Breaking NewsKeralaLead NewsNEWS

മരിച്ചെന്നു വിധിയെഴുതി പോസ്റ്റ്‌മോർട്ടം ഹാളിലേക്കു കൊണ്ടുപോയി, അവിടെവച്ച് ആരോ എന്റെ കൈ അനങ്ങുന്നത് കണ്ടു…100 കഷ്ണം കല്ലുകളാണ് ശരീരത്തിൽനിന്ന് എടുത്തത്‌, പത്തു വർഷമായിട്ടും ചെരിപ്പ് ഇടാൻ പറ്റില്ല!! ഇപ്പോഴും കേസിൽ പ്രതിയാണ്… പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ നിന്ന് രക്ഷപ്പെ‌ട്ട കണ്ണൻ

തിരുവനന്തപുരം: ഓരോ വെടിക്കെട്ട് ശബ്ദവും കണ്ണനെ കൊണ്ടുപോവുക ആ പോസ്റ്റ്മോർട്ടം ടേബിലിലേക്കാണ്… ‘‘ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ എനിക്ക് 45% പൊള്ളലേറ്റിരുന്നു. അത്യാഹിത വിഭാഗത്തിൽ എത്തിച്ചപ്പോൾ മരിച്ചെന്നു വിധിയെഴുതി പോസ്റ്റ്‌മോർട്ടം നടത്തുന്ന ഹാളിലേക്കു കൊണ്ടുപോയി. അവിടെവച്ച് ആരോ എന്റെ കൈ അനങ്ങുന്നതും കൈയിൽനിന്നു ചോര വരുന്നതും കണ്ടു. പെട്ടെന്ന് ഐസിയുവിലേക്കു മാറ്റുകയായിരുന്നു’’ – 110 പേർ മരിച്ച പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തത്തിൽനിന്നു അദ്ഭുതകരമായി രക്ഷപ്പെട്ട കണ്ണൻ നടുക്കുന്ന ഓർമകൾ പങ്കുവച്ചതിങ്ങനെ…

2016 ഏപ്രിൽ 10നാണ് കൊല്ലത്തെ പുറ്റിങ്ങൽ ക്ഷേത്രത്തിൽ വൻ വെടിക്കെട്ട് അപകടത്തിൽ 110 പേർ മരിക്കുകയും മുന്നൂറിലേറെ പേർക്കു പരുക്കേൽക്കുകയും ചെയ്തത്. ഇപ്പോൾ കഴക്കൂട്ടം മഹാദേവ ക്ഷേത്രത്തിലെ താൽക്കാലിക ജീവനക്കാരനാണ് കണ്ണൻ. മത്സരക്കമ്പങ്ങളും വെടിക്കെട്ടുകളും പൂർണമായും ഒഴിവാക്കണമെന്നാണു തന്റെ അഭിപ്രായമെന്നും പുറ്റിങ്ങൽ അപകടം നടന്ന് 10 വർഷത്തിനിപ്പുറം കണ്ണൻ പറഞ്ഞു.

Signature-ad

‘‘ഞാൻ അന്ന് വെടിക്കെട്ട് തൊഴിലാളി ആയിരുന്നു. അപകട ദിവസം വെളുപ്പിനു മൂന്നരയ്ക്ക് അമിട്ടും കൊണ്ടു പോകുമ്പോഴാണ് കമ്പപ്പുരയിലേക്കു തീപ്പൊരി വീണ് പൊട്ടിത്തെറി ഉണ്ടാകുന്നത്. പൊട്ടിത്തെറിച്ചതിനു ശേഷം എന്താണ് ഉണ്ടായതെന്ന് എനിക്ക് ഓർമയില്ല. അഞ്ചു ദിവസം കഴിഞ്ഞാണ് ബോധം തെളിഞ്ഞത്. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചപ്പോൾ മരിച്ചുവെന്നാണ് പറഞ്ഞത്. തുടർന്ന് പോസ്റ്റ്‌മോർട്ടം ചെയ്യാനായി ഹാളിൽ എത്തിച്ചപ്പോഴാണ് കൈ അനങ്ങുന്നത് ആരോ കണ്ടത്. കൈയിൽനിന്ന് ചോര ഒഴുകുന്നുണ്ടായിരുന്നു. ഉടൻ എന്നെ ഐസിയുവിലേക്കു മാറ്റി. 45% പൊള്ളലേറ്റിരുന്നു. അന്ന് 100 കഷ്ണം കല്ലുകളാണ് ശരീരത്തിൽനിന്ന് എടുത്തത്. പത്തു വർഷമായിട്ടും ചെരിപ്പ് ഇടാൻ പറ്റില്ല. ഇപ്പോഴും കേസിൽ പ്രതിയാണ്…

ബോധം വന്നശേഷം പൊള്ളലിന്റെ വേദന ഓർക്കാൻ പോലും കഴിയാത്തത്ര അസഹനീയമായിരുന്നു. ഒരു തീപ്പെട്ടിക്കൊള്ളിയിൽനിന്നു പൊള്ളിയാൽ പോലും നമുക്ക് അറിയാം. അന്ന് ബോധം തെളിയുമ്പോൾ പലയിടത്തും വല്ലാതെ പൊള്ളലേറ്റ നിലയിൽ കിടക്കുകയായിരുന്നു. പിന്നീട് ഡോക്ടർമാർ എത്തി മുറിവ് ഡ്രസ് ചെയ്യുമ്പോഴാണ് ശരിക്കും നരകം കാണുന്നത്. 15 ദിവസത്തോളം മുറിവുകൾ വൃത്തിയാക്കി മരുന്നു വയ്ക്കുമ്പോഴത്തെ വേദന ഓർക്കാൻ പോലും പറ്റില്ല’’ – അന്നത്തെ ദുരന്തം ഓർത്തെടുത്ത് കണ്ണൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: