കൊച്ചി: മിസ് കേരള ഉള്‍പ്പെട്ട വാഹനാപകട കേസിലെ റിമാന്റ് റിപ്പോര്‍ട്ട് പുറത്ത്. നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ട് മോഡലുകള്‍ക്ക് മദ്യവും മയക്കുമരുന്നും നല്‍കിയെന്ന് പൊലീസ്. ഇത് പുറത്ത് വരാതിരിക്കാനാണ് ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചത്. ഇക്കാര്യം അന്വേഷണത്തില്‍ കണ്ടത്തിയെന്ന് പൊലീസിന്റെ റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡി ജെ പാര്‍ട്ടി നടന്നത് നമ്പര്‍ 18 ഹോട്ടലിന്റെ റൂഫ് ടോപ്പില്‍ ആണ്. റൂഫ് ടോപ്പിലെ ക്യാമറയിലെക്കുള്ള വൈദ്യുതി ഉച്ചക്ക് 3.45 ന് തന്നെ വിഛേദിച്ചിരുന്നു. തെറ്റായ ഉദ്ദേശ്യത്തോടെ യുവതികളോട് ഹോട്ടലില്‍ തങ്ങാന്‍ നിര്‍ബന്ധിച്ചു.പാര്‍ട്ടിക്കിടെ റോയിയും സൈജുവുമാണ് ഇതിനായി നിര്‍ബന്ധിച്ചത്. ഹോട്ടലിന് പുറത്തിറങ്ങിയപ്പോള്‍ സൈജുവും റോയിയും ഇക്കാര്യം സംസാരിച്ചു.ഇവിടെ തന്നെ ഒരു പാര്‍ട്ടി കൂടി കൂടാം എന്ന് പറഞ്ഞു.
കാര്‍ കുണ്ടന്നൂരിലെത്തിയപ്പോള്‍ സൈജു പിന്തുടരുന്നത് കണ്ട് റഹ്മാന്‍ വാഹനം നിര്‍ത്തി . അവിടെ വെച്ച് ഹോട്ടലിലോ ലോഡ്ജിലോ മുറി ബുക്ക് ചെയ്യാമെന്ന് സൈജു നിര്‍ബന്ധിച്ചു.യുവതികളും സുഹുത്തുക്കളും വഴങ്ങിയില്ല. പിന്നീട് അമിത വേഗതയില്‍ ഇരുകാറുകളും ചേസ് ചെയ്തു. പലവട്ടം പരസ്പരം മറികടന്നു. ഇതോടെയാണ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇടപ്പളളി വരെ എത്തിയ സൈജു തിരികെ എത്തിയപ്പോഴാണ് അപകടം കാണുന്നത്. തുടര്‍ന്ന് റോയിയെ ഫോണില്‍ വിളിച്ച് അറിയിച്ചു. റോയി മറ്റു പ്രതികളുമായി ചേര്‍ന്ന് ഹാര്‍ഡ് ഡിസ്‌ക് ഊരിമാറ്റി.പിന്നീട് റോയിയുടെ വീടിനടുത്തുള്ള കായലില്‍ ഡിസ്‌ക് വലിച്ചെറിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, പ്രോസിക്യൂഷന്റെ ഈ വാദമെല്ലാം കോടതി തള്ളുകയായിരുന്നു. പ്രഥമദൃഷ്ട്യാ ഒരു കുറ്റവും നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.നരഹത്യ, പ്രേരണ, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരുന്നത്. മജിസ്‌ട്രേറ്റ് വിധിക്കെതിരെ പൊലീസ് അപ്പീല്‍ പരിഗണിക്കുകയാണ്.