ഇസ്രായേലിൻ്റെ അയൺ ഡോമിനെ പോലും പറ്റിക്കാൻ കഴിവുള്ള “ഡാൻസിംഗ് മിസൈൽ” അഥവാ ‘സെജ്ജിൽ’ മിസൈൽ ആദ്യമായി യുഎസ് സൈനിക താവളങ്ങൾക്കു നേരെ പ്രയോഗിച്ച് ഇറാൻ!! എന്താണ് ഷഹാബ് മിസൈൽ കുടുംബത്തിലെ തലമൂത്ത കാരണവരായ ഈ സെജ്ജിൽ മിസൈൽ?

ടെഹ്റാൻ: ഇസ്രായേലിനെയും അമേരിക്കൻ സൈനിക താവളങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ ആദ്യമായി സെജ്ജിൽ മിസൈലുകൾ പ്രയോഗിച്ചതായി റിപ്പോർട്ടുകൾ. യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഞായറാഴ്ച സെജിൽ മിസൈൽ ഉപയോഗിച്ചതെന്ന് ഇറാനിയൻ സർക്കാർ മാധ്യമമായ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു.
ഇറാൻ്റെ സൈനിക ഓപ്പറേഷനായ “ഓപ്പറേഷൻ ട്രൂ പ്രോമിസ് 4”ൻ്റെ ഭാഗമായാണ് അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടാണ് ഈ മിസൈൽ വിക്ഷേപിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇറാൻ്റെ ശക്തമായ സൈനിക വിഭാഗമായ Islamic Revolutionary Guard Corps (IRGC) ആണ് സെജ്ജിൽ-2 മിസൈൽ പ്രയോഗിച്ചത്. ഈ ആയുധം അമേരിക്കയുടെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾക്കുപോലും വെല്ലുവിളി ഉയർത്തുന്ന ശേഷിയുള്ളതാണെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു.
അതേസമയം പെൻ്റഗൺ നൽകിയ വിവരങ്ങൾ പ്രകാരം യുദ്ധം ആരംഭിച്ചതിന് ശേഷം അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനിൽ 15,000-ത്തിലധികം ലക്ഷ്യസ്ഥാനങ്ങളിൽ ആക്രമണം നടത്തിയിട്ടുണ്ട്. ഇതിനിടയിൽ അമേരിക്കൻ നാവികസേനയുടെ ആംഫിബിയസ് കപ്പലായ USS ട്രിപ്പോളി (LHA-7) കൂടുതലായി 2,500 മാരീൻസ് സൈനികരെ മേഖലയിൽ വിന്യസിച്ചതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്താണ് ‘സെജ്ജിൽ’ മിസൈൽ?
ഇറാനിൽ തന്നെ സൃഷ്ടിച്ച് വികസിപ്പിച്ചെടുത്ത ബാലിസ്റ്റിക് മിസൈലാണ് സെജ്ജിൽ. രണ്ട് ഘട്ടങ്ങളുള്ള സോളിഡ് ഫ്യൂവൽ സിസ്റ്റമാണ് ഇതിൻ്റെ പ്രധാന പ്രത്യേകത. സജ്ജിൽ, അഷൂറ, അഷൂറ മിസൈൽ തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു. സെജ്ജിൽ-2 പതിപ്പിന് ഏകദേശം 2,000 കിലോമീറ്റർ വരെ ദൂരപരിധിയുണ്ടെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു. ഏകദേശം 700 കിലോഗ്രാം വരെ ഭാരമുള്ള വാർഹെഡ് വഹിക്കാൻ കഴിയും. ഉയർന്ന ഉയരത്തിൽ ദിശമാറ്റം നടത്താനുള്ള കഴിവ് കാരണം ശത്രു രാജ്യങ്ങളുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ കഴിയുമെന്ന് പറയുന്നു.
ചില പ്രതിരോധ വിദഗ്ധർ ഈ മിസൈലിനെ “ഡാൻസിംഗ് മിസൈൽ” എന്നും വിശേഷിപ്പിക്കുന്നത്. ഇസ്രായേലിൻ്റെ അയൺ ഡോം പോലുള്ള മിസൈൽ പ്രതിരോധ സംവിധാനങ്ങളെ ഒഴിവാക്കാനുള്ള ശേഷിയുണ്ടെന്നാണ് വിലയിരുത്തൽ.
സെൻ്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇൻ്റർനാഷണൽ സ്റ്റഡീസ് (സിഎസ്ഐഎസ്) നൽകുന്ന വിവരങ്ങൾ പ്രകാരം സെജിൽ മിസൈലിന് ഏകദേശം 18 മീറ്റർ നീളവും 1.25 മീറ്റർ വ്യാസവും ഏകദേശം 23,600 കിലോഗ്രാം ഭാരവുമുണ്ട്. സോളിഡ് ഫ്യൂവൽ ഉപയോഗിക്കുന്നതിനാൽ പഴയ ലിക്വിഡ് ഫ്യൂവൽ മിസൈലുകളേക്കാൾ വേഗത്തിൽ തയ്യാറാക്കി പ്രയോഗിക്കാൻ കഴിയുന്നതും ഇതിൻ്റെ വലിയ തന്ത്രപ്രധാനമായ നേട്ടമാണ്.
ഇറാൻ്റെ ഷഹേബ് മിസൈൽ പരമ്പരയിലുള്ള പഴയ മിസൈലുകൾ ലിക്വിഡ് ഇന്ധനമാണ് ഉപയോഗിക്കുന്നത്. അതിനാൽ അവ വിക്ഷേപണത്തിന് മുമ്പ് കൂടുതൽ സമയം തയ്യാറെടുപ്പുകൾ ആവശ്യപ്പെടും. എന്നാൽ സെജ്ജിൽ സോളിഡ് ഫ്യൂവൽ ഉപയോഗിക്കുന്നതിനാൽ അതിവേഗത്തിൽ വിക്ഷേപണം നടത്താൻ കഴിയും.
1990-കളുടെ തുടക്കത്തിലാണ് സെജ്ജിൽ മിസൈലിൻ്റെ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചത്. 2008-ലാണ് ആദ്യ പരീക്ഷണ വിക്ഷേപണം നടന്നത്. അന്ന് മിസൈൽ ഏകദേശം 800 കിലോമീറ്റർ ദൂരം സഞ്ചരിച്ചതായി റിപ്പോർട്ടുണ്ട്. 2009 മെയ് മാസത്തിൽ മെച്ചപ്പെട്ട ഗൈഡൻസ്, നാവിഗേഷൻ സംവിധാനങ്ങൾ പരിശോധിക്കാൻ രണ്ടാമത്തെ പരീക്ഷണവും നടത്തി. പിന്നീട് നാല് പരീക്ഷണ വിക്ഷേപണങ്ങൾ കൂടി നടന്നു. ആറാമത്തെ പരീക്ഷണത്തിൽ മിസൈൽ ഏകദേശം 1,900 കിലോമീറ്റർ ദൂരം സഞ്ചരിച്ച് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഇപ്പോൾ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ സെജിൽ മിസൈൽ പ്രയോഗിച്ചത് സംഘർഷം രൂക്ഷമാകാനുള്ള സൂചനയാണ് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നത്.






