എണ്ണയില്‍ പിടി മുറുകുന്നു; ഹോര്‍മൂസില്‍ കപ്പലുകള്‍ക്ക് അകമ്പടി ഉടനെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍; ചരിത്രത്തിലെ ഏറ്റവും വലിയ വിതരണ തടസമെന്ന് എനര്‍ജി ഏജന്‍സി; മൈനുകള്‍ വിന്യസിച്ചിട്ടില്ലെന്ന് അറിയാമെന്ന് യുഎസ് ട്രഷറി സെക്രട്ടി
കഴിഞ്ഞ ദിവസങ്ങളില്‍ ബാരലിന് 100 ഡോളറിന് മുകളില്‍ എത്തിയ ആഗോള ഊര്‍ജ്ജ വില ഒരു മാസത്തിനുള്ളില്‍ ഗണ്യമായി വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് ക്ലിയര്‍വ്യൂ എനര്‍ജി പാര്‍ട്ണേഴ്സ് വ്യാഴാഴ്ച പുറത്തിറക്കിയ ഗവേഷണ കുറിപ്പില്‍ മുന്നറിയിപ്പ് നല്കി.

ന്യൂയോര്‍ക്ക്: ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന് ബോട്ടുകള്‍ ആറു കപ്പലുകള്‍ ആക്രമണിച്ചതിനു പിന്നാലെ എണ്ണക്കപ്പലുകള്‍ അടക്കമുള്ളവയ്ക്കു കൂടുതല്‍ സുരക്ഷയൊരുക്കാന്‍ അമേരിക്ക. ‘സൈനികമായി സാധ്യമാകുന്ന’ വേഗത്തില്‍ യുഎസ് നേവി ഹോര്‍മൂസ് കടലിടുക്കിലൂടെ കപ്പലുകള്‍ക്ക് അകമ്പടി സേവിക്കുമെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു.
ഇറാന് യുദ്ധം കാരണം ആഗോള എണ്ണ വിപണി ചരിത്രത്തിലെ ‘ഏറ്റവും വലിയ വിതരണ തടസം’ നേരിടുകയാണെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി (ഐഇഎ) പറഞ്ഞു. ഈ യുദ്ധം ഇതുവരെ അമേരിക്കയ്ക്ക് 11 ബില്യണ്‍ ഡോളര്‍ ചെലവുണ്ടാക്കിയെന്നാണു കണക്ക്.
ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം 20% കൈകാര്യം ചെയ്യുന്ന തന്ത്രപ്രധാനമായ ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന് മൈനുകള്‍ വിന്യസിക്കുന്നു എന്ന ആശങ്കയ്ക്കിടയില്‍, കടലിടുക്കില്‍ നാവിക സംരക്ഷണ സംവിധാനം വേണമെന്ന ആവശ്യങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഊര്‍ജ്ജ വില കുതിച്ചുയരുന്നത് ഇന്ധന വിപണിയിലും പ്രതിഫലിച്ചു തുടങ്ങി. ഇറാന്റെ ടാങ്കറുകളും ‘ചില ചൈനീസ് പതാക വഹിക്കുന്ന ടാങ്കറുകളും’ കടലിടുക്കിലൂടെ കടന്നുപോയിട്ടുണ്ടെന്നും അവിടെ മൈനുകള്‍ വിന്യസിച്ചിട്ടില്ലെന്ന് അറിയാമെന്നും ബെസെന്റ് പറയുന്നു.
ആകാശത്തിന്റെ പൂര്‍ണ നിയന്ത്രണം അമേരിക്ക കൈക്കലാക്കുകയും മിസൈലുകള്‍ പുനര്‍നിര്‍മ്മിക്കാനുള്ള ശേഷി പൂര്‍ണമായും ഇല്ലാതാകുകയും ചെയ്തു കഴിഞ്ഞാല്‍ കഴിയുന്നത്ര വേഗത്തില്‍ കപ്പലുകള്‍ക്ക് അകമ്പടി നല്കാന് കഴിയും. ഉടനടി സാധ്യമല്ലെങ്കിലും കടലിടുക്കില്‍ പിന്തുണ നല്‍കുമെന്ന് ഊര്‍ജ സെക്രട്ടറ ക്രിസ് റൈറ്റും പറഞ്ഞു. ‘നിലവില്‍ ഇറാന്റെ ആക്രമണ ശേഷിയും ആയുധ നിര്‍മാണ കേന്ദ്രങ്ങളുമാണ് സൈന്യം ലക്ഷ്യമിട്ടിട്ടുള്ളത്. ഈ മാസം അവസാനത്തില്‍ കപ്പലുകള്‍ക്ക് അകമ്പടി നല്കാന് കഴിയു’മെന്നാണു കരുതുന്നതെന്നും റൈറ്റ് പറഞ്ഞു.
എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ ബാരലിന് 100 ഡോളറിന് മുകളില്‍ എത്തിയ ആഗോള ഊര്‍ജ്ജ വില ഒരു മാസത്തിനുള്ളില്‍ ഗണ്യമായി വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് ക്ലിയര്‍വ്യൂ എനര്‍ജി പാര്‍ട്ണേഴ്സ് വ്യാഴാഴ്ച പുറത്തിറക്കിയ ഗവേഷണ കുറിപ്പില്‍ മുന്നറിയിപ്പ് നല്കി.
നിലവിലെ സാഹചര്യം
മാര്‍ച്ച് മൂന്നിനു യുദ്ധം തുടങ്ങി അഞ്ചാം ദിവസം ആവശ്യമെങ്കില്‍ കപ്പലുകള്‍ക്ക് അകമ്പടി നല്‍കുമെന്നായിരുന്നു ട്രംപിന്റെ വാക്ക്. എന്നാല്‍, ഇറാന് ഹോര്‍മൂസിനെ ലക്ഷ്യമിട്ടതോടെ ജലപാതയിലെ ഗതാഗതം ഏതാണ്ട് നിലച്ച മട്ടിലാണ്. ഐഇഎ 400 ദശലക്ഷം ബാരല്‍ എണ്ണ അടിയന്തര ഘട്ടത്തിലേക്കായി പുറത്തുവിട്ടിട്ടുണ്ടെങ്കിലും താത്കാലിക നടപടി മാത്രമാണെന്ന് സംഘടന പറഞ്ഞു. വെള്ളിയാഴ്ചയോടെ ഹോര്‍മുസ് കടലിടുക്ക് ഇറാന് ഇതര ഊര്‍ജ്ജ ചരക്കുകള്‍ക്കായി 14 ദിവസമായി അടഞ്ഞുകിടക്കുകയാണ്. ഇറാന് ഉദ്യോഗസ്ഥര്‍ വിട്ടുവീഴ്ചയുടെ സൂചനകളൊന്നും കാണിക്കുന്നുമില്ല.
എണ്ണവില വര്‍ദ്ധിക്കാനുള്ള സാധ്യത തിരിച്ചറിഞ്ഞു നിലവില്‍ കടലിലുള്ള റഷ്യന്‍ എണ്ണ വാങ്ങാന്‍ രാജ്യങ്ങളെ അനുവദിച്ചിട്ടുണ്ടെന്ന് ബെസെന്റ് എക്സിലൂടെ സ്ഥിരീകരിച്ചു. ഹോര്‍മുസിനെ ആശ്രയിക്കുന്ന ഏഷ്യന്‍ ഇറക്കുമതിക്കാര്‍ക്കായി വിതരണം ഉറപ്പാക്കാന്‍ റഷ്യന്‍ ഉപരോധങ്ങളില്‍ അമേരിക്ക ഇളവ് നല്‍കുന്നത് വിപണി സാഹചര്യങ്ങളുടെ തീവ്രതയെയും സര്‍ക്കാരിന്റെ തന്ത്രപ്രധാന കരുതല്‍ ശേഖരത്തിന്റെ പരിമിതികളെയുമാണ് ചൂണ്ടിക്കാണിക്കുന്നത്. നിലവില്‍ ട്രാന്സിറ്റിലുള്ള ചരക്കുകള്‍ക്ക് ഇറക്കുമതിക്കാരിലേക്ക് വേഗത്തില്‍ എത്താന്‍ കഴിയുമെങ്കിലും സമുദ്രമാര്‍ഗ്ഗമുള്ള തന്ത്രപ്രധാന ശേഖരങ്ങള്‍ എത്തിച്ചേരാന്‍ ആഴ്ചകളെടുക്കുമെന്നും ചില ഐഇഎ അംഗരാജ്യങ്ങള്‍ എപ്പോള്‍ വിതരണം തുടങ്ങുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും ക്ലിയര്‍വ്യൂ എനര്‍ജി കുറിച്ചു.
#MalayalamNews, #KeralaNews, #Keralites, #MalayalamLive, #GulfNews, #Malayali, #HormuzStraitMalayalam, #OilPriceHike, #WorldNewsMalayalam, #DailyhuntMalayalam #EnergyMarket, #IEA, #CrudeOil, #TradeRoutes, #GlobalMarkets, #GasPrices, #EconomyUpdate, #StrategicReserve, #RussianOil






