ഹോര്‍മൂസ് സംഘര്‍ഷ ഭരിതമാകുമ്പോള്‍ വീണ്ടും തെളിയുന്ന പാത; ജി20യില്‍ പിറന്ന ഇന്ത്യ-മിഡില്‍ ഈസ്റ്റ്- യൂറോപ്യന്‍ ഇക്കണോമിക് കൊറിഡോര്‍ പുനര്‍ജീവനത്തിലേക്ക്; പ്രത്യാശയില്‍ ഏഴു രാജ്യങ്ങള്‍; പണികള്‍ തുടങ്ങിവച്ച് ഇന്ത്യയും യുഎഇയും

ന്യൂഡല്‍ഹി: പരമ്പരാഗത വ്യാപാര പാതകള്‍ തുടര്‍ച്ചയായി യുദ്ധത്തിന്റെ പിടിയിലായി അനിശ്ചിതത്വത്തിലായതോടെ നിര്‍ദിഷ്ട ഇന്ത്യ- മിഡില്‍ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോര്‍ (IMEC) ശ്രദ്ധയിലേക്ക്. ഇടനാഴിയില്‍ നിന്ന് ഏറ്റവും അകലെയുള്ള രാജ്യമാണെങ്കിലും യഥാര്‍ത്ഥ കരാറിലെ അംഗമായ യുഎസ്, ഐമെക്കിനെക്കുറിച്ച് ആഭ്യന്തര ചര്‍ച്ചകള്‍ തുടങ്ങി.
2023 സെപ്റ്റംബറില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിയുടെ ഭാഗമായി വലിയ ആഘോഷങ്ങളോടെയാണ് ഇടനാഴി വിഭാവനം ചെയ്തത്. ഇന്ത്യ, യുഎഇ, യുഎസ്, സൗദി അറേബ്യ, ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, യൂറോപ്യന്‍ യൂണിയന് എന്നീ ഏഴ് രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്.
‘ഐമെക്കിന്റെ സാമ്പത്തിക സാധ്യതകള്‍ മറ്റൊന്നിനോടും താരതമ്യം ചെയ്യാനാകില്ല. നമ്മുടെ രാഷ്ട്രീയവും സുരക്ഷാപരവുമായ താല്‍പ്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ഒരു വഴി കൂടിയാണിത്. വ്യാപാര പാതകളെയും ചരക്ക് നീക്കത്തെയും ബാധിക്കുന്ന ഒരു പോയിന്റിലെ പരാജയം എത്രത്തോളം അപകട സാധ്യതയുള്ളതാണെന്ന് മുന്പത്തേക്കാളും ഇപ്പോള്‍ നമ്മള് തിരിച്ചറിയുന്നു’ എന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ഡെയ്ന്‍ ജോണ്‍സ്റ്റണ്‍ പറഞ്ഞു.
നിര്‍ദ്ദിഷ്ട ഇടനാഴി ആദ്യഘട്ടത്തില്‍, സൂയസ് കനാല്‍ വഴിയോ അല്ലെങ്കില്‍ കേപ്പ് ഓഫ് ഗുഡ് ഹോപ്പ് വഴിയോ ഉള്ള നിലവിലുള്ള കടല്‍ പാതകള്‍ക്ക് പകരമായി മിഡില്‍ ഈസ്റ്റ് വഴി ഇന്ത്യയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന പുതിയ ഗതാഗത പാതയാണ് വിഭാവനം ചെയ്തത്.
സൗദി അറേബ്യയും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ ആരംഭിക്കാനുള്ള സാധ്യതയെ ആശ്രയിച്ചായിരുന്നു പദ്ധതി. ഈജിപ്റ്റിന്റെ നിയന്ത്രണത്തിലുള്ള സൂയസ് കനാലിനെ മറികടക്കാനും സഹായിച്ചിരുന്നു. എന്നാല്‍, ഐമെക്ക് പ്രഖ്യാപനം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളിലാണ് 2023 ഒക്ടോബര്‍ 7-ന് ഹമാസ് ഇസ്രായേലിനെതിരെ ആക്രമണം നടത്തിയത്. ഇതു രണ്ടുവര്‍ഷത്തോളം മേഖലയെ സംഘര്‍ഷത്തിലേക്കു നയിച്ചു. 2025 ജൂണിലും പിന്നീട് ഈ വര്‍ഷം ഫെബ്രുവരി അവസാനത്തിലും ഇറാനെതിരെ യുഎസും ഇസ്രായേലും നടത്തിയ ആക്രമണങ്ങളോടെ മേഖല വീണ്ടും സംഘര്‍ഷത്തിലേക്കു വീണു.
‘പശ്ചിമേഷ്യയെക്കുറിച്ചുള്ള യുഎസിന്റെ ശുഭാപ്തി വിശ്വാസത്തില്‍നിന്നാണ് ഐമെക്ക് വിഭാവനം ചെയ്തത്. വ്യാപാരത്തിലും സാമ്പത്തിക ബന്ധങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ സൗദിയും ഇസ്രയേലും തമ്മില്‍ രാഷ്ട്രീയ ധാരണയുണ്ടാക്കാനും സഹായിക്കുമായിരുന്നു. എന്നാല്‍, ആഴ്ചകള്‍ക്കുശേഷം ഹമാസ് ആക്രമണങ്ങള്‍ തുടങ്ങി. ജോ ബൈഡന് ഭരണകൂടം മേഖലയിലെ സാഹചര്യത്തെ എത്രമാത്രം തെറ്റായി വായിച്ചു എന്നതിലേക്കാണ് ഇതു വെളിച്ചം വീശിയത്’- ന്യൂഡല്‍ഹി ആസ്ഥാനമായുള്ള കൗണ്‍സില്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഡിഫന്‍സ് റിസര്‍ച്ചിലെ (സിഎസ്ഡിആര്‍) സീനിയര്‍ റിസര്‍ച്ച് അസോസിയേറ്റ് ബഷീര്‍ അലി അബ്ബാസ് പറഞ്ഞു.
ഇന്ത്യ-യുഎഇ ‘അടിസ്ഥാന ഘട്ടം’
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. യുഎഇയുമായുള്ള സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലാണ് ശ്രദ്ധ. ഇതാണ് പദ്ധതിയുടെ ‘അടിസ്ഥാന ഘട്ടം’. ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറാണ് ഇതില്‍ നടക്കുന്ന അധികം ശ്രദ്ധിക്കപ്പെടാത്ത ഒരു പ്രധാന പ്രവര്‍ത്തനം. വ്യാപാര സൗകര്യങ്ങള്‍ സുഗമമാക്കുന്നതിന് ന്യൂഡല്‍ഹിയും അബുദാബിയും ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മ്മിക്കാന്‍ നീക്കം നടത്തിയിട്ടുണ്ട്. ഇത് പിന്നീട് ഇടനാഴിയിലുടനീളം വ്യാപിപ്പിക്കാന്‍ കഴിയും.
‘ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റും തമ്മിലുള്ള ഇടനാഴി ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. വ്യാപാരം സുഗമമാക്കുന്നതിന് ഇരു ഗവണ്മെന്റുകളും തമ്മില്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്’- ഈ വിഷയവുമായി ബന്ധപ്പെട്ട ഒരാള്‍ പറഞ്ഞു.
2024-ല്‍ ഇന്ത്യയും യുഎഇയും ഐമെക് പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്റര്ഗവണ്മെന്റല് ഫ്രെയിംവര്‍ക്ക് അഗ്രിമെന്റ് (IGFA) പ്രഖ്യാപിച്ചു. ഉഭയകക്ഷി വ്യാപാരം സുഗമമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, ആ വര്‍ഷം സെപ്റ്റംബറില്‍ ഇരുരാജ്യങ്ങളും ചേര്‍ന്ന് ‘വെര്‍ച്വല്‍ ട്രേഡ് കോറിഡോര്‍’ (VTC) സോഫ്റ്റ് ലോഞ്ച് ചെയ്തു. ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനമായ റൈറ്റ്സ് (Rites), സി-ഡാക്കുമായി (C-DAC) സഹകരിച്ച് വികസിപ്പിച്ചെടുത്ത ‘മൈത്രി’ (MAITRI) എന്ന മിഡില്‍വെയര്‍ സോഫ്റ്റ്വെയര് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്.
ഇന്ത്യയും യുഎഇയും തമ്മിലുള്ള കസ്റ്റംസ്, ലോജിസ്റ്റിക്സ്, റെഗുലേറ്ററി പ്രക്രിയകളെ ഒരൊറ്റ ഡിജിറ്റല്‍ സിസ്റ്റത്തിലേക്ക് സംയോജിപ്പിക്കുക എന്നതാണ് വിടിസി ലക്ഷ്യമിടുന്നത്. ഇത് നിലവിലുള്ള വ്യാപാര തടസങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.
‘യുഎഇ പ്രോജക്റ്റിനെ പോസിറ്റീവായാണ് കാണുന്നത്. അവര്‍ ഭൗമരാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളെ അടിസ്ഥാനപരമായി പരിഗണിക്കുന്നുണ്ടെങ്കിലും ഇന്ത്യയുമായുള്ള മൊത്തത്തിലുള്ള ഡിജിറ്റല്‍, ഭൗതിക ഇന്‍ഫ്രാസ്ട്രക്ചര്‍ ശക്തിപ്പെടുത്താന്‍ വളരെയധികം താല്‍പ്പര്യപ്പെടുന്നു. ഉഭയകക്ഷിപരമായി ഇത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കും. ഇന്‍ഫ്രാസ്ട്രക്ചറും ഡിജിറ്റല്‍ ഇക്കോസിസ്റ്റവും സൃഷ്ടിച്ചു കഴിഞ്ഞാല്‍, അത് ബാക്കി ഐമെക്കിലേക്ക് വ്യാപിപ്പിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാകില്ല’- ഒബ്സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന് (ORF) മിഡില്‍ ഈസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കബീര്‍ തനേജ പറഞ്ഞു.
‘ഇന്ത്യ-യുഎഇ ബന്ധം അടിസ്ഥാനപരമായതാണ്. സാഹചര്യം മെച്ചപ്പെടുമ്പോള്‍, ഈ അടിസ്ഥാന ഇന്‍ഫ്രാസ്ട്രക്ചര്‍ എളുപ്പത്തില്‍ വ്യാപിപ്പിക്കാന്‍ കഴിയും. ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിന് രണ്ട് കാരണങ്ങളാല്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്. ഇത് ഭാവിയില്‍ ഗുണഫലങ്ങള്‍ നല്കുന്ന തരത്തിലുള്ള ഒന്നാണ്. കൂടാതെ രണ്ടോ മൂന്നോ രാജ്യങ്ങളെ ആശ്രയിക്കാത്തതിനാല്‍ ഇത് എളുപ്പത്തില്‍ നിര്‍മിക്കാനും കഴിയും.’-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിര്‍ദ്ദിഷ്ട ഐമെക്കിനുള്ളിലെ രാജ്യങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് യുഎഇയും സൗദി അറേബ്യയും തമ്മില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി നയതന്ത്ര ബന്ധങ്ങള്‍ വഷളായതിനാല്‍ ഏകോപനം ഇപ്പോഴും വെല്ലുവിളിയാണ്.
യമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള നിലവിലെ ഗവണ്മെന്റിന്റെ പ്രധാന പിന്തുണക്കാരായിരുന്നു ഈ രണ്ട് രാജ്യങ്ങളും. ജനുവരിയില്‍ സഖ്യത്തില്‍ വിള്ളലുണ്ടായി. സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ (എസ്ടിസി) നേതാവ് ഐദാരസ് അല്‍-സൗബൈദി യമനില്‍ നിന്ന് യുഎഇയിലേക്ക് പെട്ടെന്ന് പോയതിന് അബുദാബിയാണ് സഹായിച്ചതെന്ന് റിയാദ് ആരോപിച്ചു.
റിയാദ് പിന്തുണയുള്ള പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സിലിന്റെ (PLC) ഭാഗമായിരുന്നു എസ്ടിസി. അല്‍-സൗബൈദിയുടെ കീഴില്‍, തെക്കന്‍ യമനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വേര്‍പെടുത്താന്‍ എസ്ടിസി ശ്രമിച്ചിരുന്നു.
‘ആശയം സജീവമായി നിലനിര്‍ത്തുന്നു’
ഇന്ത്യയും യുഎഇയും പദ്ധതിയെ ഉഭയകക്ഷിപരമായി നടപ്പാക്കുന്നതിലാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇടനാഴി കൂടുതല്‍ രൂപം കൊള്ളുമ്പോള്‍ വലിയ തോതില്‍ വ്യാപിപ്പിക്കാന്‍ കഴിയുന്ന വിധത്തില്‍ ഡിജിറ്റല്‍ ഇക്കോസിസ്റ്റം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ‘നിലവിലെ ഭൗമരാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ കാരണം വിവിധ രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു ജിയോപൊളിറ്റിക്കല്‍ നിര്‍മ്മിതി ഉണ്ടാക്കുക എന്നത് വളരെ ബുദ്ധിമുട്ടായിരിക്കും. എന്നിരുന്നാലും, പേപ്പര്‍ വര്‍ക്കുകള്‍ ലഘൂകരിക്കല്‍, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, തത്സമയ വിവര കൈമാറ്റം എന്നിവ വലിയ ഇടനാഴിയില്‍ ചേര്‍ക്കാന്‍ കഴിയും’ -തനേജ പറഞ്ഞു.
2032-ഓടെ ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാരം 200 ബില്യണ്‍ ഡോളറായി ഇരട്ടിയാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കയറ്റുമതിയും ഇറക്കുമതിയും പ്രോത്സാഹിപ്പിക്കുന്നതിന് ഇരു ഗവണ്മെന്റുകളും നിരവധി തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശന വേളയില്‍ 2024-ല്‍ എമിറാത്തി ലോജിസ്റ്റിക്സ് ദാതാക്കളായ ഡിപി വേള്‍ഡ് ദുബായില്‍ ‘ഭാരത് മാര്‍ട്ട്’ ആരംഭിച്ചു. വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളിലെയും ചെറുകിട ഇടത്തരം സംരംഭങ്ങളെ (MSMEs) ബന്ധിപ്പിക്കാനും ഇരു ഗവണ്മെന്റുകളും ശ്രമിച്ചിട്ടുണ്ട്.
വിവിധ ഇന്ത്യ-യുഎഇ സംരംഭങ്ങള്‍ ഉഭയകക്ഷി വ്യാപാരം പ്രോത്സാഹിപ്പിക്കുമ്പോള്‍ തന്നെ, ഭാവിയില്‍ ഐമെക് എങ്ങനെ പ്രവര്‍ത്തിക്കുമെന്നതിന്റെ ഒരു ബ്ലൂപ്രിന്റ് കൂടിയായി ഇത് പ്രവര്‍ത്തിക്കുന്നുവെന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട വ്യക്തി വിശദീകരിച്ചു. ഇരുരാജ്യങ്ങളുടെയും ഇത്തരം നീക്കങ്ങള്‍ യൂറോപ്പിലേക്കുള്ള പദ്ധതിയുടെ വിപുലീകരണ സമയം കുറയ്ക്കാന്‍ സഹായിക്കും.
ഐമെക് കേവലം ഭൗതിക ഇന്‍ഫ്രാസ്ട്രക്ചര്‍ മാത്രമല്ല, മറിച്ച് ‘നിയമം, നിയന്ത്രണം, നയം എന്നിവയുടെ തടസമില്ലാത്ത സംയോജനം’ കൂടിയാണെന്ന് തനേജ ചൂണ്ടിക്കാട്ടി. ‘ഉദാഹരണത്തിന്, യൂറോപ്പിലേക്കുള്ള കണ്ടെയ്നറുകളുടെ തടസമില്ലാത്ത നീക്കത്തിന് ലഘൂകരിക്കപ്പെട്ട കസ്റ്റംസ് നിയന്ത്രണങ്ങള്‍ ആവശ്യമാണ്. ഇത് പ്രധാനമായും റെഗുലേറ്ററി സ്വഭാവമുള്ളതാണ്. പേപ്പര്‍ വര്‍ക്കുകള്‍ ഏകീകൃതവും ലളിതവുമാക്കുന്നതിലൂടെ ഇന്ത്യയില്‍ നിന്നുള്ള കണ്ടെയ്നര്‍ യൂറോപ്പിലേക്ക് ഷിപ്പ് ചെയ്യുന്നത് വരെയുള്ള വ്യാപാര സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ കഴിയും’- അദ്ദേഹം വിശദീകരിച്ചു. ചരക്കുകളുടെ വേഗത്തിലുള്ള നീക്കത്തിന് സഹായിക്കുക എന്നതാണ് നിലവില്‍ യുഎസിന്റെയും മറ്റ് ഗവണ്മെന്റുകളുടെയും ശ്രദ്ധ.
#IMEC, #IndiaMiddleEastEuropeCorridor, #TradeRoute, #Geopolitics, #IndiaUAE, #EconomicCorridor, #GlobalTrade, #WestAsia, #SupplyChain, #Logistics, #DigitalInfrastructure, #NarendraModi, #DonaldTrump, #BharatMart, #StraitOfHormuz, #StrategicPartnership, #GlobalEconomy, #MalayalamNews, #IndiaNews, #InternationalRelations, #RITES, #CDAC, #VirtualTradeCorridor, #VTC, #MSME, #ഐമെക്, #ഇന്ത്യയുഎഇ, #വ്യാപാരപാത, #മലയാളംവാർത്ത, #സാമ്പത്തികരംഗം, #നരേന്ദ്രമോദി, #പശ്ചിമേഷ്യ, #ജി20






