പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; മാനേജിങ് ഡയറക്ടറുടെ മക്കള്‍ പിടിയില്‍
പത്തനംതിട്ട; പണം തട്ടിപ്പ് കേസില്‍ പോപ്പുലര്‍ ഫിനാന്‍സിന്റെ മാനേജിങ് ഡയറക്ടറുടെ മക്കള്‍ പിടിയില്‍. റിനു മറിയം തോമസ്, റിയ ആന്‍ തോമസ് എന്നിവരാണ് പിടിയിലായത്. ഇവര്‍ ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിക്കവെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പിടിയിലാവുകയായിരുന്നു. ഇവരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ പോലീസ് ഡല്‍ഹിയിലേക്ക് തിരിച്ചു.
മാനേജിങ് ഡയറക്ടര്‍ തോമസ് ഡാനിയേല്‍, ഭാര്യയും സ്ഥാപനത്തിന്റെ പാര്‍ട്ണറുമായ പ്രഭ ഡാനിയേല്‍ എന്നിവര്‍ ഒളിവിലാണ്. കാലാവധി പൂര്‍ത്തിയായ നിക്ഷേപങ്ങള്‍ മടക്കിനല്‍കാതായതോടെയാണ് പോപ്പുലര്‍ ഫിനാന്‍സിനെതിരെ പരാതികള്‍ ഉയര്‍ന്നുവന്നത്. നൂറുകണക്കിന് പരാതികള്‍ ഉയര്‍ന്നതോടെ തോമസ് ഡാനിയലും ഭാര്യയും ഒളിവില്‍ പോവുകയായിരുന്നു. കാലാവധി കഴിഞ്ഞ നിക്ഷേപങ്ങള്‍ മടക്കി നല്‍കാത്തതിന് കോന്നി പോലീസ് സ്റ്റേഷനില്‍ ഇരുവര്‍ക്കുമെതിരേ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.
അതേസമയം കോന്നി വകയാറിലുള്ള ആസ്ഥാനത്ത് ജപ്തി നടപടികള്‍ ആരംഭിച്ചു. നിക്ഷേപകര്‍ക്ക് ഈട് നല്‍കണമെന്നു കാട്ടി പത്തനംതിട്ട സബ് കോടതി സ്ഥാപനത്തില്‍ നോട്ടിസ് പതിച്ചു. രാവിലെ പത്തിനാണ് കോന്നി സിഐയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കെത്തിയത്. തൊട്ടുപിന്നാലെ കോടതിയില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി നോട്ടിസ് പതിച്ചു.
നാളെ ഓഫിസിനുമുന്നില്‍ നിക്ഷേപകര്‍ മാര്‍ച്ചും ധര്‍ണയും നടത്തും. സാമ്പത്തിക തട്ടിപ്പുകേസ് അടൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘംമാണ് അന്വേഷിക്കുന്നത്. 2000 കോടിയിലേറെ രൂപയുടെ തട്ടിപ്പുനടത്തി എന്നാണ് പ്രാഥമിക കണ്ടെത്തല്‍. വിവിധ സ്റ്റേഷനുകളിലായി മുന്നൂറില്‍പ്പരം പരാതികളാണ് ഇവര്‍ക്കെതിരെ ലഭിച്ചിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നു പ്രവര്‍ത്തനം സ്തംഭിച്ച പോപ്പുലര്‍ ഫിനാന്‍സ്, സബ് കോടതിയില്‍ പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഹര്‍ജി കോടതി അംഗീകരിച്ചാല്‍ രാജ്യത്തെ നിയമ നടപടികളില്‍ നിന്ന് സ്ഥാപന ഉടമകള്‍ക്ക് സംരക്ഷണം ലഭിക്കും. സ്ഥാപനത്തിന്റെ സ്വത്തുവകകള്‍ ജപ്തി ചെയ്തു നിക്ഷേപകര്‍ക്ക് കോടതി വഴി തുക വിതരണം ചെയ്യും.