ബിഹാറില്‍ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോകപ്പെട്ട മാധ്യമപ്രവര്‍ത്തകനും വിവരാവകാശ ആക്ടിവിസ്റ്റുമായ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ബിഹാറിലെ മധുബനി ജില്ലയിലാണ് സംഭവം. പ്രാദേശിക വാര്‍ത്ത പോര്‍ട്ടല്‍ നടത്തുന്ന ബുദ്ധിനാഥ് ഝാ(22) എന്നയാളാണ് കൊല്ലപ്പെട്ടത്.
മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ ക്ലിനിക്കുകളെ കുറിച്ച് ബുദ്ധിനാഥ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട് രണ്ടുദിവസങ്ങള്‍ക്കു ശേഷമാണ് ഇയാളെ കാണാതായത്. ബുദ്ധിനാഥിന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വ്യാജ ക്ലിനിക്കുകള്‍ അടച്ചുപൂട്ടുകയും ചിലതിന് വന്‍ പിഴ ചുമത്തുകയും ചെയ്തിരുന്നു.
ഇത്തരം റിപ്പോര്‍ട്ടുകള്‍ ചെയ്യരുത് എന്നാവശ്യപ്പെട്ട് ലക്ഷങ്ങള്‍ കൈക്കൂലി വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും ആളുകള്‍ ബുദ്ധിനാഥിനെ സമീപിച്ചിരുന്നു. എന്നാല്‍ ഇവയൊന്നും ബുദ്ധിനാഥിനെ പിന്തിരിപ്പിച്ചില്ല.
തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയാണ് ബേനിപാട്ടിയിലെ വീട്ടില്‍ നിന്നും ബുദ്ധിനാഥിനെ കാണാതായത്. പോലീസ് സ്റ്റേഷന്റെ 400 മീറ്റര്‍ അകലെയാണ് അദ്ദേഹം താമസിച്ചിരുന്നത്.
ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല. മൊബൈല്‍ഫോണും ഓഫായ നിലയിലായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ബുദ്ധിനാഥിന്റേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തിയെന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്.
കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം റോഡരികിൽ തള്ളിയ നിലയിലായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ശനിയാഴ്ച സംസ്കരിച്ചു.