തിരുവനന്തപുരം: വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ നടപടിയുണ്ടാകുമെന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വാക്സിൻ എടുക്കാത്ത അധ്യാപകരുടെ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അധ്യാപകരും അനധ്യാപകരും വാക്സീൻ എടുക്കണമെന്നും വാക്സീൻ എടുക്കാത്തവർ ക്യാമ്പസിന് അകത്ത് പ്രവേശിക്കേണ്ടതില്ലെന്നാണ് മാർഗരേഖയെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ആരോഗ്യസമിതിയുടെ റിപ്പോർട്ട് വാങ്ങണം. വാക്സീൻ എടുക്കാത്ത അധ്യാപകരെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല. 5000 പേർക്ക് മാത്രം ഈ തീരുമാനം ലംഘിക്കാൻ ആകില്ല.വാക്സീൻ എടുക്കാത്തവർ മൂലം സമൂഹത്തിൽ ഒരു ദുരന്തമുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്ലസ് വണ് പ്രവേശന പ്രശ്നം ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഉപരി പഠനത്തിന് അർഹതയുള്ളവർക്ക് സീറ്റുറപ്പാക്കും. 75 അധിക ബാച്ച് അനുവദിക്കും. സയൻസ്, കൊമേഴ്‌സ്, ഹ്യുമാനിറ്റിസ് ബാച്ചുകളാണ് അനുവദിക്കുകയെന്നും മന്ത്രി വ്യക്തമാക്കി