Breaking NewsIndiaLead NewsNEWSpoliticsSocial Media

തരം​ഗമായി പാറ്റ പാർട്ടി!! ​ഇൻസ്റ്റഗ്രാമിൽ സാക്ഷാൽ ബിജെപിയെ കടത്തിവെട്ടി ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയായ കോക്രോച്ച് ജനതാ പാർട്ടി; ഫോളോവേഴ്സ് ഒരുകോടി കവിഞ്ഞു!

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ ‘പാറ്റകളോട്’ ഉപമിച്ചുവെന്ന ആരോപണത്തെ തുടർന്നുണ്ടായ സോഷ്യൽ മീഡിയ പ്രതിഷേധം ഇപ്പോൾ വലിയ ആക്ഷേപഹാസ്യ രാഷ്ട്രീയ തരംഗമായി മാറുകയാണ്. അതിൽ നിന്നുയർന്ന ‘കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി) എന്ന പരിഹാസ രാഷ്ട്രീയ മുന്നണി സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യത നേടിക്കൊണ്ടിരിക്കുകയാണ്. പാർട്ടിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിനെ പിന്തുടരുന്നവരുടെ എണ്ണം ഇതിനോടകം ഒരുകോടി കടന്നിരിക്കുകയാണ്.

ഇതുവരെ വെറും അൻപതോളം പോസ്റ്റുകൾ മാത്രമേ പങ്കുവെച്ചിട്ടുള്ളൂവെങ്കിലും സിജെപി സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു. മീമുകളും ചെറു വീഡിയോകളും രാഷ്ട്രീയ പരിഹാസങ്ങളും ചേർന്ന ഉള്ളടക്കമാണ് യുവാക്കളെ കൂടുതൽ ആകർഷിക്കുന്നത്.“യുവാക്കൾക്കുവേണ്ടി യുവാക്കളാൽ തിരഞ്ഞെടുക്കപ്പെട്ട യുവാക്കളുടെ രാഷ്ട്രീയ മുന്നണി” എന്ന വരിയാണ് പാർട്ടിയുടെ ഇൻസ്റ്റഗ്രാം ബയോയിൽ ശ്രദ്ധ നേടുന്നത്.

Signature-ad

അഭിജീത് ദിപ്‌കെ എന്ന യുവാവാണ് ഈ വ്യത്യസ്ത രാഷ്ട്രീയ ആക്ഷേപഹാസ്യ സംരംഭത്തിന് പിന്നിൽ. ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ സ്ഥാപക പ്രസിഡന്റായി അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നുണ്ട്. സിജെപിക്കായി പ്രത്യേക വെബ്സൈറ്റും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. അതിലൂടെ ആർക്കും ‘പാർട്ടിയിൽ’ അംഗത്വമെടുക്കാനും ഡിജിറ്റൽ ക്യാമ്പെയ്‌നുകളുടെ ഭാഗമാകാനും സാധിക്കും.

സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡിന് രാഷ്ട്രീയ-സിനിമാ മേഖലകളിൽ നിന്നുമുള്ള നിരവധി പ്രമുഖരും പിന്തുണയറിയിച്ചിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് നേതാക്കളായ മഹുവ മൊയ്ത്ര, കീർത്തി ആസാദ്, സംവിധായകൻ അനുരാഗ് കശ്യപ്, നടിമാരായ കൊങ്കണ സെൻ ശർമ, ഇഷ ഗുപ്ത, ഫാത്തിമ സന ഷെയ്ഖ്, സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ കുനാൽ കമ്ര എന്നിവരാണ് ഇതിനകം ‘സിജെപി അംഗത്വം’ എടുത്തവരിൽ ശ്രദ്ധേയർ.

ഇൻസ്റ്റഗ്രാം ഫോളോവർമാരുടെ എണ്ണത്തിൽ ദേശീയ രാഷ്ട്രീയ പാർട്ടികളെയും സിജെപി പിന്നിലാക്കിത്തുടങ്ങിയിരിക്കുകയാണ്. നിലവിൽ ബിജെപിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിന് 87 ലക്ഷം ഫോളോവർമാരാണുള്ളത്. ഒരുകോടി എട്ട് ലക്ഷം ഫോളോവർമാരുമായി സിജെപി അതിനെ മറികടന്നുകഴിഞ്ഞു. ഇനി മുന്നിലുള്ളത് കോൺഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ടാണ്. കോൺഗ്രസിന് നിലവിൽ ഒരുകോടി 33 ലക്ഷം ഫോളോവർമാരാണുള്ളത്.

സോഷ്യൽ മീഡിയയുടെ കാലത്ത് യുവാക്കളുടെ അസ്വസ്ഥതയും പ്രതിഷേധവും എത്ര വേഗത്തിൽ ഡിജിറ്റൽ രാഷ്ട്രീയ പ്രസ്ഥാനങ്ങളായി മാറാമെന്നതിന്റെ പുതിയ ഉദാഹരണമായാണ് ‘കോക്രോച്ച് ജനതാ പാർട്ടി’യെ പലരും കാണുന്നത്. പരിഹാസത്തിൽ ആരംഭിച്ച ഈ ട്രെൻഡ് ഇപ്പോൾ ദേശീയ രാഷ്ട്രീയ ചർച്ചകളിലേക്കും കടന്നിരിക്കുകയാണ്.

Back to top button
error: