പെരിയ ഇരട്ടക്കൊലക്കേസ്, പ്രതികൾക്ക് പരോൾ അനുവദിച്ചതിൽ അടിയന്തര റിപ്പോർട്ട് തേടി ആഭ്യന്തരമന്ത്രി, പരോൾ അനുവദിച്ചത് സംബന്ധിച്ചുള്ള എല്ലാ വസ്തുകളും സമഗ്രമായി അന്വേഷിക്കാൻ നിർദേശം

കാസർകോഡ്: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചതിൽ അടിയന്തര റിപ്പോർട്ട് തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പരോൾ സംബന്ധിച്ച കാര്യങ്ങൾ അടിയന്തരമായി പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് ആഭ്യന്തരമന്ത്രി ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയോട് ആവശ്യപ്പെട്ടത്. പരോൾ അനുവദിച്ചത് സംബന്ധിച്ചുള്ള എല്ലാ വസ്തുകളും സമഗ്രമായി അന്വേഷിച്ചു എത്രയും വേഗം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുള്ളത്.
റിപ്പോർട്ട് ലഭിച്ച ശേഷം വസ്തുതകളുടെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. എൽഡിഎഫ് സർക്കാർ അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ജയിൽ വകുപ്പ് പ്രതികൾക്ക് പരോൾ നടപടികൾക്ക് അനുമതി നൽകിയത്. കേസിലെ ഒന്നാം പ്രതി ഉൾപ്പെടെ അഞ്ചു പ്രതികൾക്കാണ് നിലവിൽ പരോൾ ലഭിച്ചിരിക്കുന്നത്. അതിനിടെ, കേസിൽ പുനരന്വേഷണം വേണമെന്ന ആവശ്യവുമായി ശരത് ലാലിന്റെ കുടുംബം രംഗത്തെത്തിയിരുന്നു.
ഗൂഢാലോചനയിൽ പങ്കാളികളായവർ പുറത്തുണ്ടെന്നും അവരെ നിയമത്തിന് മുന്നിലെത്തിക്കാൻ പുനരന്വേഷണം കൊണ്ട് മാത്രമേ സാധിക്കൂ എന്നും ശരത് ലാലിന്റെ പിതാവ് സത്യനാരായണൻ പറഞ്ഞു. എൽഡിഎഫ് സർക്കാരിൽ നിന്ന് തങ്ങൾക്ക് നീതി ലഭിച്ചില്ല. കണ്ണൂർ സെൻട്രൽ ജയിലിൽ പ്രതികൾക്ക് സുഖവാസമായിരുന്നു. അതുകൊണ്ട് പ്രതികളെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റമെന്ന ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയെ കാണുമെന്നും സത്യനാരായണൻ പറഞ്ഞു.






