CultureLIFE

മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഒരു സാംസ്കാരിക വായന, ഡോ. എൻ പി ചന്ദ്രശേഖരന്റെ പുസ്തകപ്രകാശനം മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചപ്പോൾ

 

മാധ്യമരംഗത്ത് സവിശേഷമുദ്ര പതിച്ച എന്റെ സഖാവും സുഹൃത്തുമാണ് എൻ പി ചന്ദ്രശേഖരൻ. വിദ്യാർഥിപ്രസ്ഥാന കാലത്ത് ഞങ്ങൾക്കെല്ലാം പ്രചോദനമായിരുന്നു, അതിമനോഹരമായി മുദ്രാവാക്യങ്ങളും ഏറ്റവും കാവ്യാത്മകമായി ലേഖനങ്ങളും എഴുതുന്ന ചന്ദ്രശേഖരൻ.

Signature-ad

അത്രയ്ക്ക് അനുഭവിപ്പിക്കുന്ന ഗദ്യമെഴുതുന്ന, വാക്കിന്റെ സൗന്ദര്യശാസ്ത്രം ഇത്രമാത്രം കയ്യിലുള്ള അധികംപേരില്ല. മാധ്യമ റിപ്പോർട്ടിങ്ങിനെപ്പോലും അത്രയ്ക്കും കലാചാരുതയുള്ളതാക്കുന്ന ആ വൈഭവം
ഒരുകാലത്തെ കലോത്സവ റിപ്പോർട്ടിങ്ങുകളിൽ കണ്ടിട്ടുണ്ട്.

ചന്ദ്രശേഖരൻ ഗവേഷണഭാഗമായെഴുതിയ പുസ്തകം പ്രകാശനംചെയ്യാൻ അവസരം ലഭിച്ചു. റെയ്മണ്ട് വില്യംസിന്റെയും ടെറി ഈഗിൾട്ടന്റെയും സ്റ്റുവർട്ട് ഹാളിന്റെയും പാത പിന്തുടർന്നുകൊണ്ടുള്ള വായനയാണ് ഈ പുസ്തകം.

എക്കാലത്തും സമൂഹത്തിന്റെ പൊതുമണ്ഡലസൃഷ്ടിയിൽ വലിയ പങ്കു വഹിക്കുന്നവയാണ് ആനുകാലികങ്ങൾ . പൊതുബോധസൃഷ്ടിയിൽ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് രാക്ഷസീയമായ രീതിയിൽ മാറിയിരിക്കുന്ന, ആസുരമായ സാധ്യതകൾ ഈ രംഗത്ത് ഉണ്ടായിവന്നിരിക്കുന്ന കാലത്ത്, രാഷ്ട്രീയനിലപാടുള്ള ഒരാൾ എങ്ങനെ കാര്യങ്ങളെ മനസ്സിലാക്കുകയും വിമർശാത്മകമായി വിലയിരുത്തുകയും ചെയ്യണം എന്നതിന്റെ വലിയ സൂചനകൾ നൽകുന്നതാണ് പുസ്തകം.

നമ്മുടെ വിമോചനപോരാട്ടത്തിന്റെ പ്രത്യേകഘട്ടത്തിൽ, ദേശീയ സമരങ്ങളിൽനിന്നും ഊർജ്ജമുൾക്കൊണ്ടുകൊണ്ട് ആരംഭിച്ച പ്രസ്ഥാനമാണ് മാതൃഭൂമി. കേരളത്തിന്റെ സാംസ്കാരികപൊതുമണ്ഡലത്തിൽ ഒരു പ്രൗഢ പാരമ്പര്യത്തിന്റെ പ്രതിനിധാനമായും, അതേസമയം, മേധാവിത്തസംസ്കാരം എന്ന് നമുക്ക് വിളിക്കാവുന്ന ഒന്നിന്റെ അടയാളമായും ആണത് എന്നും നിലകൊണ്ടിട്ടുള്ളത്. കേരളത്തിലെ സഹൃദയലോകത്തിന്റെയും എഴുത്തുകാരുടേയുമൊക്കെ ഭാഗത്തുനിന്ന് വിലയിരുത്തുമ്പോൾ മാതൃഭൂമി ആഴ്ചപ്പതിപ്പ് നൽകിയിട്ടുള്ള സംഭാവനകളെയോ, സമകാലത്ത് ആഴ്ചപ്പതിപ്പിന് വന്നിട്ടുള്ള മാറ്റങ്ങളെയോ ഒന്നും വിസ്‌മരിച്ചുകൊണ്ടല്ല ഇത് പറയുന്നത്.

അൽത്യൂസറിനെപ്പോലുള്ള സൈദ്ധാന്തികർ ചൂണ്ടിക്കാണിച്ചിട്ടുള്ളപോലെ, പ്രത്യയശാസ്ത്രപരമായ ഉപകരണമെന്ന രീതിയിൽ ആനുകാലികങ്ങൾ – വിശേഷിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പ് – എങ്ങനെ പ്രവർത്തിക്കുന്നു; എങ്ങനെയാണ് അഭിപ്രായ രൂപീകരണത്തിൽ അതിടപെട്ടത്; തമസ്കരണവും വക്രീകരണവും വലിയ രീതിയിൽ ഉപയോഗിക്കുന്ന മാധ്യമമേഖലയിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സവിശേഷമായ ഇടപെടലുകൾ ഓരോ ചരിത്രസന്ദർഭങ്ങളിലും ഏതേതു വിധത്തിലായിരുന്നു – ഇതെല്ലാം വളരെ വിശദമായിത്തന്നെ ചന്ദ്രശേഖരന്റെ പഠനം പരിശോധിക്കുന്നുണ്ട്.

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

മാധ്യമപ്രവർത്തനജോലിയ്ക്കിടയിൽ സാഹിതീയമായ ചന്ദ്രശേഖരന്റെ കഴിവുകൾ പൂർണ്ണമായ രീതിയിൽ സാക്ഷാത്കരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നത് സുവ്യക്തമാണ്. ഇനിയും സംഭാവനകൾ ചന്ദ്രശേഖരനിൽനിന്നും ലഭിക്കാനുണ്ട്. അതിനുള്ള അവസരം ഒരുപാടൊരുപാട് ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു.

Back to top button
error: