ഇറാന്റെ പുതിയ പരമോന്നത നേതാവിന്റെ ആദ്യ സന്ദേശം: ‘ശത്രുക്കളെ സമ്മർദ്ദത്തിലാക്കാൻ ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് തുടരും; അയൽക്കാരുമായുള്ള സൗഹൃദത്തിൽ വിശ്വസിക്കുന്നു, യുഎസ് താവളങ്ങളെ മാത്രമാണ് ലക്ഷ്യമിടുന്നത്‘

ടെഹ്റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായി സ്ഥാനമേറ്റ ആയത്തുള്ള മൊജ്തബ ഖമേനിയുടെ ആദ്യ ഔദ്യോഗിക സന്ദേശം ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ പുറത്തുവിട്ടു. കഴിഞ്ഞ ഞായറാഴ്ച രാജ്യത്തിന്‍റെ അത്യുന്നത പദവിയിലേക്ക് നിയമിതനായതിന് ശേഷം ആദ്യമായാണ് മൊജ്തബ ഖമേനിയിൽ നിന്നുള്ള ഒരു പ്രതികരണം പുറത്തുവരുന്നത്. സ്ഥാനാരോഹണം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും അദ്ദേഹം ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെടാതിരുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. എന്നാൽ നിലവിലെ അസാധാരണ സാഹചര്യങ്ങൾ പരിഗണിച്ച് മാധ്യമങ്ങളിലൂടെ തന്‍റെ നിലപാട് വ്യക്തമാക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.
ആദ്യ സന്ദേശത്തിൽ ദേശീയ ഐക്യത്തിന് ആഹ്വാനം ചെയ്ത മൊജ്തബ, ഇറാന്‍റെ ശത്രുക്കളെ സമ്മർദ്ദത്തിലാക്കാൻ ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് തുടരുമെന്ന നിലപാട് വ്യക്തമാക്കി. ഇറാൻ അയൽക്കാരുമായുള്ള സൗഹൃദത്തിൽ വിശ്വസിക്കുന്നുവെന്നും അമേരിക്കൻ താവളങ്ങളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും അത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൊജ്താബ ഖമേനിയുടെ ഔദ്യോഗിക ടെലഗ്രാം ചാനലിലൂടെ അദ്ദേഹത്തിന്‍റെ കൈപ്പടയിലുള്ള ഒരു കുറിപ്പാണ് ആദ്യം പുറത്തുവന്നത്. ഇറാന്‍റെ ചരിത്രത്തിലെ പരമോന്നത നേതാക്കളുടെ പേരുകൾക്കൊപ്പമാണ് മൊജ്താബയുടെ പേരും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇറാന്‍റെ പ്രഥമ നേതാവ് റൂഹുള്ള ഖമേനി, തുടർന്ന് വന്ന അലി ഖമേനി എന്നിവരുടെ പേരുകൾക്ക് താഴെയായാണ് മൊജ്താബ ഖമേനിയുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്.
പട്ടികയ്ക്ക് താഴെയായി ‘പരമകാരുണികനും കരുണാനിധിയുമായ ദൈവത്തിന്‍റെ നാമത്തിൽ’ (ബിസ്മില്ലാഹി റഹ്മാനി റഹീം) എന്ന സന്ദേശവും അദ്ദേഹം കുറിച്ചിട്ടുണ്ട്. ഖുർആനിലെ മിക്ക അധ്യായങ്ങളുടെയും തുടക്കത്തിൽ ഉപയോഗിക്കുന്ന ഈ വാചകം, ഒരു പുതിയ തുടക്കത്തെയാണ് സൂചിപ്പിക്കുന്നത്. പിതാവിന്‍റെ വിയോഗത്തിന് ശേഷം ഇറാന്‍റെ പരമാധികാരം ഏറ്റെടുത്ത മൊജ്താബ, തന്‍റെ നേതൃത്വത്തിന് കീഴിലുള്ള പുതിയ ഭരണക്രമത്തിന്‍റെ പ്രഖ്യാപനമായാണ് ഈ സന്ദേശത്തെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.
അതേസമയം, പുതിയ ഭരണാധികാരിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും ഇതിനോടകം പുറത്തുവന്നിരുന്നു. അമേരിക്കയുടെയും ഇസ്രായേലിന്‍റെയും സംയുക്ത ബോംബാക്രമണം ആരംഭിച്ച ആദ്യ ദിനത്തിൽ തന്നെ മൊജ്തബ ഖമേനിക്ക് പരിക്കേറ്റതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു. ആക്രമണത്തിൽ അദ്ദേഹത്തിന്‍റെ പാദത്തിന് ഒടിവ് സംഭവിക്കുകയും ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ നിസാര പരിക്കുകൾ ഏൽക്കുകയും ചെയ്തതായാണ് സൂചന. അദ്ദേഹത്തിന്‍റെ പിതാവും മുൻ പരമോന്നത നേതാവുമായ ആയത്തുള്ള അലി ഖമേനിയുടെ മരണത്തിനിടയാക്കിയ അതേ വ്യോമാക്രമണത്തിൽ തന്നെയാണ് മൊജ്തബയ്ക്കും പരിക്കേറ്റതെന്ന് സൈപ്രസിലെ ഇറാൻ അംബാസഡർ അലിറെസ സലാരിയൻ ദ ഗാർഡിയൻ പത്രത്തോട് വെളിപ്പെടുത്തിയിരുന്നു.
അതിനിടെ ഇറാനിൽ പലയിടങ്ങളിലും അമ്ലമഴ പതിവായിരിക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.






