തിരുവനന്തപുരം: 110 വയസിലും തിമിര ശസ്ത്രക്രിയയിലൂടെ കാഴ്ച വീണ്ടെടുത്ത് നല്‍കിയിരിക്കുകയാണ് മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. വണ്ടൂര്‍ സ്വദേശി രവിയ്ക്കാണ് മെഡിക്കല്‍ കോളേജ് നേത്രരോഗ വിഭാഗം ശസ്ത്രക്രിയ നടത്തി വിജയിപ്പിച്ച് ഈ നേട്ടം കൈവരിച്ചത്. ശസ്ത്രക്രിയ പൂര്‍ണ വിജയമായിരുന്നതിനാല്‍ ഈ പ്രായത്തിലും അദ്ദേഹത്തിന് കാഴ്ച തിരിച്ചു കിട്ടി. അപ്രതീക്ഷിതമായി തിരിച്ചുകിട്ടിയ കാഴ്ചയില്‍ രവിയും കുടുംബവും സന്തോഷം പങ്കുവെച്ചു.
രണ്ടു കണ്ണുകളിലും യുവിയൈറ്റിസും തിമിരവും ബാധിച്ച് പൂര്‍ണമായും കാഴ്ച നഷ്ടപ്പെട്ട അവസ്ഥയിലാണ് രവി മഞ്ചേരി മെഡിക്കല്‍ കോളേജ് നേത്ര രോഗവിഭാഗത്തില്‍ ചികിത്സ തേടി എത്തിയത്. അദ്ദേഹത്തിന്റെ പ്രായവും മറ്റസുഖങ്ങളും ശസ്ത്രക്രിയക്ക് വെല്ലുവിളി സൃഷ്ടിച്ചു. എങ്കിലും പ്രതീക്ഷയോടെയാണ് ശസ്ത്രക്രിയ നടത്തിയത്.
നേത്ര രോഗ വിഭാഗം മേധാവി ഡോ. രജനിയുടെ നേതത്വത്തില്‍ രണ്ടു കണ്ണുകളുടെയും തിമിര ശസ്ത്രക്രിയ ഒരേ ദിവസം നടത്തി. നേത്രരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. പി.എസ്. രേഖ, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. വീണ ദത്ത്, അനസ്‌തേഷ്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഷുഹൈബ് അബൂബക്കര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.