NEWS

ചിഹ്നം കിട്ടിയതോടെ വജ്രായുധവുമായി ജോസ് കെ മാണി, കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് അവിശ്വാസം വരും, NewsThen Exclusive

കേരള കോൺഗ്രസ്‌ ജോസ് കെ മാണി വിഭാഗത്തെ യു ഡി എഫിൽ നിന്ന് പുറത്താക്കലിന് വഴി വെച്ച കോട്ടയം ജില്ലാ പഞ്ചായത്തിൽ നാടകീയ രംഗങ്ങൾക്ക് കളമൊരുങ്ങുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അവിശ്വാസം കൊണ്ട് വരാനാണ് ജോസ് കെ മാണി പക്ഷത്തിന്റെ നീക്കം. നിലവിൽ കോൺഗ്രസ്‌ അംഗം ശോഭ സലിമോൻ ആണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്.

ആകെ 22 സീറ്റ് ആണ് കോട്ടയം ജില്ലാ പഞ്ചായത്തിൽ ഉള്ളത്. ഇതിൽ സിപിഐഎമ്മിന്റെ ആറ് സീറ്റും സിപിഐയുടെ ഒരു സീറ്റും അടക്കം എൽ ഡി എഫിന് 7 സീറ്റ് ഉണ്ട്. കോൺഗ്രസിന് 8 സീറ്റാണ് ഉള്ളത്. ജോസ് കെ മാണി പക്ഷത്തിന് ആറ് സീറ്റാണ് ഉണ്ടായിരുന്നത്. ഇതിൽ നിന്ന് രണ്ട് പേരെ ജോസഫ് വിഭാഗം അടർത്തിയെടുത്തു. ഇതോടെ ജോസ് കെ മാണി പക്ഷത്തിന്റെ അംഗബലം നാലായി കുറഞ്ഞു.

Signature-ad

അജിത് മുതിരമല, മേരി സെബാസ്റ്റ്യൻ എന്നിവരാണ് ജോസഫ് പക്ഷത്തിന് അനുകൂലമായി ജോസ് കെ മാണി വിഭാഗത്തിൽ നിന്ന് മാറിയത്. ഇതിൽ അജിത് മുതിരമലയ്ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം നൽകണം എന്നാണ് ജോസഫ് പക്ഷത്തിന്റെ ആവശ്യം. ഈ വിഷയത്തിലെ തർക്കമാണ് ജോസ് കെ മാണി പക്ഷത്തെ യു ഡി എഫിന് പുറത്ത് എത്തിച്ചത്.

ഇപ്പോൾ ചിഹ്നത്തിന്റെ കാര്യത്തിൽ ജോസ് കെ മാണി വിഭാഗത്തിന് അനുകൂലമായി തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം എടുത്തതോടെ പാർടിക്കുള്ള ഔദ്യോഗിക അംഗീകാരമായി എന്ന് ജോസ് കെ മാണി പക്ഷം കരുതുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിന് എതിരായി അവിശ്വാസം കൊണ്ട് വരുന്നതോടെ ജോസഫ് പക്ഷത്തേക്ക് കൂറുമാറിയ അംഗങ്ങൾ വെട്ടിലാകും. ജോസ് കെ മാണി പക്ഷത്തിന് അനുകൂലമായി നിന്നില്ലെങ്കിൽ അയോഗ്യത വരെ നേരിടാം.

യു ഡി എഫിനെ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കുന്നതാണ് ജോസ് കെ മാണി പക്ഷത്തിന്റെ നീക്കം. നീക്കത്തിൽ എൽ ഡി എഫിന്റെ പിന്തുണയും ജോസ് കെ മാണിക്കുണ്ടാകും. ജോസ് കെ മാണി പക്ഷത്തെ സെബാസ്റ്റ്യൻ കുളത്തുങ്കൽ ആണ് നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്. പി സി ജോർജിന്റെ ജനപക്ഷത്തിനു ഒരു സീറ്റ് ഉണ്ട്.

Back to top button
error: