സർവ്വേയ്ക്ക് പോയ ഏഴംഗ സംഘം കാട്ടിനുള്ളിൽ കുടുങ്ങി;മൊബൈൽഫോൺ റേഞ്ചില്ലാത്തതിനാൽ ബന്ധപ്പെടാനാവുന്നില്ല; തിരച്ചിൽ ഊർജ്ജിതം

പേരാമ്പ്ര: ഡിജിറ്റൽ സർവേക്കായി പോയ ഏഴംഗസംഘം പൂഴിത്തോട് വനമേഖലയിൽ കുടുങ്ങി. നാല് സർവേയർമാരും മൂന്ന് ഫോറസ്റ്റ് വാച്ചർമാരുമാണ് കാട്ടിൽ വഴിതെറ്റി കുടുങ്ങിക്കിടക്കുന്നത്. സർവേയർമാരായ അരുൺ, ഭരത്, പ്രശാന്ത്, അഖിൽ എന്നിവരും ഫോറസ്റ്റ് വാച്ചർമാരായ രവി, ബാലൻ, ഷാരോൺ എന്നിവരുമാണ് സംഘത്തിലുള്ളത്.
ഇവർ തിരിച്ചെത്തേണ്ടിയിരുന്നത് കരിങ്കണ്ണി ചൂതുപാറയിലെ ഫോറസ്റ്റ് ബേസ് ക്യാമ്പിലേക്കായിരുന്നു. എന്നാൽ വൈകിയിട്ടും സംഘം മടങ്ങിയെത്താതിരുന്നതിനാൽ വനംവകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ ആരംഭിച്ചു. മൊബൈൽ ഫോൺ റേഞ്ചില്ലാത്ത പ്രദേശമായതിനാൽ ഇവരുമായി ബന്ധപ്പെടാനും കഴിഞ്ഞില്ല. രാത്രി വൈകിയതോടെ തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്യുന്നുണ്ട്.
വ്യാഴാഴ്ച രാവിലെ കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി തിരച്ചിൽ പുനരാരംഭിക്കുമെന്ന് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എ.സി. സുധീന്ദ്രൻ അറിയിച്ചു. കരിങ്കണ്ണി, കക്കയം, വയനാട് മേഖലകളിൽനിന്ന് മൂന്ന് സംഘങ്ങളായാണ് തിരച്ചിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ പോലീസിന്റെയും അഗ്നിരക്ഷാസേനയുടെയും സഹായവും തേടുമെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ജില്ലയുമായി അതിർത്തി പങ്കിടുന്ന വനമേഖലയിലാണ് ഡിജിറ്റൽ സർവേ നടക്കുന്നത്. അതിർത്തിപ്രദേശത്തേക്കാണ് സംഘം ബുധനാഴ്ച രാവിലെ ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട് കരിങ്കണ്ണി വഴി പോയത്.
ബുധനാഴ്ച വൈകീട്ട് 3.56-നാണ് സംഘവുമായി അവസാനമായി ബന്ധപ്പെടാനായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അന്ന് പരുന്തുംപാറ ഭാഗത്തേക്ക് എത്താൻ നിർദേശം നൽകിയിരുന്നു. പിന്നീട് ബന്ധം പൂർണമായും നഷ്ടപ്പെട്ടു. പ്രദേശം ഫോറസ്റ്റ് വാച്ചർമാർക്ക് പരിചിതമാണെങ്കിലും സംഘം വഴിതെറ്റിയതാകാമെന്നാണ് നിഗമനം.
രാത്രിയിൽ പ്രദേശത്ത് മഴ പെയ്യുന്നതും ആശങ്ക ഉയർത്തുന്നുണ്ട്. ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ സഞ്ചരിക്കുന്ന മേഖലയായതിനാൽ രാത്രികാല തിരച്ചിൽ ദുഷ്കരമാണെന്ന് അധികൃതർ വ്യക്തമാക്കി. വൈകീട്ട് സംഘം തിരിച്ചെത്താത്തതോടെയാണ് വഴിതെറ്റിയതായി ഉറപ്പിച്ചത്. പോലീസിന്റെയും അഗ്നിരക്ഷാസേനയുടെയും സഹായത്തോടെ സംയുക്ത തിരച്ചിലിനുള്ള ഒരുക്കങ്ങളും രാത്രിയിൽ പൂർണമായി നടത്താനായില്ല.
വ്യാഴാഴ്ചത്തെ വ്യാപക തിരച്ചിലിൽ സംഘത്തെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഇതിന് മുൻപും കക്കയം വനമേഖലയിൽ സർവേ സംഘം വനത്തിൽ കുടുങ്ങിയ സംഭവം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം കാവിലുംപാറ പഞ്ചായത്തിൽ സർവേ സംഘത്തിലെ ഒരാളെ പാമ്പുകടിച്ച സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. പാമ്പുകടിയേറ്റ സന്തോഷ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതികൂല സാഹചര്യങ്ങൾ മറികടന്നാണ് വനമേഖലകളിൽ ഡിജിറ്റൽ സർവേ സംഘം പ്രവർത്തനം നടത്തുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.






