Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

‘ഇറാന്‍ ആരു ഭരിക്കണമെന്ന് അമേരിക്ക തീരുമാനിക്കും, വെനസ്വേലയില്‍ കണ്ടതല്ലേ?’; മോജ്തബയുടെ നേതൃത്വം തള്ളി ട്രംപ്; ആക്രമണത്തിന് കുര്‍ദ് സേനയ്ക്ക് ആഹ്വാനം; ‘ജനങ്ങള്‍ക്കും രാജ്യത്തിനും ഗുണമുള്ള ആള്‍ വരും, അല്ലെങ്കില്‍ ഇടപെടും; ഇന്ധനവില കൂടിയാലും കുഴപ്പമില്ല’

ന്യൂയോര്‍ക്ക്: ഇറാന്റെ അടുത്ത നേതാവിനെ തെരഞ്ഞെടുക്കുമ്പോള്‍ അമേരിക്കയ്ക്കു പങ്കുണ്ടാകുമെന്നും ഇറാഖ് ആസ്ഥാനമായുള്ള ഇറാനിയന്‍ കുര്‍ദ് സേന അതിര്‍ത്തികടന്ന് ആക്രമണം നടത്തിയാല്‍ ‘അത്ഭുതകരമായിരിക്കു’മെന്നും വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനടുത്തുള്ള പ്രധാന കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്ക് തുറന്നുതന്നെയിരിക്കുമെന്ന ആത്മവിശ്വാസവും ട്രംപ് പ്രകടിപ്പിച്ചു.

യുദ്ധത്തിന്റെ തുടക്കത്തില്‍ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മകന്‍ പിതാവിന്റെ പിന്‍ഗാമിയാകാന്‍ സാധ്യതയില്ലെന്ന് കരുതുന്നെന്നും ട്രംപ് റോയിട്ടേഴ്‌സിനു നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ പറഞ്ഞു. ‘ഇറാനോടൊപ്പം ചേര്‍ന്ന് ആ വ്യക്തിയെ നമ്മള്‍ തിരഞ്ഞെടുക്കേണ്ടി വരും. ആ വ്യക്തിയെ നമ്മള്‍ തന്നെ തിരഞ്ഞെടുക്കണം,’ ട്രംപ് പറഞ്ഞു.

Signature-ad

ശനിയാഴ്ച അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആക്രമണം ആരംഭിച്ച് ആറ് ദിവസത്തിന് ശേഷം, ഇറാനിയന്‍ കുര്‍ദിഷ് സേനയോട് ആക്രമണത്തില്‍ പങ്കെടുക്കാന്‍ ട്രംപ് ആഹ്വാനം ചെയ്തു. സംഘര്‍ഷത്തില്‍ ആറ് യു.എസ് സൈനികര്‍ ഉള്‍പ്പെടെ ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടു. മിഡില്‍ ഈസ്റ്റിലുടനീളം നാശനഷ്ടങ്ങളും അസ്ഥിരതയുമുണ്ടായി. കുര്‍ദ് സേനയുടെ ഇടപെടലിനു പൂര്‍ണ പിന്തുണ നല്‍കുന്നെന്നും ട്രംപ് പറഞ്ഞു.

ഇസ്ലാമിക് റിപ്പബ്ലിക്കിലെ നേതൃത്വ കൈമാറ്റത്തെക്കുറിച്ച് വെനസ്വേലയുമായി കൂട്ടിക്കെട്ടുകയാണു ട്രംപ് ചെയ്തത്. ജനുവരിയില്‍ യു.എസ് സേന വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കിയിരുന്നു. അവിടെ മഡുറോയുടെ രണ്ടാമത്തെ ആളായ ഡെല്‍സി റോഡ്രിഗസ് ആണ് ഇപ്പോള്‍ ഭരിക്കുന്നത്. അവര്‍ ‘മികച്ചരീതിയിലുള്ള ജോലിയാണു ചെയ്യുന്നത്’ എന്നു ട്രംപ് പറഞ്ഞു.

‘ഭാവിയില്‍ ഇറാനെ നയിക്കാന്‍ പോകുന്ന വ്യക്തിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ ഞങ്ങള്‍ക്ക് പങ്കുണ്ടാകണം. അങ്ങനെയാണെങ്കില്‍ ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും നമുക്ക് ഇത് ആവര്‍ത്തിക്കേണ്ടി വരില്ല. ജനങ്ങള്‍ക്കും രാജ്യത്തിനും ഗുണകരമാകുന്ന ഒരാളെയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്’- ട്രംപ് പറഞ്ഞു.

ഖമേനിയുടെ മകന്‍ മൊജ്താബ പിന്‍ഗാമിയാകാനുള്ള സാധ്യത കുറവാണെന്ന് പറഞ്ഞതല്ലാതെ ട്രംപ് കൂടുതല്‍ വിശദീകരിച്ചില്ല. അവസാനത്തെ ഷായുടെ മകനും പ്രവാസിയുമായ ഇറാനിയന്‍ രാജകുമാരന്‍ റെസ പഹ്ലവിക്ക് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന്, ‘എല്ലാവരും പരിഗണനയിലുണ്ട്, ഇത് തുടക്കമല്ലേ’ എന്നായിരുന്നു ട്രംപിന്റെ മറുപടി.

കുര്‍ദിഷ് ഇടപെടലിന് അനുകൂലം

പടിഞ്ഞാറന്‍ ഇറാനില്‍ ഇടപെടാന്‍ ആലോചിക്കുന്ന ഇറാനിയന്‍ കുര്‍ദിഷ് സേനയ്ക്ക് അമേരിക്ക വ്യോമ സുരക്ഷ നല്‍കുമോ എന്ന ചോദ്യത്തിന്, ‘എനിക്ക് അത് പറയാന്‍ കഴിയില്ല’ എന്ന് ട്രംപ് മറുപടി നല്‍കി. എന്നാല്‍ കുര്‍ദുകളുടെ ലക്ഷ്യം ‘വിജയിക്കുക’ എന്നതായിരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള സുരക്ഷാ സേനയെ എങ്ങനെ ആക്രമിക്കണം എന്നതിനെക്കുറിച്ച് ഇറാനിയന്‍ കുര്‍ദിഷ് മിലിഷ്യകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കയുമായി ആലോചിച്ചിരുന്നതായി മൂന്നു സോഴ്‌സുകള്‍ വ്യക്തമാക്കി. ഇറാന്‍-ഇറാഖ് അതിര്‍ത്തിയില്‍ ഇറാഖി കുര്‍ദിസ്ഥാനിലെ സ്വയംഭരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുര്‍ദിഷ് ഗ്രൂപ്പുകള്‍, അമേരിക്കയും ഇസ്രായേലും ഇറാന് മേല്‍ ബോംബുകളും മിസൈലുകളും വര്‍ഷിക്കുമ്പോള്‍ രാജ്യത്തിന്റെ സൈന്യത്തെ ദുര്‍ബലപ്പെടുത്താനാണു കുര്‍ദുകളുടെ നീക്കം.

വര്‍ദ്ധിക്കുന്ന ഇന്ധന വില

ലോകത്തിലെ അസംസ്‌കൃത എണ്ണയുടെയും ദ്രാവക പ്രകൃതിവാതകത്തിന്റെയും അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടുക എന്നത് ഇറാന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ആറ് കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയതോടെ ഈ പാതയിലൂടെയുള്ള ഗതാഗതം ഏതാണ്ട് നിലച്ച മട്ടാണ്. ‘അവര്‍ക്ക് ഇപ്പോള്‍ നാവികസേനയില്ല, ആ നാവികസേന ഇപ്പോള്‍ കടലിന്റെ അടിത്തട്ടിലാണ്. ഹോര്‍മൂസ് കടലിടുക്കിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്’- ട്രംപ് പറഞ്ഞു.

യുദ്ധം രൂക്ഷമായതോടെ വ്യാഴാഴ്ച ഗള്‍ഫ് മേഖലയില്‍ കൂടുതല്‍ ടാങ്കറുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഇറാനിയന്‍ ഡ്രോണുകള്‍ അസര്‍ബൈജാനില്‍ പ്രവേശിച്ചത് കൂടുതല്‍ എണ്ണ ഉല്‍പാദക രാജ്യങ്ങളിലേക്ക് പ്രതിസന്ധി പടരുമെന്ന ഭീഷണി ഉയര്‍ത്തുന്നുണ്ട്. സംഘര്‍ഷം തുടങ്ങിയത് മുതല്‍ എണ്ണവില കുതിച്ചുയരുകയാണ്.

പെട്രോള്‍ വില കൂടുന്നതില്‍ തനിക്ക് ആശങ്കയില്ലെന്ന് ട്രംപ് പറഞ്ഞു. ‘ഇത് അവസാനിക്കുമ്പോള്‍ വില വളരെ വേഗത്തില്‍ കുറയും. ഇനി ഉയര്‍ന്നാല്‍ തന്നെ ഉയരട്ടെ. പക്ഷേ, പെട്രോള്‍ വില അല്പം കൂടുന്നതിനേക്കാള്‍ പ്രധാനമാണ് ഈ വിഷയം’ അദ്ദേഹം പറഞ്ഞു. ‘പ്രതീക്ഷിച്ചതിനേക്കാള്‍ മുന്നിലായാണ് കാര്യങ്ങള്‍ നീങ്ങുന്നത്, ആരും കരുതിയതിനേക്കാള്‍ ശക്തമായാണ് ഇത് മുന്നോട്ട് പോകുന്നതെ’ന്നും സംഘര്‍ഷം എന്നു തീരുമെന്ന ചോദ്യത്തിനു ട്രംപ് പ്രതികരിച്ചു.

 

#MalayalamNews, #DonaldTrump, #IranConflict, #USNews, #BreakingNews, #WorldNews, #IranWar, #KurdishForces, #HormuzStrait, #OilPriceRise, #InternationalPolitics, #TrumpInterview, #DailyhuntMalayalam, #മലയാളംവാർത്ത, #ഡൊണാൾഡ്‌ട്രംപ്, #ഇറാൻ, #യുദ്ധവാർത്തകൾ, #അന്താരാഷ്ട്രവാർത്തകൾ

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: