NEWS

പ്രണബ് മുഖർജി :ഇന്ദിരാ ഗാന്ധി കണ്ടെത്തിയ കോൺഗ്രസിലെ മാണിക്യം

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി വിട പറഞ്ഞു. ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയാണ്. പശ്ചിമ ബംഗാളിൽ 1935 ഡിസംബർ 11 നു ജനിച്ചു. കേന്ദ്രമന്ത്രി സഭയിൽ ധനകാര്യ വകുപ്പ് മന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്നു. പശ്ചിമബംഗാളിലെ ജാംഗിപ്പൂർ ലോകസഭാമണ്ഡലത്തിൽ നിന്നാണ്‌ ലോകസഭാംഗമായത്. 2019ൽ ഭാരതരത്‌ന നൽകി രാഷ്ട്രം ആദരിച്ചു.

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് പ്രണബ് മുഖർജിയെ രാജ്യസഭാ സീറ്റ് നൽകി ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടു വരുന്നത്. ഇന്ദിരാ ഗാന്ധിയുടെ കാലഘട്ടത്തിൽ അവരുടെ വിശ്വസ്തരിൽ ഒരാളായിരുന്നു പ്രണബ് മുഖർജി. ആ വിശ്വാസം 1973 ൽ പ്രണബിനെ കേന്ദ്രമന്ത്രിസഭയിലെത്തിച്ചു. 1975 ലെ അടിയന്തരാവസ്ഥ കാലത്ത് മറ്റു പല ഇന്ദിരാ വിശ്വസ്തരേയുംപോലെ വിമർശനങ്ങൾ നേരിടേണ്ടി വന്നു. 1982-1984 കാലത്ത് ഇന്ത്യയുടെ ധനകാര്യ മന്ത്രിയായിരുന്നു, 1980-1985 സമയത്ത് രാജ്യസഭയിലെ അദ്ധ്യക്ഷനായിരുന്നു.

ഇന്ദിരാ ഗാന്ധിക്കുശേഷം, രാജീവ് ഗാന്ധിയുടെ ഭരണകാലഘട്ടത്തിൽ പ്രണബ് നേതൃത്വത്തിൽ നിന്നും തഴയപ്പെട്ടു. അങ്ങനെയാണ് രാഷ്ട്രീയ സമാജ് വാദി കോൺഗ്രസ്സ് എന്ന പാർട്ടി രൂപീകരിച്ചത്. തുടർന്ന് രാജീവ് ഗാന്ധിയുമായി ഒത്തു തീർപ്പിലെത്തി, ഈ സംഘടന കോൺഗ്രസ്സിൽ ലയിച്ചു. പി.വി. നരസിംഹറാവു പ്രധാനമന്ത്രി ആയിരുന്ന കാലത്ത് പ്രണബിനെ ആസൂത്രണ കമ്മീഷൻ ഉപാദ്ധ്യക്ഷനായി നിയമിച്ചു. പിന്നീട് 1995 ൽ ധനകാര്യ മന്ത്രിയുമായി. സോണിയ ഗാന്ധി കോൺഗ്രസ്സ് പാർട്ടിയുടെ നേതൃത്വസ്ഥാനത്തേക്ക് എത്തിയതിന്റെ പിന്നിലുള്ള മുഖ്യ സൂത്രധാരൻ പ്രണബ് ആയിരുന്നു.

2004 ൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ഐക്യ പുരോഗമന സഖ്യം അധികാരത്തിലെത്തിയ അന്നു മുതൽ 2012 ൽ പ്രസിഡന്റ് പദവിക്കായി രാജിവെക്കുന്നതുവരെ മൻമോഹൻ സിങ് മന്ത്രിസഭയിൽ രണ്ടാമനായിരുന്നു പ്രണബ്. വിദേശ കാര്യം, പ്രതിരോധം, ധനകാര്യം എന്നിങ്ങനെ വിവിധങ്ങളായ വകുപ്പുകൾ പ്രണബ് കൈകാര്യം ചെയ്തിട്ടുണ്ട്. കോൺഗ്രസ്സിന്റെ നാമനിർദ്ദേശത്തിൽ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുകയും, എതിർ സ്ഥാനാർത്ഥി പി.എ.സാങ്മയെ പരാജയപ്പെടുത്തി ഇന്ത്യയുടെ പ്രഥമപൗരനായി ചുമതലയേറ്റെടുക്കുകയും ചെയ്തു.

Back to top button
error: