ചിറ്റൂരിൽ എൽഡിഎഫ്- ബിജെപി ഡീൽ? എൽഡിഎഫ് സ്ഥാനാർഥിക്ക് ഫേസ്ബുക്ക് വഴി വോട്ടഭ്യർഥിച്ച് ബിജെപി സ്ഥാനാർഥി… മിനിറ്റുകൾക്കുള്ളിൽ പിൻവലിച്ചെങ്കിലും സ്ക്രീൻഷോട്ടുകൾ സാമൂഹ മാധ്യമങ്ങളിൽ വൈറൽ… പേജ് ഹാക്ക് ചെയ്തോയെന്ന് അറിയില്ല- നിഷേധിച്ച് പ്രണേഷ് രാജേന്ദ്രൻ

പാലക്കാട്: ചിറ്റൂർ നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് അഭ്യർത്ഥിച്ച് ബിജെപി സ്ഥാനാർഥിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് വൈറൽ. ബിജെപി സ്ഥാനാർഥി പ്രണേഷ് രാജേന്ദ്രന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് എൽഡിഎഫ് സ്ഥാനാർഥി അഡ്വ. വി. മുരുകദാസിന് വോട്ട് നൽകണമെന്ന് ആവശ്യപ്പെടുന്ന കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. മിനിറ്റുകൾക്കുള്ളിൽ പോസ്റ്റ് നീക്കം ചെയ്തെങ്കിലും ഇതിന്റെ സ്ക്രീൻഷോട്ടുകൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എൽഡിഎഫ് സ്ഥാനാർഥി വി. മുരുകദാസിന്റെ ചിഹ്നമായ ‘മോതിരത്തിന്’ വോട്ട് ചെയ്യണമെന്നും വികസനത്തിന്റെ തുടർച്ചയ്ക്കായി എൽഡിഎഫിന് വോട്ട് നൽകണമെന്നും പോസ്റ്റിലൂടെ പ്രവർത്തകരോട് ആഹ്വാനം ചെയ്യുന്നു. കൂടാതെ, യുഡിഎഫ് മണ്ഡലത്തിൽ തരംതാഴ്ന്ന രാഷ്ട്രീയ പ്രവർത്തനമാണ് നടത്തുന്നതെന്നും ജനാധിപത്യത്തെ പരിഹസിക്കുന്ന കോൺഗ്രസ് നാടകത്തിന് ചിറ്റൂർ മറുപടി നൽകുമെന്നും പോസ്റ്റിൽ പറയുന്നു.
അതേസമയം ഈ സംഭവം ബിജെപിയും എൽഡിഎഫും തമ്മിലുള്ള രഹസ്യ ധാരണയുടെ പരസ്യമായ തെളിവാണ് എന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാർഥി സുമേഷ് അച്യുതൻ രംഗത്തെത്തി. മണ്ഡലത്തിൽ എൽഡിഎഫ്- ബിജെപി ‘ഡീൽ’ നടക്കുന്നുണ്ടെന്ന തങ്ങളുടെ വാദങ്ങൾ ഇതോടെ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് യുഡിഎഫ് ക്യാമ്പ് പ്രതികരിച്ചു.
സംഭവം വിവാദമായതോടെ വിശദീകരണവുമായി ബിജെപി സ്ഥാനാർത്ഥി പ്രണേഷ് രാജേന്ദ്രൻ രംഗത്തെത്തി. തന്റെ അറിവോ, സമ്മതമോ ഇല്ലാതെയാണ് ഇത്തരമൊരു പോസ്റ്റ് വന്നതെന്നും ഇതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പേജ് ഹാക്ക് ചെയ്യപ്പെട്ടതാണോ അതോ ആരെങ്കിലും ബോധപൂർവ്വം കെട്ടിച്ചമച്ചതാണോ എന്ന് പരിശോധിക്കുമെന്നും സംഭവത്തിൽ പോലീസിൽ പരാതി നൽകുമെന്നും പ്രണേഷ് അറിയിച്ചു.





