മസ്കറ്റ്: ഒമാനിൽ മിന്നൽ പ്രളയത്തെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ രണ്ട് മലയാളികൾ മരിച്ചു. തൃത്താല, കൂറ്റനാട് സ്വദേശികളായ തച്ചറത്തൊടിയിൽ യൂസഫ് (38) തൃത്താല കോട്ടപ്പാടം സ്വദേശി മാളിയേക്കൽ ഷംല (32) എന്നിവരാണ് മരിച്ചത്. മാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് ഷംല. യൂസഫിന്റെ മാതാവ് റംലയെ അപകടത്തിൽ കാണാതായി. റംലയ്ക്കായി തിരച്ചിൽ തുടരുന്നു. ഇവർ യൂസഫിന്റെ കുടുംബത്തിനൊപ്പം പെരുന്നാളാഘോഷത്തിന്റെ ഭാഗമായി യാത്ര പോയതായിരുന്നു. ഒഴുക്കിൽപ്പെട്ട വാഹനത്തിൽ 9 പേരാണ് ഉണ്ടായിരുന്നത്.
മസ്‌കറ്റിലെ പ്രധാന വാണിജ്യ കേന്ദ്രമായ ഖുറം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലാണ്. കനത്ത മഴയെത്തുടർന്ന് മസ്‌കറ്റിലെ അമറാത്ത്–ബൗഷർ മലമ്പാത താൽക്കാലികമായി അടച്ചു. സൗത്ത് അൽ ബത്തിനയിലെ വാദി അൽ മാവലിലാണ് അപകടമുണ്ടായത്. മഴ കനക്കുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിലൂടെയുള്ള യാത്രകൾക്ക് ഒമാൻ നിയന്ത്രണം ഏർപ്പെടുത്തി.
മുസന്ദം, അൽ ബുറൈമി, അൽ ദാഹിറ, നോർത്ത് അൽ ബത്തിന എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയും പ്രളയസാധ്യതയും നിലനിൽക്കുന്നുവെന്നാണ് കാലാവസ്ഥാ നിരീക്ഷകർ അറിയിക്കുന്നത്.





