കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്ന് പേര്‍ കൊച്ചിയില്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലിന്റെ ഉടമ റോയിയെ പൊലീസ് ചോദ്യം ചെയ്യും. ഈ ഹോട്ടലിലെ ഡി ജെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ആന്‍സി കബീറുള്‍പ്പെടെയുളളവര്‍ അപകടത്തില്‍പ്പെട്ടത്. ഹോട്ടലിലെ ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് നീക്കം ചെയ്തതായി ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. മിസ് കേരളയടക്കം പങ്കെടുത്ത ഡി ജെ പാര്‍ട്ടിയുടെയും തൊട്ടടുത്ത ഇടനാഴിയിലേയും ദൃശ്യങ്ങളാണ് സംഭവത്തിന് തൊട്ടുപിന്നാലെ അപ്രത്യക്ഷമായത്.
ഹോട്ടല്‍ മാനേജ്‌മെന്റ് പറഞ്ഞിട്ടാണ് ടെക്‌നീഷ്യന്റെ സഹായത്തോടെ ഹാര്‍ഡ് ഡിസ്‌കുകള്‍ നീക്കിയതെന്നാണ് ഇവര്‍ പറഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഹോട്ടലിന്റെ ഉടമയെ ചോദ്യം ചെയ്യാന്‍ കൊച്ചി സിറ്റി പൊലീസ് ഒരുങ്ങുന്നത്. ഇതിനായി നോട്ടീസ് നല്‍കും. നമ്പര്‍ 18 ഹോട്ടലിലും ഉടമയായ റോയിയുടെ കൊച്ചി കണ്ണങ്കാട്ടെ വീട്ടിലും പൊലീസ് ഹാര്‍ഡ് ഡിസ്‌കിനായി പരിശോധന നടത്തിയിരുന്നു.
ഇക്കഴിഞ്ഞ നവംബര്‍ ഒന്നിനാണ് മുന്‍ മിസ് കേരള ആന്‍സി കബീറും റണ്ണര്‍ അപ്പായിരുന്ന അഞ്ജനാ ഷാജനും ഉള്‍പ്പെടെ മൂന്ന് പേര്‍ വൈറ്റിലയില്‍ വാഹനാപകടത്തില്‍ മരിച്ചത്. മരണത്തിന് മുമ്പുളള മണിക്കൂറുകളില്‍ ഇവര്‍ എവിടെയായിരുന്നു എന്ന അന്വേഷണത്തിനിടെയാണ് ഹോട്ടല്‍ അധികൃതരുടെ ഭാഗത്തുനിന്ന് സംശയാസ്പദമായ നീക്കങ്ങളുണ്ടായത്. അപകടം നടന്ന് മണിക്കൂറുകള്‍ക്കകം നമ്പര്‍ 18 ഹോട്ടലിലെ സിസിടിവി ദ്യശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് ആരോ മനപൂര്‍വം നീക്കം ചെയ്തതായി ബോധ്യപ്പെട്ടു. ഇത് എന്തിനുവേണ്ടിയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.