രുദ്രാപുര്‍: ഓടുന്ന ട്രെയിന്‍ മുന്നില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 2 സുഹൃത്തുക്കള്‍ മരിച്ചു. ഉത്തരാഖണ്ഡിലെ രുദ്രാപുരിലാണ് ദാരുണമായ സംഭവം. ലോകേഷ് ലോഹാനി (35), മനീഷ് കുമാര്‍ (25) എന്നിവരാണ് മരിച്ചത്. ഇരുവരും അല്‍മോറയില്‍നിന്ന് രുദ്രാപുരില്‍ താമസിക്കുന്ന ലോകേഷിന്റെ സഹോദരിയുടെ വീട്ടിലെത്തിയതായിരുന്നു.
വീട്ടില്‍നിന്നും നടക്കാനിറങ്ങിയ ഇരുവരും ട്രാക്കില്‍ കയറിനിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ അതിവേഗം പാഞ്ഞെത്തിയ ട്രെയിന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഡെറാഡൂണില്‍നിന്ന് കാത്ഗോഡമ്മിലേക്ക് പോകുന്ന ട്രെയിനാണ് ഇടിച്ചത്. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. രണ്ടാളും മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു.