തൊഴില്‍രഹിതരായ യുവാക്കള്‍ പാറ്റകളെപ്പോലെ; വ്യവസ്ഥിതിയെ ആക്രമിക്കാന്‍ അവര്‍ മാധ്യമ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളുമാകുന്നു: സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; ‘സമൂഹത്തില്‍ മതിയായ പരാദങ്ങള്‍ ഉണ്ട്, അഭിഭാഷകര്‍ അവര്‍ക്കൊപ്പം കൂടരുത്’

ന്യൂഡല്‍ഹി: തൊഴില്‍രഹിതരായ യുവാക്കളെ ‘പാറ്റകളോട്’ ഉപമിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഇക്കൂട്ടരില്‍ ചിലര്‍ ‘മാധ്യമങ്ങളായും… സോഷ്യല്‍ മീഡിയയായും… ആര്‍ടിഐ ആക്ടിവിസ്റ്റുകളായും മാറി ‘വ്യവസ്ഥിതിയെ’ ആക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സീനിയര്‍ അഡ്വക്കേറ്റ് പദവി ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു അഭിഭാഷകന്, ആ പദവി നല്കാന് ഡല്‍ഹി ഹൈക്കോടതിക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പ്രകോപിതനായാണ് ചീഫ് ജസ്റ്റിസ് ഇപ്രകാരം പറഞ്ഞത്. ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി കൂടി ഉള്‍പ്പെട്ട ബെഞ്ചിലിരുന്ന സി.ജെ.ഐ, ‘വ്യവസ്ഥിതിക്കെതിരായ’ സോഷ്യല്‍ മീഡിയ പോസ്റ്റുകളെക്കുറിച്ച് ജഡ്ജിമാര്‍ ബോധവാന്മാരാണെന്ന് പറഞ്ഞു.
നീതിന്യായ വ്യവസ്ഥയെ ആക്രമിക്കുന്ന മതിയായ ‘പരാദങ്ങള്‍’ (parasites) സമൂഹത്തില്‍ നിലവിലുണ്ടെന്നും അഭിഭാഷകര്‍ അവരോടൊപ്പം കൈകോര്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു.
‘വ്യവസ്ഥിതിയെ ആക്രമിക്കുന്ന പരാദങ്ങള്‍ സമൂഹത്തില്‍ നേരത്തെ തന്നെയുണ്ട്, നിങ്ങള്‍ അവര്‍ക്കൊപ്പം ചേരാന്‍ ആഗ്രഹിക്കുന്നുണ്ടോ? തൊഴിലൊന്നും ലഭിക്കാത്ത, തൊഴിലില്‍ ഒരിടവും ഇല്ലാത്ത പാറ്റകളെപ്പോലെയുള്ള യുവാക്കളുണ്ട്. അവരില്‍ ചിലര്‍ മാധ്യമങ്ങളാകുന്നു, ചിലര്‍ സോഷ്യല്‍ മീഡിയയാകുന്നു, ചിലര്‍ വിവരാവകാശ പ്രവര്‍ത്തകരാകുന്നു, ചിലര്‍ മറ്റ് ആക്ടിവിസ്റ്റുകളാകുന്നു, എന്നിട്ട് അവര്‍ എല്ലാവരെയും ആക്രമിക്കാന്‍ തുടങ്ങുന്നു… നിങ്ങളെപ്പോലെയുള്ളവര്‍ കോടതി അലക്ഷ്യ ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നു,’ ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഡല്‍ഹിയിലെ വലിയൊരു വിഭാഗം നിയമ ബിരുദങ്ങള്‍ വ്യാജമായിരിക്കാമെന്ന ആശങ്ക പ്രകടിപ്പിച്ച സി.ജെ.ഐ, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (BCI) നടപടിയൊന്നും സ്വീകരിക്കാത്തതിനാല്‍ ഇക്കാര്യത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.
താന്‍ മൂന്നാം തവണയാണ് സുപ്രീം കോടതിയെ സമീപിക്കുന്നതെന്ന് ഹര്ജിക്കാരന് ബെഞ്ചിനെ അറിയിച്ചു. അപേക്ഷകള്‍ വേഗത്തില്‍ പുനഃപരിശോധിക്കണമെന്ന പരമോന്നത കോടതിയുടെ മുന്‍ നിര്‍ദ്ദേശം പാലിക്കുന്നതില്‍ ഹൈക്കോടതി പരാജയപ്പെട്ടുവെന്നും അപേക്ഷകള്‍ മാറ്റിവെക്കുകയോ നിരസിക്കുകയോ ചെയ്തുവെന്നും അദ്ദേഹം വാദിച്ചു.
സീനിയര്‍ പദവി നല്‍കുന്നതിനുള്ള അഭിമുഖങ്ങള്‍ നിലവില്‍ നടന്നുവരികയാണെന്ന് ഹൈക്കോടതിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഡ്വക്കേറ്റ് രാജശേഖര്‍ റാവു പറഞ്ഞു.
‘ലോകം മുഴുവന്‍ സീനിയര്‍ പദവിക്ക് അര്‍ഹരായിരിക്കാം, പക്ഷേ കുറഞ്ഞത് നിങ്ങളല്ല. നിങ്ങളുടെ പ്രൊഫഷണല്‍ പെരുമാറ്റം കണക്കിലെടുത്ത് ഹൈക്കോടതി നിങ്ങളെ സീനിയര്‍ ആക്കിയാല്‍ തന്നെ ഞങ്ങള്‍ അത് റദ്ദാക്കും’- തന്റെ അതൃപ്തി വ്യക്തമാക്കിക്കൊണ്ട് ചീഫ് ജസ്റ്റിസ് ഹര്‍ജിക്കാരനോടു പറഞ്ഞു.
ഹര്ജിക്കാരന് മറ്റ് കേസുകളൊന്നുമില്ലേയെന്ന് ജസ്റ്റിസ് ബാഗ്ചി അത്ഭുതപ്പെട്ടു. ‘നിങ്ങള്‍ക്ക് മറ്റ് കേസുകളൊന്നുമില്ലേ? ഒരു സീനിയര്‍ ഗൗണ്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരാളുടെ നിലവാരമാണോ ഇത്?’ അദ്ദേഹം ചോദിച്ചു. ‘അനാവശ്യമായ ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതില്‍ ഏര്‍പ്പെടുന്നു’ എന്നും ഹര്‍ജി തള്ളിക്കൊണ്ട് ബെഞ്ച് ഉത്തരവില്‍ പറഞ്ഞു.
തുടര്‍ന്ന് അഭിഭാഷകന് മാപ്പ് ചോദിക്കുകയും ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ബെഞ്ച് അത് അംഗീകരിച്ചു. ‘ഞാന്‍ ചില കാര്യങ്ങള്‍ക്കായി കാത്തിരിക്കുകയാണ്… അവരുടെ എല്‍.എല്‍.ബി ബിരുദങ്ങള്‍ സി.ബി.ഐ പരിശോധിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, ഡല്‍ഹിയിലെ ഭൂരിഭാഗവും… തീസ് ഹസാരിയിലെ… ബി.സി.ഐ ഒരിക്കലും ഇത് ചെയ്യില്ല… അവര്‍ക്ക് വോട്ടുകള്‍ വേണം… കറുത്ത കോട്ടിട്ട ആയിരക്കണക്കിന് ആളുകള്‍ വ്യാജന്മാരാണ്… അവരുടെ ബിരുദങ്ങളുടെ ആധികാരികതയില്‍ എനിക്ക് കടുത്ത സംശയമുണ്ട്. സി.ബി.ഐ തന്നെ എന്തെങ്കിലും ചെയ്യേണ്ടി വരും. ബി.സി.ഐ ഒരിക്കലും ചെയ്യില്ല, കാരണം അവര്‍ പൂര്‍ണമായും ഒത്തുകളിയിലാണ്’- തുടര്‍ന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
#SupremeCourt, #CJI, #SuryaKant, #JusticeSuryaKant, #Judiciary, #IndianLaw, #Lawyers, #CBI, #BarCouncilOfIndia, #FakeDegree, #DelhiHighCourt, #LegalNewsIndia, #BreakingNews, #JusticeSystem, #CockroachRemark, #UnemployedYouth, #RTIActivists, #SocialMediaAttacks, #ParasitesOfSociety, #SeniorAdvocate, #LegalProfession, #LawDegreeVerification, #TisHazari, #CourtContempt, #മോദി, #യുഎഇ, #ഇന്ത്യയുഎഇബന്ധം, #പ്രതിരോധം, #ഊർജ്ജം, #സാമ്പത്തികനേട്ടം, #സുപ്രീംകോടതി, #ചീഫ്ജസ്റ്റിസ്, #നിയമം, #യുവജനത, #വിവാദപരാമർശം, #കേരളം, #മലയാളംവാർത്ത, #നീതിന്യായം, #വ്യാജബിരുദം






