നിങ്ങൾ പണം ധനകാര്യ സ്ഥാപനങ്ങളിൽ നിക്ഷേപിക്കാൻ പോകുന്ന ആളാണോ? എങ്കിൽ ഇത് കാണണം കേൾക്കണം
കേരളം കഴിഞ്ഞ ദിവസം ഉണര്‍ന്നത് വലിയൊരു തട്ടിപ്പിന്റെ കഥ കേട്ടാണ്. 12 ശതമാനം പലിശ എന്ന മോഹ വാഗ്ദാനം നല്‍കി ജനങ്ങളുടെ നിക്ഷേപം സ്വീകരിച്ച
പോപ്പുലര്‍ ഫിനാന്‍സിന്റെ കഥ. എന്നാല്‍ കഥയിലെ നായകനും നായികയും ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ തോമസ് ഡാനിയേലും ഭാര്യ പ്രഭ ഡാനിയേലുമായപ്പോള്‍ മറ്റ്‌സുപ്രധാന വേഷങ്ങളിലെത്തിയത് മക്കളായ റിനു മറിയം തോമസും, റിയ ആന്‍ തോമസുമായിരുന്നു.
2014-ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസിനെ തുടര്‍ന്ന് തോമസ് ഡാനിയേലിനും ഭാര്യയ്ക്കും പണം സ്വീകരിക്കാന്‍ സാങ്കേതികമായി തടസങ്ങളുണ്ടായിരുന്നു. ഇതോടെയാണ് മക്കളുടെ പേരിലേക്ക് പണം മാറ്റിയത്. പിന്നീട് മക്കളായിരുന്നു പണസംബന്ധമായ എല്ലാകാര്യങ്ങള്‍ക്കും ചുക്കാന്‍പിടിച്ചിരുന്നത്. നിക്ഷേപകരുടെ പണം വകമാറ്റി. ഓസ്‌ട്രേലിയ അടക്കമുള്ള വിദേശരാജ്യങ്ങളില്‍ കോടിക്കണക്കിന് രൂപ നിക്ഷേപിച്ചു. സമീപകാലത്ത് ആന്ധ്രയില്‍ 2 കോടിയുടെ ഭൂമി വാങ്ങി പോപ്പുലര്‍ ഫിനാന്‍സിന്റെ മറവില്‍ നിരവധി എല്‍.എല്‍.പി. കമ്പനികള്‍ തുടങ്ങി. ഈ കമ്പനികളിലേക്കാണ് ആളുകളെ കബളിപ്പിച്ച് പണം സ്വീകരിച്ചത്. ഇവയില്‍ പലതും കടലാസ് കമ്പനികളാണ്.
കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച മക്കള്‍ പിടിയിലായതോടെ രണ്ടാഴ്ച്ചയായി ഒളിവിലായിരുന്ന റോയി തോമസും ഭാര്യ പ്രഭയും ഇന്നലെ വൈകിട്ട് അഞ്ചരയോടെ പത്തനംതിട്ട എസ്പി ഓഫിസിലെത്തി കീഴടങ്ങുകയായിരുന്നു. റിനു, റിയ എന്നിവര്‍ക്ക് കേസില്‍ നിര്‍ണായക പങ്ക് ഉണ്ടെന്ന് എസ്പി കെ.ജി. സൈമണ്‍ പറഞ്ഞു. നിക്ഷേപകര്‍ക്ക് അറിയാത്ത നിരവധി കാര്യങ്ങളുണ്ടെന്നും എസ്പി കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ അന്വേഷണത്തിന് ഐജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുളള 25 അംഗ സംഘത്തെ നിയോഗിച്ചു കഴിഞ്ഞു.
12 ശതമാനം പലിശ എന്ന മോഹ വാഗ്ദാനം നല്‍കി ജനങ്ങളുടെ നിക്ഷേപം സ്വീകരിച്ച കമ്പിനി തകര്‍ന്നപ്പോള്‍ ഒപ്പം ഇല്ലാതായത് കുറേ മനുഷ്യരുടെ വര്‍ഷങ്ങള്‍ നീണ്ട അധ്വാനത്തിന്റെ ഫലമാണ്. ഇതോടെ നാളുകളായി കണ്ടിരുന്ന സ്വപ്നം മുടങ്ങിയവരുണ്ട്. കല്യാണം മുതല്‍ കുട്ടികളുടെ പഠനം വരെ ഇതില്‍ ഉള്‍പ്പെടും. കമ്പിനി നഷ്ടത്തിലാണെന്ന വിവരം ഉപഭോക്താക്കളില്‍ നിന്നും മറച്ചു വെച്ചാണ് വലിയ തുക നിക്ഷേപമായി സ്വീകരിച്ചത്. ഇത്തരം നിക്ഷേപ സ്ഥാപനങ്ങള്‍ക്കെതിരെ ആര്‍.ബി.ഐ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന്റെ പുതിയ മുഖം വെളിവായത്. ലിമിറ്റഡ് കമ്പിനി രൂപീകരിച്ച് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാതെ ഓഹരി മറ്റുള്ളഴര്‍ക്ക് വിറ്റ് പണം ശേഖരിക്കുകയായിരുന്നു കമ്പനിയുടെ പുതിയ തട്ടിപ്പ്.
സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും മറ്റ് ബാങ്കിംഗ് സ്ഥാപനങ്ങള്‍ക്കുള്ള പോലെ വലിയ നിയന്ത്രണം ഇത്തരം സ്ഥാപനങ്ങള്‍ക്കില്ലാതിരുന്നതും തട്ടിപ്പിന് ബലമേകി. പോപ്പുലര്‍ സ്ഥാപനങ്ങളുടെ കമ്പനി ഷെയര്‍ രസീതാണ് നിക്ഷേപ സര്‍ട്ടിഫിക്കറ്റിന് പകരം നല്‍കിയത്. ഷെയര്‍ വാങ്ങിയവര്‍ ഫിക്സ്ഡ് ഡെപ്പോസിറ്റ് രസീതാണെന്ന് കരുതിയത്. എന്നാല്‍ ഈ രസീതുകളില്‍ പറയുന്നത് ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ട്നര്‍ഷിപ്പിലേക്ക് നിശ്ചിത തുക ഷെയറായി നല്‍കിയിരിക്കുന്നുവെന്നാണ്. 12 ശതമാനം ഓഹരി വിഹിതം എന്നതിന് ലാഭമായാലും നഷ്ടമായാലും നിക്ഷേപകന്‍ സഹിക്കണമെന്നുള്ള വശം കൂടിയുണ്ടായിരുന്നു.
ചെറിയ തുക മുതല്‍ 98 ലക്ഷം രൂപ വരെ കമ്പിനിയില്‍ നിക്ഷേപിച്ചവരുണ്ട്. ഈ പണം എവിടെ നിന്നു ലഭിച്ചു, എന്തിന് ഇതുപോലൊരു സ്ഥാപനത്തില്‍ നിക്ഷേപിച്ചു തുടങ്ങിയ ചോദ്യങ്ങളും ഉത്തരമില്ലാതെ അനന്തമായി നീളുന്നു.
സ്ഥാപനത്തിന്റെ കോന്നി വകയാറിലുള്ള ആസ്ഥാനത്ത് ജപ്തി നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. നിക്ഷേപകര്‍ക്ക് ഈട് നല്‍കണമെന്ന് കാട്ടി പത്തനംതിട്ട കോടതി നോട്ടീസ് പതിപ്പിച്ചു കഴിഞ്ഞു. പണം നഷ്ടപ്പെട്ടവര്‍ പ്രതിഷേധത്തിലാണ്. കമ്പനിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി മുന്നൂറില്‍ പരം പരാതികളാണ് ലഭിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച പോപ്പുലര്‍ സ്ഥാപനങ്ങള്‍ കോടതിയില്‍ പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി അടുത്ത മാസം 7ന് കേസ് പരിഗണിക്കും. ഒരുപക്ഷേ കോടതി ഹര്‍ജി അംഗീകരിച്ചാല്‍ രാജ്യത്തെ എല്ലാ നിയമനടപടികളില്‍ നിന്നും കമ്പനിക്ക് സംരക്ഷണം ലഭിക്കും. സ്ഥാപനത്തിന്റെ സ്വത്ത് വകകള്‍ വിറ്റ് നിക്ഷേപകര്‍ക്ക് കോടതി വഴി തുക വിതരണം ചെയ്യും.
അതേസമയം, കോന്നി വകയാറിലെ പോപ്പുലര്‍ ആസ്ഥാനത്ത് നടന്ന പരിശോധനയില്‍ വ്യത്യസ്ത സ്ഥാപനങ്ങളുടെ രേഖകള്‍ പൊലീസ് കണ്ടെത്തി. ചില നിര്‍ണായക രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. അടുത്തകാലം വരെ പോപ്പുലര്‍ ഫിനാന്‍സ് എന്ന പേരിലാണ് ഇടപാടുകാര്‍ക്ക് രേഖകളും രസീതുകളും നല്‍കിയിരുന്നത്. എന്നാല്‍ കുറെ മാസങ്ങളായി പോപ്പുലര്‍ പ്രിന്റേഴ്സ്, പോപ്പുലര്‍ ട്രേഡേഴ്സ്, പോപ്പുലര്‍ എക്സ്പോര്‍ട്ടേഴ്സ്, മൈ പോപ്പുലര്‍ മറൈന്‍ എന്നീ സ്ഥാപനങ്ങളുടെ പേരിലുള്ള രേഖകളാണ് നിക്ഷേപകര്‍ക്ക് നല്‍കിയിരുന്നത്.