നിനക്ക് എന്നെ ഇഷ്ടമല്ലേ? ഞാൻ നിന്റെ ഭർത്താവിനേക്കാൾ സുന്ദരനാണ്, എന്റെ കൂടെ പുറത്തുവരൂ… എന്തെങ്കിലും സംഭവിച്ചാലും ആരും അറിയില്ല’, ടിസിഎസില്‍ അനുഭവിക്കേണ്ടിവന്ന പീഡനങ്ങള്‍ വെളിപ്പെടുത്തി യുവ

നാസിക്: ടാറ്റ കൺസൾട്ടൻസി സർവീസസിന്‍റെ നാസിക് ബിപിഒ യൂണിറ്റിൽ ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകര്‍ക്കെതിരെ ആരോപണവുമായി യുവതി. ലൈംഗിക അതിക്രമം, പിന്തുടരുക , മോശമായ രീതിയിലുള്ള സ്പർശനം, മതപരമായ അധിക്ഷേപം എന്നിവ ചൂണ്ടിക്കാട്ടി യുവതി നൽകിയ വിശദമായ പോലീസ് പരാതിയുടെ വിവരങ്ങൾ ഇന്ത്യാ ടുഡേ പുറത്തുവിട്ടു. 2025 ജൂൺ 20നാണ് യുവതി ടിസിഎസിൽ അസോസിയേറ്റായി ചേരുന്നത്. ജൂൺ 24 ന് ഷാരൂഖ് ഖുറേഷിയുടെയും മറ്റൊരു സഹപ്രവർത്തകന്‍റെയും കീഴിൽ പരിശീലനം ആരംഭിച്ചതായും മൊഴിയിൽ പറയുന്നു.
ഈ കാലയളവിൽ ലോൺസ് ഡിപ്പാർട്ട്‌മെന്റിലെ ടീം ലീഡറായ റസ മേമൻ ഔപചാരികമായ ഒരു റോളും ഇല്ലാതിരുന്നിട്ടും പരിശീലന മുറിയിൽ ഇടയ്ക്കിടെ കയറി വ്യക്തിപരവും അശ്ലീലവുമായ പരാമർശങ്ങൾ നടത്താറുണ്ടായിരുന്നുവെന്ന് അവർ ആരോപിക്കുന്നു. “ഭർത്താവ് സ്ഥലത്തില്ലാത്തപ്പോൾ നീ എങ്ങനെയാണ് ഒറ്റയ്ക്ക് കഴിയുന്നത്? നിനക്ക് പേടിയില്ലേ? എന്ത് സഹായത്തിനും ഞാൻ തയ്യാറാണ്” എന്ന് മേമൻ നിരന്തരം ചോദിച്ചിരുന്നതായി യുവതി ആരോപിക്കുന്നു.
തങ്ങളുടേത് പ്രണയവിവാഹമായിരുന്നോ അറേഞ്ച്ഡ് മാര്യേജായിരുന്നോ എന്ന് റാസ മേമനും ഷാരൂഖ് ഖുറേഷിയും ചോദിക്കുകയും അവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തു.ഓഫീസിൽ വെച്ച് മേമൻ യുവതിയെ ‘പ്ലെയർ’ എന്ന അശ്ലീല അർഥമുള്ള വിളിപ്പേര് നൽകിയാണ് അഭിസംബോധന ചെയ്തിരുന്നത്.യുവതിയുടെ തൊട്ടടുത്ത് വന്ന് നിന്ന് കൊണ്ട്, “ഞാനാണ് നിന്‍റെ ഭർത്താവിന്‍റെ സ്ഥാനത്തെങ്കിൽ നിന്നെ ഇങ്ങനെ തനിച്ചാക്കി പോകില്ലായിരുന്നു” എന്ന് മേമൻ പറഞ്ഞതായും പരാതിയിൽ വ്യക്തമാക്കുന്നു. പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം പരാതിക്കാരി 2025 സെപ്റ്റംബറിൽ ഓൺ-ദി-ജോബ് പരിശീലനത്തിലേക്കും പിന്നീട് ഒരു പ്രൊഡക്ഷൻ റോളിലേക്കും മാറി.
ഈ കാലയളവിൽ, മറ്റൊരു ടീമിലെ അസോസിയേറ്റായ ആസിഫ് അൻസാരി ഇടയ്ക്കിടെ തന്നെ സമീപിക്കാൻ തുടങ്ങിയെന്നും സമ്മതമില്ലാതെ തന്‍റെ അടുത്ത് വന്നിരിക്കാൻ തുടങ്ങിയെന്നും പരാതിയിൽ പറയുന്നു. “അയാൾ മനഃപൂർവം എന്‍റെ ശരീരത്തിൽ സ്പർശിക്കുമായിരുന്നു, എന്‍റെ കൈ പിടിക്കാൻ ശ്രമിക്കുമായിരുന്നു, എന്‍റെ തുടയിലോ തോളിലോ കൈ വയ്ക്കുമായിരുന്നു” യുവതി പറഞ്ഞു. ഒരിക്കൽ അയാൾ തന്നെ ബലപ്രയോഗത്തിലൂടെ കെട്ടിപ്പിടിച്ചതായും കൂട്ടിച്ചേർത്തു.
വിവാഹിതയാണെന്ന് അറിഞ്ഞിട്ടും അൻസാരി തന്നോട് വിവാഹാഭ്യർത്ഥന നടത്തിയെന്നും പരാതിക്കാരി ആരോപിച്ചു . “നിനക്ക് എന്നെ ഇഷ്ടമല്ലേ? ഞാൻ നിന്റെ ഭർത്താവിനേക്കാൾ സുന്ദരനാണ്. എന്റെ കൂടെ പുറത്തുവരൂ… എന്തെങ്കിലും സംഭവിച്ചാലും ആരും അറിയില്ല” എന്നും പറഞ്ഞു. ഉച്ചഭക്ഷണ ഇടവേളകളിൽ അൻസാരി യുവതിയെ സമീപിക്കുകയും അടുത്തിരിക്കുകയും, “നിനക്ക് എന്തെങ്കിലും ശാരീരിക ആവശ്യങ്ങൾ ഉണ്ടെങ്കിൽ, ഞാൻ അത് നിറവേറ്റിത്തരാം” തുടങ്ങിയ പരാമർശങ്ങൾ നടത്തുകയും ചെയ്യാറുണ്ടെന്ന് പരാതിയിൽ ആരോപിക്കുന്നു. തൗസീഫ് അത്താർ എന്ന ജീവനക്കാരൻ പഠിപ്പിക്കാനെന്ന വ്യാജേന ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നും യുവതി പറയുന്നു. കഴിഞ്ഞ മാര്‍ച്ചിൽ ഗുഡി പദ്‌വ ആഘോഷത്തിനിടെ റസ മേമൻ യുവതിയുടെ സാരിയിൽ പിന്നിൽ നിന്ന് പിടിച്ചു വലിച്ചതായും പരാതിയിലുണ്ട്.






