ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഹാപൂരില്‍ അംജദ് (38) ആണ് അറസ്റ്റിലായത്. പ്രതിയുടെ വീട്ടിലെ ഇരുമ്പ് പെട്ടിയില്‍ ഒളിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോയ പെണ്‍കുട്ടിയെ പ്രതി വശീകരിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് വെറും 50 കിലോമീറ്റര്‍ അകലെയാണ് പ്രതിയുടെ വീട്.
പെണ്‍കുട്ടിയെ കാണാതായതോടെ പ്രദേശമാകെ നാട്ടുകാരും വീട്ടുകാരും തിരച്ചിലാരംഭിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ശനിയാഴ്ച പ്രതിയുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ പ്രദേശവാസികള്‍ക്ക് സംശയം തോന്നുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു. പൊലീസെത്തി വാതില്‍ തകര്‍ത്ത് അകത്തുകയറി പരിശോധിച്ചപ്പോഴാണ് പെട്ടിയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. റിപ്പോര്‍ട്ട് കിട്ടിയാലേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂവെന്നും പൊലീസ് പറഞ്ഞു.
പ്രതിയെ ത്രിലോക്പുരിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്നും പൊലീസ് പറഞ്ഞു. പ്രതിക്കുനേരെ നാട്ടുകാരില്‍ നിന്ന് ആക്രമണമുണ്ടായി. പൊലീസ് വലയം തീര്‍ത്താണ് ഇയാളെ സ്റ്റേഷനിലെത്തിച്ചത്.