ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ പുതിയ കോവിഡിന്റെ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന്
രാജ്യാന്തര യാത്രക്കാര്‍ക്കുള്ള പരിശോധന ശക്തമാക്കി ഇന്ത്യ. ദക്ഷിണാഫ്രിക്ക, ഹോങ്കോങ്, ബോട്സ്വാന എന്നീ രാജ്യങ്ങളില്‍നിന്നു വരുന്ന യാത്രക്കാര്‍ക്കുള്ള പരിശോധന കര്‍ശനമാക്കാനാണു കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയത്.
കോവിഡ് പോസിറ്റീവ് ആകുന്ന യാത്രക്കാരുടെ സാംപിളുകള്‍ ഉടന്‍ തന്നെ ജീനോം സീക്വന്‍സിങ് ലാബുകളിലേക്കു അയച്ചിട്ടുണ്ടെന്നു ഉറപ്പാക്കണമെന്നു സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് ആവശ്യപ്പെട്ടു. ബോട്സ്വാന (3 കേസുകള്‍), ദക്ഷിണാഫ്രിക്ക (6), ഹോങ്കോങ് (1) എന്നിങ്ങനെയാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിനാല്‍ ഈ രാജ്യത്തില്‍നിന്നുള്ളവരെ ‘അപകടസാധ്യത’യുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ഇവരുടെ സമ്പര്‍ക്കപ്പട്ടിക കൃത്യമായി നിരീക്ഷിക്കണമെന്നും കത്തില്‍ പറയുന്നു.
കോവിഡിന്റെ ഒന്നിലധികം തവണ ജനിതകമാറ്റം സംഭവിച്ച ബി.1.1529 വകഭേദമാണ് കണ്ടെത്തിയത്. വളരെ കുറച്ചുപേരില്‍ മാത്രമാണു നിലവില്‍ ഈ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.