലാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഡിജിപി വിശദമായ മാർഗ്ഗനിർദേശം നൽകിയത്.
സമീപകാലത്ത് കേരള പൊലീസുമായി ബന്ധപ്പെട്ടുണ്ടായ നിരവധി വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സംസ്ഥാന പൊലീസ് മേധാവി എസ്.പി റാങ്ക് മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചുകൂട്ടിയത്. രാവിലെ തുടങ്ങിയ യോഗം ഉച്ചയ്ക്ക് ശേഷവും തുടരുകയാണ്. രണ്ടു വർഷത്തിന് ശേഷമാണ് പൊലീസ് ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നേരിട്ട് ചേരുന്നത്.
ക്രമസമാധാന ചുമതലയുളള എസ്പിമാർ മുതലുള്ള മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ യോഗമാണ് വിളിച്ചിരിക്കുന്നത്. ഓരോ ജില്ലയിലെയും ക്രമസമാധാന ചുമതല സംബന്ധിച്ച് എസ്പിമാർ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. പുതിയ നിദ്ദേശങ്ങള്‍ സമർപ്പിക്കാനും ഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്. പോക്സോ- സ്ത്രീ സുരക്ഷ കേസുകള്‍ പ്രത്യേകം ചർച്ച ചെയ്യും. യോഗ തീരുമനുസരിച്ച് പുതിയ നിർദ്ദേശങ്ങള്‍ ഡിജിപി ഇറക്കും. അനിൽകാന്ത് പൊലീസ് മേധാവിയായി ചുമതലയേറ്റ ശേഷം ഉദ്യോഗസ്ഥ യോഗം നേരിട്ട് വിളിച്ചിരുന്നില്ല.