നമ്മൾ ജയിച്ചു അപ്പാ… പോസ്റ്റ്!! സൈക്കിൾ ചവിട്ടി അപ്പന്റെ റെക്കോർഡും മറികടന്ന് ചാണ്ടി ഉമ്മൻ വീണ്ടും നിയമസഭയിലേക്ക്… ജയം 52907 വോട്ടിന്

പുതുപ്പള്ളിയിലെ മിന്നും വിജയത്തിനു ശേഷം ചാണ്ടി ഉമ്മൻ ഇങ്ങനെ കുറിച്ചു, നമ്മൾ ജയിച്ചു അപ്പാ… പുതുപ്പള്ളിയിലെ ഇത്തവണത്തെ വിജയം അത് ചാണ്ടി ഉമ്മന് മാത്രം അവകാശപ്പെട്ടതാണ്. രാവിലെ ഒരു സൈക്കിളുമായി വീടു കയറിയിറങ്ങി വോട്ടു ചോദിച്ചു, പ്രായമായവരെന്നോ ചെറുപ്പക്കാരെന്നോ കുട്ടികളെന്നോ വ്യത്യാസമില്ല. സ്വന്തം മണ്ഡലത്തിൽ കൂടാതെ മറ്റു സ്ഥാനാർഥികൾക്കായും സൈക്കിൾ ചവിട്ടി, മണ്ഡലത്തിൽ ഒരൊറ്റ ഫ്ലക്സോ പോസ്റ്ററോ പോലുമില്ല.
കേരളം ഇതുവരെ കണ്ടിട്ടില്ലാതെ സൈക്കിൾ യാത്രയിൽ പുതുപ്പള്ളി നൽകിയത് റെക്കോർഡ് ഭൂരിപക്ഷം. 52907 വോട്ടിനാണ് പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ ജയിച്ചത്. പ്രചാരണത്തിൽ പണം പിശുക്കിയെങ്കിലും പുതുപ്പള്ളിക്കാർ ഒരു പിശുക്കും കാണിച്ചില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം പറയുന്നത്.
പല മണ്ഡലത്തിലും കോടികളാണ് സ്ഥാനാര്‍ഥികൾ പ്രചാരണത്തിനു ചെലവഴിച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം പരമാവധി 40 ലക്ഷം രൂപ ചെലവഴിക്കാമെന്നാണ്. എന്നാല്‍ ചാണ്ടി ഉമ്മന്റെ പ്രചാരണത്തിന് അത്രയും തുക പോലുമായിട്ടില്ലെന്ന് ഉറപ്പ്.
അതേസമയം അരനൂറ്റാണ്ടുകാലം ഉമ്മൻചാണ്ടിയെ മാത്രം നിയമസഭയിലേക്ക് അയച്ച മണ്ഡലം അദ്ദേഹത്തിന്റെ മരണശേഷമാണ് മകൻ ചാണ്ടി ഉമ്മന്റെ കൈ പിടിച്ചത്. 2023 ലെ ഉപതെരഞ്ഞെടുപ്പിൽ ആദ്യമായി മത്സരത്തിനിറങ്ങിയ ചാണ്ടി ഉമ്മൻ മണ്ഡലം നിലനിർത്തി. അന്ന് സഹതാപ തരംഗത്തിലാണ് ലീഡ് 37,719 എടുത്തതെന്ന് പറഞ്ഞവർക്ക് ഇന്ന് പറയാൻ വാക്കുകളില്ല. 2021ൽ ഉമ്മൻ ചാണ്ടി നേടിയതിനേക്കാൾ കൂടുതൽ വോട്ടുകൾ അന്ന് നേടിയെങ്കിൽ 3 വർഷത്തിനിപ്പുറം ഇതുവരെ പുതുപ്പള്ളി കാണാത്ത ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മൻ നിയമസഭയിലേക്ക് സൈക്കിൾ ഹാൻഡിൽ തിരിക്കുന്നത്.






