അരനൂറ്റാണ്ടിനു ശേഷം കാസർകോടിന്റെ മണ്ണിൽ നിന്ന് രണ്ട് യുഡിഎഫ് എംഎൽഎമാർ…സന്ദീപ് വാര്യർ, കെ. നീലകണ്ടൻ

കാസർകോട്: അരനൂറ്റാണ്ടിനു ശേഷം കാസർകോടിന്റെ ഇടതുപക്ഷ ഭൂമികയിൽ ചരിത്രം തിരുത്തിയെഴുതി കോൺഗ്രസ്. കാസർകോട്ടെ ഇടതു കോട്ടയിൽ വിള്ളൽ വീഴ്ത്തി ഉദുമയിൽ നിന്ന് കെ. നീലകണ്ടനും തൃക്കരിപ്പൂരിൽ നിന്ന് സന്ദീപ് വാര്യരും ഇത്തവണ കാസർകോട് നിന്ന് നിയമസഭയിൽ എത്തും.
കാസർകോടിന്റെ ചരിത്രം പരിശോധിച്ചാൽ ജില്ലയിൽ 1987ലെ വിജയത്തിനു ശേഷം മഷിയിട്ടു നോക്കിയാൽ കോൺഗ്രസിന്റെ ഒരു എംഎൽഎയെ പോലും കാണുവാനുണ്ടായിരുന്നില്ല. 1987ൽ രണ്ട് എംഎൽഎമാരായിരുന്നു ജില്ലയിൽ കോൺഗ്രസിന് ഉണ്ടായിരുന്നത്. ഉദുമയിൽ നിന്ന് കെ.പി. കുഞ്ഞിക്കണ്ണനും അന്നത്തെ ഹൊസ്ദുർഗ് മണ്ഡലത്തിൽ നിന്ന് എൻ. മനോഹരൻ മാസ്റ്ററും.
1991ലെ തെരഞ്ഞെടുപ്പോടെ ഇടതുകോട്ടയായി തുടങ്ങി. പിന്നീട് കോൺഗ്രസിന് അഭിമാനിക്കാമെന്ന് പറയുന്ന പ്രകടനം ഉണ്ടായത് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ആയിരുന്നു. രാജ്മോഹൻ ഉണ്ണിത്താൻ ജില്ലയിൽ നിന്ന് ലോക്സഭയിലെത്തിയത്. എന്നാൽ ഇന്ന് 1987ന് സമാനമാണ്, ഇത്തവണയും രണ്ടുപേരാണ് നിയമസഭയിൽ എത്തുക.






