Breaking NewsIndiaKeralaLead NewsNEWSNewsthen SpecialpoliticsSocial MediaTRENDING

‘മലയാളിയുടെ ഇംഗ്ലീഷ് ഞങ്ങള്‍ക്ക് അറിയാം’; അവര്‍ക്കു സംസാരിക്കാന്‍ താത്പര്യമല്ല, ഇംഗ്ലീഷില്‍ വാദം നടത്തുക എളുപ്പമല്ലെന്നും ജസ്റ്റിസ് സന്ദീപ് മേത്ത; വിവാഹ മോചനക്കേസ് ഇന്ത്യയിലെ ചര്‍ച്ചാവിഷയം

മലയാളികളുടെ ഇംഗ്ലിഷ് പരിജ്ഞാനത്തെ ചോദ്യംചെയ്ത് സുപ്രിംകോടതി. കേരളത്തില്‍ ഇംഗ്ലിഷ് വലിയ ബുദ്ധിമുട്ടാണെന്ന സുപ്രിംകോടതി ജസ്റ്റിസ് സന്ദീപ് മേത്തയുടെ പരാമര്‍ശം ചര്‍ച്ചയാകുന്നു. കേരളത്തിൽ നിന്നുള്ള വിവാഹമോചനക്കേസ് പഞ്ചാബിലേക്ക് മാറ്റണമെന്ന ഹർജി പരിഗണിക്കുന്നതിനിടയിലാണ് മേത്തയുടെ പരാമര്‍ശം. മലയാളികള്‍ക്ക് ഇംഗ്ലിഷ് അറിയാമെങ്കില്‍പ്പോലും അവര്‍ക്ക് സംസാരിക്കാന്‍ താല്‍പര്യമില്ലെന്നും അവിടെ ഇംഗ്ലിഷില്‍ വാദം നടത്തുക എളുപ്പമല്ലെന്നുമാണ് ജസ്റ്റിസ് പറഞ്ഞത്.

കോട്ടയം സ്വദേശിയുമായുള്ള വിവാഹമോചനക്കേസിലെ തുടർനടപടികൾ ലുധിയാനയിലേക്കു മാറ്റണമെന്ന പഞ്ചാബ് സ്വദേശിനിയുടെ ഹർജി പരിഗണിക്കവേയാണു മലയാളിയുടെ ഇംഗ്ലിഷ് പരിജ്ഞാനം ചര്‍ച്ചയായത്. കുട്ടിയുടെ കസ്റ്റഡിയും വിവാഹമോചനവുമായി ബന്ധപ്പെട്ട കേസാണ് പഞ്ചാബിലേക്ക് മാറ്റണമെന്ന് യുവതി ആവശ്യപ്പെട്ടത്. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.

Signature-ad

കേസ് കേരളത്തില്‍ നിന്നും പഞ്ചാബിലേക്ക് മാറ്റുന്നതിനെ ഭര്‍ത്താവിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് അൽജോ ജോസഫ് എതിര്‍ത്തു. കേരളത്തില്‍ കേസ് നടത്തുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും എല്ലാവര്‍ക്കും ഇംഗ്ലിഷ് അറിയാമെന്നുമാണ് അല്‍ജോ വാദിച്ചത്. എന്നാല്‍ ജസ്റ്റിസ് മേത്ത ഇതിനെ ശക്തമായി എതിർത്തു. ‘അവിടെ കാര്യങ്ങൾ വളരെ ബുദ്ധിമുട്ടാണ്. ഞങ്ങളോട് പറയേണ്ട, അവർക്ക് ഇംഗ്ലീഷ് അറിയാമെങ്കിൽ പോലും, സംസാരിക്കാൻ താല്പര്യപ്പെടുന്നില്ല’– കോടതി നിരീക്ഷിച്ചു.

എന്നാല്‍ കേരളം മറ്റു ഭാഷകളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാനമാണെന്നും അല്‍ജോ ജോസഫ് പറഞ്ഞു. അതേസമയം ഭാഷാപരമായ എളുപ്പമൊന്നും അനുമാനിക്കാനാവില്ലെന്നും കേരളത്തിലെ കാര്യം തങ്ങള്‍ക്കറിയാമെന്നും സന്ദീപ് മേത്ത ആവര്‍ത്തിച്ചു.

നിലവില്‍ ബ്രിട്ടനില്‍ ആണ് ഹര്‍ജിക്കാരിയായ യുവതി താമസിക്കുന്നത്. ഭാഷാപരമായ ബുദ്ധിമുട്ടുകൾ ഉൾപ്പെടെയുള്ള കാരണങ്ങളാൽ കേസിൽ കൃത്യമായി പങ്കെടുക്കാൻ തന്റെ കക്ഷിക്ക് സാധിക്കുന്നില്ലെന്നാണ് യുവതിക്കുവേണ്ടി ഹാജരായ അഡ്വക്കേറ്റ് കുനാൽ ആർ.ചോക്സി ബോധിപ്പിച്ചത്. ഇന്ത്യയിൽ യുവതിക്ക് വേണ്ടി കേസ് നടത്തുന്ന അമ്മയും സമാനമായ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.

2017-ൽ ആണ് ദമ്പതികള്‍ വിവാഹിതരായത്. 2023ലാണ് ബന്ധം വഷളായതിനെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി ഭര്‍ത്താവ് ഇന്ത്യയിലേക്ക് മടങ്ങിയത്. കഴിഞ്ഞ മൂന്ന് വർഷമായി കുട്ടി തന്നോടൊപ്പമാണെന്നും വാദം കേരളത്തില്‍ തന്നെ തുടരണമെന്നുമാണ് ഭര്‍ത്താവിന്റെ വാദം. ഈ വാദങ്ങളില്‍ തൃപ്തരാകാത്ത കോടതി ട്രാൻസ്ഫർ ഹർജി അനുവദിക്കുകയും കേരളത്തിൽ തീർപ്പാവാത്ത നടപടികൾ ലുധിയാനയിലെ കോടതിയിലേക്ക് മാറ്റാൻ ഉത്തരവിടുകയും ചെയ്തു.

#SupremeCourt, #Kerala, #EnglishLanguage, #JusticeSandeepMehta, #KeralaNews, #SupremeCourtRemark, #MalayaliEnglish, #DivorceCase, #SupremeCourtOfIndia, #KeralaHighCourt, #LudhianaCourt, #Punjab, #LanguageBarriers, #AdvocateAljoJoseph, #LegalNews, #CourtTransferPetition, #KeralaUpdates, #MalayalamNews, #TrendingKerala, #IndianJudiciary, #KottayamNews, #DailyhuntKerala, #GoogleNewsIndia

Back to top button
error: