ഒമിക്രോണ്‍ വൈറസ് കൂടുതൽ അപകടകാരിയാണെന്നതിനു തെളിവുകളില്ലെന്ന് കേന്ദ്രം. കോവിഡ് രണ്ടാം തരംഗത്തിന് കാരണമായ ഡെൽറ്റ വൈറസുമായി താരതമ്യം ചെയ്യുമ്പോൾ ഒമിക്രോണ്‍ വൈറസ് കൂടുതൽ അപകടകാരിയെന്ന് പറയാനാകില്ല. തീവ്ര രോഗവ്യാപന ശേഷിയുള്ളതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയ ഒമിക്രോണ്‍ വൈറസ് നിലവിൽ രാജ്യത്ത് 23 പേരിൽ മാത്രമാണ് കണ്ടെത്തിയത്.
ലോകത്താദ്യമായി ഒമിക്രോണ്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്നത് നവംബർ 25ന് ദക്ഷിണാഫ്രിക്കയിൽ നിന്നാണ്. അതിനു ശേഷം 38 രാജ്യങ്ങളിലേക്ക് വ്യാപിച്ച ഒമിക്രോണ്‍ വൈറസ് ബാധിച്ച് ലോകത്തെവിടെയും മരണമുണ്ടായതായോ രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായതായോ രേഖപ്പെടുത്തിയിട്ടില്ല.
1,300 ഒമിക്രോണ്‍ വൈറസ് ബാധിതരെയാണ് ലോകത്തു കണ്ടെത്താൻ സാധിച്ചിട്ടുള്ളത്. ഡെൽറ്റ വൈറസും ഒമിക്രോണും കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിൽ രോഗികളുടെ എണ്ണത്തിൽ വർധന ഉണ്ടെങ്കിലും രോഗം മൂർച്ഛിച്ച് ആശുപത്രിവാസം നേരിടേണ്ടി വന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായിട്ടില്ല. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒമിക്രോണിനെ സംബന്ധിക്കുന്ന കൃത്യമായ പഠനങ്ങൾ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.