ന്യൂഡല്‍ഹി: വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ സ്കൂളുകളും വ്യവസായ ശാലകളും അടച്ചിടാനും ‘വര്‍ക്ക് ഫ്രം ഹോം’ ഏര്‍പ്പെടുത്താനും നിര്‍ദേശിച്ച് എയര്‍ ക്വാളിറ്റി മാനേജ്മെന്റ് കമ്മിഷന്.
ഡല്‍ഹിയിലെ അതിഗുരുതര സാഹചര്യം ചര്‍ച്ച ചെയ്യാന്‍ സുപ്രീം കോടതി നിര്‍ദേശം അനുസരിച്ച് ചേര്‍ന്ന എയര്‍ ക്വാളിറ്റി മാനേജ്മെന്റ് കമ്മിഷന് അടിയന്തര യോഗത്തിനു ശേഷം കമ്മിഷന് ഡല്‍ഹി, ഹരിയാന, രാജസ്ഥാന്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് നിര്‍ദേശം കൈമാറിയത്. നവംബര്‍ 21 വരെ ഡല്‍ഹിയിലെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ 50 ശതമാനം ഉദ്യോഗസ്ഥര്‍ക്ക് വര്‍ക് ഫ്രം ഹോം നല്‍കുക, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുക എന്നിവയാണ് 9 പേജുള്ള ഉത്തരവില്‍ പറയുന്നത്.
വായു മലിനീകരണം രൂക്ഷമായിട്ടും നടപടി സ്വീകരിക്കാത്തതിനെ സുപ്രീം കോടതി ശനിയാഴ്ച വിമര്‍ശിച്ചതിനു പിന്നാലെ സ്കൂളുകള്‍ അടയ്ക്കാനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്കി. അവശ്യസാധനങ്ങള്‍ കൊണ്ടുവരുന്ന ട്രക്കുകള്‍ ഒഴികെ മറ്റൊന്നും നവംബര്‍ 21 വരെ ഡല്‍ഹിയില്‍ പ്രവേശിക്കരുതെന്നും നിര്‍ദേശം നല്കി. ഡല്‍ഹി മേഖലയില്‍ അഞ്ച് തെര്‍മല്‍ പവര്‍ പ്ലാന്റുകള്‍ക്കു മാത്രമേ പ്രവര്‍ത്തനാനുമതിയുള്ളൂ.