FeatureLIFE

ഇതാണ് ആ പഞ്ചവടിപ്പാലം

 

‘ഐരാവതക്കുഴി’ എന്ന സാങ്കല്പിക ഗ്രാമത്തിലാണ് ‘പഞ്ചവടിപ്പാലം’ എന്ന സിനിമയുടെ കഥ നടന്നത്… അവിടെ പുഴയുടെ കുറുകെയാണ് 200 അടി നീളത്തില്‍ ‘പഞ്ചവടിപ്പാലം’ എന്ന താൽക്കാലിക പാലം നിര്‍മിച്ചത്.പക്ഷെ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് പാലം പൊളിക്കാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ തടഞ്ഞു.കാരണം അവർക്ക് അക്കരെയിക്കരെ കടക്കാൻ ആ ഒരു പാലം മാത്രമേ അപ്പോൾ ഉണ്ടായിരുന്നുവുള്ളൂ.അങ്ങനെ ആ പഞ്ചവടിപ്പാലം പൊളിക്കുന്നതിനുമുമ്പ് അതിന് സമാന്തരമായി മറ്റൊരു പാലം നിർമ്മിക്കേണ്ടി വന്നു എന്നത് സിനിമയെ വെല്ലുന്ന ക്ലൈമാക്സുമായി.അതാണ് കോട്ടയം –കുമരകം റോഡിലെ ഇല്ലിക്കൽ പാലം.ഇല്ലിക്കലും പരിസരപ്രദേശങ്ങളിലുമായിരുന്നു ഈ സിനിമയുടെ ഷൂട്ടിംഗ്.അന്ന് കുമരകവും ഇന്നത്തെപ്പോലെ പ്രശസ്തമായിരുന്നില്ല.

Signature-ad

വേളൂർ കൃഷ്‌ണൻകുട്ടിയുടെ ‘പാലം അപകടത്തിൽ’ എന്ന ചെറുകഥയെ ആസ്പദമാക്കി 1984-ൽ കെ ജി ജോർജ്ജ് സംവിധാനം ചെയ്ത സിനിമയാണ് “പഞ്ചവടിപ്പാലം “.മലയാളത്തിലെ എക്കാലത്തെയും മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമകളിലൊന്നായാണ് ഇന്നും ഈ സിനിമ അറിയപ്പെടുന്നത്.പാലാരിവട്ടം പാലം കേസിൽ കോടതി പോലും ഈ പേര് സൂചിപ്പിക്കയുണ്ടായി.

ഈ സിനിമയ്ക്ക് പശ്ചാത്തലമായ പാലത്തിന് സമാന്തരമായി പണിത പാലമാണ് ഇല്ലിക്കൽ പാലം. ദിവസേന ആയിരക്കണക്കിന് വാഹനങ്ങളും നൂറുകണക്കിന് കാൽനടയാത്രക്കാരും (സ്കൂൾ കുട്ടികൾ ഉൾപ്പെടെ) കടന്നു പോകുന്ന പാലത്തിന് കഷ്ടിച്ച് അഞ്ച് മീറ്റർ മാത്രമാണ് വീതിയുള്ളത്. രണ്ട് വാഹനങ്ങൾ ഒരുമിച്ചു വരുമ്പോൾ കാൽനടയാത്രക്കാർ പാലത്തിൻ്റെ കൈവരിയിൽ പിടിച്ച് അരികിലൂടെ കടന്നുപോകുന്ന പത്തിലധികം കേബിൾ പൈപ്പുകൾക്കു മുകളിൽ അതിസാഹസികമായി കയറി നിൽക്കേണ്ടി വരും.കാൽ വഴുതിയാൽ സിനിമയിലെ ‘കാത്തവരായന്റെ’ അവസ്ഥയാവും സംഭവിക്കുന്നത്. “പണ്ടേ ദുർബല ഇപ്പോൾ ഗർഭിണി ” എന്ന നിലയിൽ പാലത്തിൽ നിറയെ കുണ്ടും കുഴികളും.

കാൽനടയാത്രക്കാർക്ക് സുരക്ഷിതമായ യാത്രയൊരുക്കാൻ പാലത്തിനിരുവശവും നടപ്പാതകൾ സ്ഥാപിക്കാനുള്ള വീതി പാലത്തിനില്ല. ഒരപകടം ഉണ്ടാകുന്നതിനു മുമ്പ് ഈ പഞ്ചവടിപ്പാലം പൊളിച്ചു കളഞ്ഞ് പുതിയൊരെണ്ണം പണിയുക മാത്രമാണ് അധികൃതരുടെ മുമ്പിലുള്ള ഇന്നത്തെ ഏക പോംവഴി. അല്ലെങ്കിൽ സിനിമയിലേതുപോലെ ഇതിന് സമാന്തരമായി വീതിയിൽ മറ്റൊരു പാലം അങ്ങ് നിർമ്മിക്കുക.അങ്ങനെ ചരിത്രമെങ്കിലും ആവർത്തിക്കട്ടെ !!

Back to top button
error: