Lead News

കോവിഡിന്‍റെ മൂന്നാംവരവ് യൂറോപ്പിനെ വിറപ്പിക്കുമെന്നു ലോകാരോഗ്യ സംഘടന,lakshangalകോവിഡിന്‍റെ മൂന്നാംവരവ് യൂറോപ്പിനെ വിറപ്പിക്കുമെന്നു ലോകാരോഗ്യ സംഘടന, ലക്ഷങ്ങൾ മരിച്ചു വീണേക്കാം

കോപൻഹേഗൻ: കോവിഡിന്‍റെ മൂന്നാംവരവ് യൂറോപ്പിനെ വിറപ്പിക്കുമെന്നു ലോകാരോഗ്യ സംഘടന. ഇപ്പോഴത്തെ സ്ഫോടനാത്മകമായ സ്ഥിതി തുടർന്നാൽ ഈ ശൈത്യ കാലത്തു ലക്ഷക്കണക്കിന് ആളുകൾക്കു ജീവൻ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും സംഘടന മുന്നറിയിപ്പ് നൽകി. കോവിഡ് അതിവേഗം വ്യാപിക്കുന്നതു കണക്കിലെടുത്തു പല യൂറോപ്യൻ രാജ്യങ്ങളും ഇതിനകം കർശനമായ നിയന്ത്രണങ്ങൾ വീണ്ടും കൊണ്ടുവന്നിരിക്കുകയാണ്.

ഇന്‍റൻസീവ് കെയർ യൂണിറ്റുകളിൽ കടുത്ത പ്രതിസന്ധിയുണ്ടായേക്കാം. ഇപ്പോൾ മുതൽ 2022 മാർച്ച് വരെയുള്ള ശൈത്യ കാലത്ത് വൻ ദുരന്തമാണ് പ്രതീക്ഷിക്കേണ്ടത്. കോവിഡ് വ്യാപനം രൂക്ഷമായ 53 രാജ്യങ്ങളിൽ 49ലും ആശങ്കാജനകമാണ് സാഹചര്യം. 15 ലക്ഷത്തോളം പേരാണ് ഇതിനകം യൂറോപ്പിൽ കോവിഡ് ബാധിച്ചു മരിച്ചിട്ടുള്ളത്.

ഇന്നത്തെ സ്ഥിതിയിൽ കോവിഡ് ആളിക്കത്തിയാൽ മരണ സംഖ്യ 22 ലക്ഷമായി ഉയരാൻ സാധ്യതയുണ്ട്. ഇപ്പോൾത്തന്നെ മധ്യേഷ്യയിലെയും യൂറോപ്പിലെയും പ്രധാന മരണ കാരണം കോവിഡ് -19 ആയി മാറിയിട്ടുണ്ട്.

ഡെൽറ്റാ വൈറസ് വകഭേദമാണ് യൂറോപ്പിൽ ഭീതിപടർത്തിയിരിക്കുന്നത്. മാസ്ക്, ശാരീരികാകലം പാലിക്കൽ എന്നിവയിൽനിന്നു പിന്നോട്ടുപോയതു രോഗം പടരാൻ വലിയ സാധ്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. പല കാരണങ്ങളാൽ വാക്സിനേഷൻ സ്വീകരിക്കാൻ മടിക്കുന്നവരും ചേർന്നു കാര്യങ്ങൾ വഷളാക്കിയിട്ടുണ്ട്.

സെപ്റ്റംബർ അവസാനത്തെ സാഹചര്യം വച്ചുനോക്കുന്പോൾ കോവിഡ് ബാധിച്ചു മരണം യൂറോപ്പിൽ ഇരട്ടിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ ഒരു ദിവസം 2,100 ആയിരുന്നു ശരാശരി മരണം. എന്നാൽ, ഇപ്പോൾ അത് ദിനംപ്രതി 4,200 വരെ ആയി ഉയർന്നുകഴിഞ്ഞു. യൂറോപ്പിനൊപ്പം മധ്യേഷ്യയിലും സ്ഥിതി ഗൗരവതരമാണ്.

Back to top button
error: