കെ സുധാകരൻ ബിജെപിയിൽ പോകുമോ? ആര് സുധാകരനോ… അതിന് വേറെ ആളെ നോക്കണം!! തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നത് മഹാപരാധമല്ല, സുധാകരന്റെ എഫ്ബി പോസ്റ്റ് കണ്ണൂരിനോടും പാർട്ടിയോടമുള്ള സ്നേഹം- കെസി വേണുഗോപാൽ

തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സര സന്നദ്ധത അറിയിച്ച് കോൺഗ്രസ് നേതൃത്വവുമായി അതൃപ്തി തുടരുന്ന കെ സുധാകരൻ വിഷയത്തിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. പരിഭവവും പിണക്കവും എല്ലാവർക്കും ഉണ്ടാകുമെന്നും ഹൈക്കമാൻഡ് തീരുമാനത്തെ എല്ലാവരും അനുസരിക്കുമെന്നും കെസി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. സുധാകരൻ ഉൾപ്പെടെയുള്ള എംപിമാർ മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡിൻറേതായിരിക്കുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. കെ സുധാകരൻ ബിജെപിയിൽ പോകുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആര് സുധാകരനോ, അതിന് വെറെ ആളെ നോക്കണമെന്നായിരുന്നു കെസി വേണുഗോപാലിൻറെ മറുപടി.
തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ചില എംപിമാർക്ക് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും ഇക്കാര്യത്തിൽ യഥാസമയം തീരുമാനം ഉണ്ടാകുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. കെ സുധാകരൻ പരിഭവമായാണ് നാട്ടിലേക്ക് വന്ന് അത് എന്ന് തോന്നുന്നില്ല. സുധാകരന്റെ എഫ് ബി പോസ്റ്റ് കണ്ണൂരിനോടും പാർട്ടിയോടമുള്ള സ്നേഹമാണ് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നത് മഹാപരാധമല്ല. അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണ്. ഹൈക്കമാന്റിന്റെ തീരുമാനത്തിന് വിരുദ്ധമായി പോകുന്ന ആളാണ് സുധാകരൻ എന്ന് തോന്നുന്നില്ല. താൻ മത്സരരംഗത്ത് ഉണ്ടാകില്ല എന്ന് പലതവണ ആവർത്തിച്ചതാണ്. എല്ലാ വശങ്ങളും ആലോചിച്ചേ പാർട്ടി തീരുമാനമെടുക്കു. ജയസാധ്യത പരിഗണിച്ചു കൊണ്ടുള്ള കാര്യങ്ങളാണ് തീരുമാനിക്കുക. ജനങ്ങളെ നിരാശപ്പെടുത്താൻ ഒരു കോൺഗ്രസ് നേതാവും പ്രവർത്തിക്കില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.
അതുപോലെ തെരഞ്ഞെടുപ്പ് രംഗത്തെ പരിതാപകരമായ അവസ്ഥയിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാൻ കഴിയുമോ എന്ന ചിന്തയിൽ നിന്നുള്ള മലക്കം മറച്ചിലായേ ശബരിമലയിലെ യുവതി പ്രവേശനത്തിലെ സർക്കാർ നിലപാട് മാറ്റം കാണാനാകു. ഈ നിലപാട് നേരത്തെ എടുക്കേണ്ടത് ആയിരുന്നു. അന്നെടുത്തിരുന്നെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല. സുപ്രീംകോടതിവിധി വന്ന ഉടൻ തന്നെ സമവായത്തിലേക്ക് പോയി വിധി നടപ്പാക്കുന്നതിനുള്ള ബുദ്ധിമുട്ട് സുപ്രീംകോടതിയെ അറിയിച്ചിരുന്നെങ്കിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമായിരുന്നില്ല. ഭക്തജനങ്ങൾക്ക് പ്രയാസമുണ്ടാവുമായിരുന്നില്ല. നാശങ്ങൾ ഉണ്ടാകുമായിരുന്നില്ല. ഒരുപാട് പേർക്ക് കേസുമായി നടക്കേണ്ടി വരുമായിരുന്നില്ല. സിപിഎമ്മിൻറെ വിശ്വാസവിരുദ്ധ നിലപാട് മൂലമാണ് ഇത് ഉണ്ടായതെന്നും കെസി കൂട്ടിച്ചേർത്തു.






