കെകെ രാഗേഷ് അമൂൽ ബേബി, നേതാക്കളുടെ പെട്ടിയും തൂക്കി രാഷ്ട്രീയത്തിൽ എത്തപ്പെട്ടു, കെകെ ശൈലജ ടീച്ചറെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആക്കിയിരുന്നെങ്കിൽ തിരിച്ചടി ഉണ്ടാകില്ലായിരുന്നു… ‘ഡാഷ് മോനെ രേവന്ത’ പ്രയോഗം തിരിച്ചടിയായി, എംവി ഗോവിന്ദൻ പങ്കെടുക്കുന്ന പരിപാടികൾ ബഹിഷ്കരിക്കും, കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിടണം- തൃക്കരിപ്പൂർ ഏരിയാ കമ്മിറ്റി

കാസർകോട്: സിപിഎം തൃക്കരിപ്പൂർ ഏരിയാ കമ്മിറ്റി യോഗത്തിൽ കണ്ണൂർ ജില്ലാ കമ്മിറ്റിക്കും കെകെ രാഗേഷിനുമെതിരെ അതിരൂക്ഷ വിമർശനം. നിലവിലെ കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടില്ലെങ്കിൽ ചെന്നെത്തുക പാർട്ടിയുടെ അന്ത്യത്തിലേക്കായിരിക്കുമെന്ന് വിമർശനം. പയ്യന്നൂരിലെ സംഘടന വിഷയം തൃക്കരിപ്പൂരിലെ തോൽവിക്ക് പ്രധാന കാരണമായെന്നാണ് ഏരിയാ കമ്മിറ്റി യോഗത്തിലെ വിലയിരുത്തൽ.
അതുപോലെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെതിരെയും യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. കെകെ രാഗേഷ് നേതാക്കളുടെ പെട്ടി തൂക്കിവന്ന അമൂൽ ബേബിയാണെന്നാണ് യോഗത്തിലെ പരാമർശം. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുക്കുന്ന പരിപാടികൾ ബഹിഷ്കരിക്കുമെന്നും അംഗങ്ങൾ പറഞ്ഞു. പി ജയരാജനും കെ കെ ശൈലജയും നേതൃനിരയിലേക്ക് വരണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. പി ജയരാജൻ പങ്കെടുത്ത ഏരിയാ കമ്മിറ്റി യോഗത്തിലാണ് ഇത്തരത്തിൽ വിമർശനമുണ്ടായത്.
അതേസമയം കോഴിക്കോട് ജില്ലയിലെ ഏരിയാ കമ്മിറ്റി യോഗങ്ങളിലും രൂക്ഷ വിമർശനമാണ് ഉയരുന്നത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ മുഖ്യമന്ത്രിയുടെ ‘ഡാഷ് മോനെ രേവന്ത’ പ്രയോഗം തിരിച്ചടിയായെന്ന വിമർശനവും ഉയരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം ശൈലി ഒഴിവാക്കണമായിരുന്നുവെന്നും മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവായി തുടർന്നാൽ അടുത്ത തവണയും പാർട്ടിക്ക് തിരിച്ചു വരവുണ്ടാകില്ലെന്ന വിമർശനവുമുണ്ടായി.
എം വി ഗോവിന്ദനെതിരെയും കടുത്ത വിമർശനമുണ്ടായി. തളിപ്പറമ്പിൽ പി കെ ശ്യാമളയെ മത്സരിപ്പിച്ചതിലാണ് എം വി ഗോവിന്ദനെതിരെ വിമർശനമുണ്ടായത്. പേരാമ്പ്രയിൽ ടിപി രാമകൃഷ്ണനെ മത്സരിപ്പിക്കേണ്ടതില്ലായിരുന്നു എന്നും കെകെ ശൈലജ ടീച്ചറെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആക്കിയിരുന്നെങ്കിൽ തിരിച്ചടി ഉണ്ടാകില്ലായിരുന്നുവെന്നും അംഗങ്ങൾ പറഞ്ഞു.
ഇതിനിടെ പാർട്ടിക്കേറ്റ കനത്ത തോൽവിയുടെ കാരണങ്ങൾ കണ്ടെത്താൻ ചോദ്യാവലി തയ്യാറാക്കിയിരിക്കുകയാണ് സിപിഎം. ലോക്കൽ കമ്മിറ്റികൾക്കാണ് 34 ചോദ്യങ്ങളുൾപ്പെട്ട ചോദ്യാവലി നൽകിയിരിക്കുന്നത്. ഓരോ ലോക്കൽ കമ്മിറ്റിയും റിപ്പോർട്ട് തയ്യാറാക്കി ചർച്ച ചെയ്ത് ഉടൻ തന്നെ ഏരിയാ സെന്ററുകളിൽ എത്തിക്കാനാണ് നിർദേശം. പരാജയ കാരണം അണികളിൽ നിന്ന് കണ്ടെത്താനുളള ശ്രമത്തിന്റെ ഭാഗമായാണ് വിവിധ ഘടകങ്ങളിൽ നിന്ന് അഭിപ്രായം സ്വരൂപിക്കുന്നതിനായി ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്. ചോദ്യാവലിയിൽ പക്ഷെ നേതൃത്വത്തിനുണ്ടായ വീഴ്ച്ചയെക്കുറിച്ചോ ഭരണതലത്തിലുണ്ടായ വീഴ്ച്ചകളെക്കുറിച്ചോ ഉള്ള ചോദ്യങ്ങളില്ല എന്നാണ് അറിയുന്നത്.






