ജീവനക്കാർ സ്ട്രോങ് റൂമിൽ കയറുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ട് യുഡിഎഫ്, കയറിയത് പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകൾ സൂക്ഷിച്ച സീൽ ചെയ്യാത്ത മുറിയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എൻകോർ സോഫ്റ്റ്വെയറിലെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ- റിട്ടേണിംഗ് ഓഫീസർ

കോഴിക്കോട്: കോഴിക്കോട് സ്ട്രോങ്ങ് റൂം തുറന്നസംഭവത്തിൽ അട്ടിമറി സംശയിക്കുന്നതായി ആവർത്തിച്ച് യുഡിഎഫ്. തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ശ്രമം നടന്നതായും സംഭവത്തിൽ അങ്ങേയറ്റം ദുരൂഹത സംശയിക്കുന്നുവെന്നും കോൺഗ്രസ് നേതാക്കളായ എംകെ രാഘവൻ, ഡിസിസി അധ്യക്ഷൻ പ്രവീൺകുമാർ തുടങ്ങിയ നേതാക്കൾ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നേതാക്കൾ.
കൂടാതെ ജീവനക്കാർ സ്ട്രോങ് റൂമിൽ കയറുന്ന ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടു. പോലീസ് സുരക്ഷയിലാണ് ജീവനക്കാർ അകത്തുകയറിയത്. എന്നാൽ ജീവനക്കാർ പ്രവേശിച്ചതിൽ പിഴവ് ഉണ്ടെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ പറഞ്ഞു.
അതേസമയം കോൺഗ്രസ് ആരോപണം തള്ളി പേരാമ്പ്ര റിട്ടേണിംഗ് ഓഫീസർ രംഗത്തെത്തി. ജെഡിടിയിലെ സ്‌ട്രോങ്ങ് റൂം തുറന്നു എന്ന രീതിയിൽ വരുന്ന വാർത്തകൾ തെറ്റാണെന്ന് പേരാമ്പ്ര റിട്ടേണിംഗ് ഓഫീസർ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എൻകോർ സോഫ്റ്റ്വെയറിലെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനായി, പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകൾ സൂക്ഷിച്ച സീൽ ചെയ്യാത്ത മുറിയാണ് തുറന്നത്, അതും സ്ഥാനാർത്ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിൽ തുറന്നത്. ആശയക്കുഴപ്പം മൂലമാകാം നേതാക്കൾ പരാതി ഉന്നയിച്ചതെന്നുമാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളോ പോസ്റ്റൽ ബാലറ്റുകളോ സൂക്ഷിച്ച മുറി അല്ല തുറന്നതെന്നും റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.
ഇതിനിടെ സ്ട്രോങ്ങ് റൂമിന് സമീപം ഒരു സ്പെയർ റൂം ഇത് അടയ്ക്കണം. സുരക്ഷ പൂർണമായും ബിഎസ്എഫിനെ ഏൽപ്പിക്കണമെന്നും യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു. അതേസമയം, സ്ട്രോങ്ങ് റൂമിന് സമീപത്തെ റൂം തുറക്കുന്ന കാര്യം റിട്ടേണിംഗ് ഓഫീസർ അറിയിച്ചിരുന്നുവെന്ന് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തെഹ്ലിയ പറഞ്ഞു. രാവിലെ എട്ടു മണിക്കാണ് വിളിച്ച് അറിയിച്ചത്. 9 മണിക്ക് എത്തണമെന്ന് ആവശ്യപ്പെട്ടു. താൻ എത്തുമ്പോഴേക്കും റൂം തുറക്കാനുള്ള നടപടി കഴിഞ്ഞിരുന്നുവെന്നും ഏജൻ്റിൻ്റെ സാന്നിധ്യത്തിലായിരുന്നു തുറന്നതെന്നും ഫാത്തിമ്മ തഹ്ലിയ പറഞ്ഞു.






