സുധാകരനെ തഴഞ്ഞാല്‍ കലാപം, പ്രത്യാഘാതം; രണ്ടും കല്പിച്ച് അഞ്ച് എംപിമാര്‍; ഡല്‍ഹിയിലെ മാരത്തണ്‍ ചര്‍ച്ചകള്‍ കടുത്ത പ്രതിസന്ധിയില്‍; സീറ്റ് ആവശ്യപ്പെട്ടവരില്‍ ശശി തരൂരും!

തിരുവനന്തപുരം: നാല്പത് പേരെയെങ്കിലും ഉള്‍പ്പെടുത്തി ആദ്യപട്ടിക തയ്യാറാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍ നടത്തുന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് വെല്ലുവിളിയായി അഞ്ച് എംപിമാര്‍. നിയമസഭയിലേക്ക് മത്സരിക്കുമെന്ന ഉറച്ച തീരുമാനത്തില്‍ നില്ക്കുന്ന കെ സുധാകരനും അടൂര്‍ പ്രകാശിനും ഒപ്പം മൂന്ന് എംപിമാര്‍ കൂടി ചേര്‍ന്നതോടെ തള്ളാനും കൊള്ളാനുമാകാത്ത അവസ്ഥയിലാണ് കെപിസിസി.
ശശി തരൂര്‍, എം കെ രാഘവന്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് സീറ്റ് ആവശ്യപ്പെട്ട മറ്റ് മൂന്ന് എംപി മാര്‍. ആരേയും മത്സരിപ്പിക്കേണ്ടെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും. ഇവര്‍ മത്സരിച്ചാല്‍ ഇൗ അഞ്ച് ലോക്സഭാ സീറ്റും നഷ്ടമാകുമെന്നാണ് ഒൗദ്യോഗികമായി തന്നെ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുള്ളത്.
എന്നാല്‍, സുധാകരനും അടൂര്‍ പ്രകാശും മത്സരിക്കുമെന്ന് നേരത്തേ തന്നെ പരസ്യമായി പ്രഖ്യാപിച്ചതാണ്. താന്‍ മത്സരിച്ചാല്‍ കോഴിക്കോട് ജില്ലയില്‍ ഒരു സീറ്റെങ്കിലും കോണ്‍ഗ്രസിന് കിട്ടുമെന്നാണ് എം കെ രാഘവന്റെ വാദം. അതേസമയം, സുധാകരനെ മാറ്റി നിര്‍ത്തിയാല്‍ കണ്ണൂര്‍ ജില്ലയടക്കം പലഭാഗങ്ങളിലും വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് ഒപ്പമുള്ള നേതാക്കള്‍ മുന്നറിയിപ്പ് നല്കി. സുധാകരനെ വെട്ടാന്‍ ആര്‍ക്കാണ് തിടുക്കമെന്നും അപമാനിച്ച് ഇറക്കിവിടാന്‍ ആര് ശ്രമിച്ചാലും കൈയുംകെട്ടി നോക്കി നില്‍ക്കില്ലെന്നും കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു. സുധാകരന്റെ അനുയായി ജയന്ത് ദിനേശ് ഫെയ്സ്ബുക്കില്‍ കുറിച്ചതും ഇൗ വികാരമാണ്.
സ്വന്തം ജീവനും ജീവിതവും കൊടുത്ത് കണ്ണൂരിലെ പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും തണല്‍ ഒരുക്കിയ മനുഷ്യനാണ് കെ സുധാകരനനെന്ന് കുറിപ്പില്‍ പറഞ്ഞു. അതിനിടെ കെ സി വേണുഗോപാല്‍ മത്സര രംഗത്തുണ്ടാകണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ബന്ധിക്കുന്നതായി അദ്ദേഹത്തിന്റെ തന്നെ അനുയായികള്‍ പ്രചരിപ്പിക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ മത്സരിക്കുന്ന എംപിമാരുടെ എണ്ണം കൂടും. വേണുഗോപാല്‍ മത്സരിക്കാതിരിക്കാനാണ് എംപിമാര്‍ ആരും മത്സരിക്കേണ്ടെന്ന നിലപാട് സതീശനും ചെന്നിത്തലയും സ്വീകരി ക്കുന്നത്.






