എസ്പി ചൈത്ര തെരേസയുടെ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തി, എസ്പിയെ ആലപ്പുഴയിൽ നിന്ന് സ്ഥലം മാറ്റി!! യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച നാല് ഗൺമാൻമാർക്കെതിരേയും നടപടി വരും, മർദനം ചട്ടവിരുദ്ധം-എസ്ഐടി റിപ്പോർട്ട്

തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള സദസിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ച സംഭവത്തിൽ നാല് ഗൺമാൻമാർക്കെതിരെ നടപടിവരും. ഗൺമാരുടെ മർദ്ദനം ചട്ടവിരുദ്ധമെന്ന റിപ്പോർട്ട് എസ്ഐടി ഉടൻ ഡിജിപിക്ക് കൈമാറും.
സംഭവം നടന്നയുടനെ ഗൺമാൻമാർക്കെതിരെ നടപടി വേണമെന്ന മുൻ ആലപ്പുഴ എസ്പിയുടെ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയിരുന്നു. യൂത്ത് കോൺഗ്രസുകാരെ മർദിച്ച ഗൺമാൻമാരുടെ നടപടി പോലീസിന് അവ മതിപ്പുണ്ടാക്കുന്നതെന്നായിരുന്നു എസ്പി ചൈത്ര തെരേസയുടെ റിപ്പോർട്ട്. എന്നാൽ എസ്പി ചൈത്ര തെരേസയുടെ റിപ്പോർട്ട് ഉണ്ടായിട്ടും ഗൺമാരായ അനിലിനെയും സന്ദീപിനെയും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്ന മുൻ മുഖ്യമന്ത്രി സംരക്ഷിച്ചു. റിപ്പോർട്ട് നൽകിയ ശേഷം ചൈത്ര തെരേസയെ ആലപ്പുഴയിൽ നിന്നും മാറ്റി. ഗൺമാൻമാർക്കെതിരെ എഫ്ഐആർ ഇട്ടപ്പോഴും സ്പെഷ്യൽ റിപ്പോർട്ട് ഡിജിപിക്ക് നൽകിയില്ല. രണ്ട് പേരും ഇപ്പോഴും പിണറായി വിജയനൊപ്പം തുടരുകയാണ്.
അതേസമയം എസിപി ഷൗക്കത്തലിയുടെ റിപ്പോർട്ട് വൈകാതെ കൈമാറും. ദൃശ്യങ്ങളിൽ പോലീസിൻ്റെ തെറ്റായ നടപടികൾ വ്യക്തമെന്ന് എസ്ഐടി അറിയിച്ചു. ദൃശ്യങ്ങളുടെ ആധികാരിതയിൽ സംശയമില്ലെന്നും എസ്ഐടി വ്യക്തമാക്കി. മുൻ എസ്പി ചൈത്ര തെരേസയുടെ റിപ്പോർട്ടും എസ്ഐടി പരിശോധിച്ചു.






