‘ഈ വിജയത്തിൻറെ മുഴുവൻ ക്രെഡിറ്റും ബുമ്രയ്ക്കുള്ളതാണ്, അദ്ദേഹം ലോകോത്തര ബൗളറാണ്, ഒരു തലമുറയിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അത്ഭുതം, ഈ മാൻ ഓഫ് ദി മാച്ച് അവാർഡ് യഥാർത്ഥത്തിൽ അദ്ദേഹത്തിനാണ് ലഭിക്കേണ്ടത്, ഡെത്ത് ഓവറുകളിൽ അദ്ദേഹം അത്രയും മികച്ച രീതിയിൽ പന്തെറിഞ്ഞില്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് ഇവിടെ നിൽക്കില്ലായിരുന്നു’…

മുംബൈ: ടി20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിലെത്തിയപ്പോൾ രണ്ടാം തവണയും കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് മത്സരത്തിൽ ഇന്ത്യയുടെ ടോപ് സ്കോററായ മലയാളി താരം സഞ്ജു സാംസണായിരുന്നു. 42 പന്തിൽ എട്ട് ഫോറും ഏഴ് സിക്സുമടക്കം 89 റൺസെടുത്ത സഞ്ജു ഇന്ത്യയുടെ ടോപ് സ്കോററായതിനൊപ്പം ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിക്കുന്നതിലും നിർണായകമായി. ഇംഗ്ലണ്ടിനായി ജേക്കബ് ബെഥേൽ സെഞ്ചുറി നേടിയെങ്കിലും മത്സരം ജയിപ്പിച്ച ഇന്നിംഗ്സ് സഞ്ജുവിൻറെ ഇന്നിങ്സ് ആയതിനാൽകളിയിലെ താരമായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
എന്നാൽ ഇംഗ്ലണ്ടിനെതിരെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടശേഷം സഞ്ജു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകരുടെ ഹൃദയം തൊടുന്നത്. വളരെ സന്തോഷം തോന്നുന്നു. കഴിഞ്ഞ മത്സരത്തിൽ തന്നെ ഞാൻ ഫോമിലായിരുന്നു. ആ ഫോം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഉറപ്പിച്ചിരുന്നു, അഭിഷേക് തുടക്കത്തിൽ പുറത്തായതോടെ ക്രീസിൽ കൂടുതൽ നേരം ചെലവഴിക്കണമെന്ന് തീരുമാനിച്ചിരുന്നു. കാരണം, ഇവിടെ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുള്ള ഞങ്ങൾക്ക് അറിയാം, ഒരു സ്കോറും ഇവിടെ സുരക്ഷിതമല്ലെന്ന്. അതുകൊണ്ട് പരമാവധി റൺസ് കണ്ടെത്താനാണ് ശ്രമിച്ചത്. ഞാനും ഇഷാനും ബാറ്റ് ചെയ്ത രീതി വെച്ച് 250 റൺസ് സാധ്യമാകുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. സാഹചര്യങ്ങൾ കൃത്യമായി വിലയിരുത്തി കളിക്കാനായത് ഗുണകരമായി. ഇംഗ്ലണ്ട് വിജയത്തിനടുത്തെത്തി, അവർ ശരിക്കും നന്നായി കളിച്ചു. രണ്ടാമത് ബാറ്റ് ചെയ്യുന്നത് എളുപ്പമാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു.
അതുപോലെ മത്സരത്തിൽ നിർണായകമായത് ജസ്പ്രീത് ബുമ്രയുടെ ഡെത്ത് ഓവറുകളായിരുന്നുവെന്നും സഞ്ജു പറഞ്ഞു. ഈ വിജയത്തിൻറെ മുഴുവൻ ക്രെഡിറ്റും ജസ്പ്രീത് ബുമ്രയ്ക്കുള്ളതാണ്. അദ്ദേഹം ലോകോത്തര ബൗളറാണ്, ഒരു തലമുറയിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അത്ഭുതം. ഈ മാൻ ഓഫ് ദി മാച്ച് അവാർഡ് യഥാർത്ഥത്തിൽ അദ്ദേഹത്തിനാണ് ലഭിക്കേണ്ടത്. ഡെത്ത് ഓവറുകളിൽ അദ്ദേഹം അത്രയും മികച്ച രീതിയിൽ പന്തെറിഞ്ഞില്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് ഇവിടെ (അവാർഡ് വേദിയിൽ) നിൽക്കില്ലായിരുന്നു-സഞ്ജു വികാരാധീനനായി പറഞ്ഞു.
പിന്നാലെ അവതാരകന്റെ ചോദ്യമെത്തി, കഴിഞ്ഞ കളിയിൽ 97*, ഈ മത്സരത്തിൽ 89, സെഞ്ചുറി നഷ്ടമായി എന്നു തോന്നുന്നുണ്ടോ? ഉടനെ ആരാധകരെ കോരിത്തരിപ്പിച്ച മറുപടിയെത്തി… സാർ ഇത് ടെസ്റ്റോ, ഏകദിനമോ അല്ല, പോരാത്തതിന് ഇത് വാംഖഡെയാണ്, 200 റൺസൊക്കെ അവർക്ക് ചെയ്സബിൾ ആണ്, ഞാൻ കളിച്ചത് എന്റെ രാജ്യത്തിനായാണ്, അതിനാൽ സെഞ്ചുറി നോക്കാതെ അടിച്ച് പരമാവധി റൺസെടുക്കാനാണ് നോക്കിയത്…
അതേസമയം മത്സരത്തിലെ തന്റെ ആദ്യ പന്തിൽ തന്നെ ഇംഗ്ലണ്ട് നായകൻ ഹാരി ബ്രൂക്കിനെ പുറത്താക്കി ബുംറ ചരിത്രം കുറിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിലെ തൻറെ 500-ാം വിക്കറ്റാണ് ബുംറ വാംഖഡെയിൽ ആഘോഷിച്ചത്. ഇംഗ്ലണ്ട് 254 റൺസ് പിന്തുടരുന്നതിനിടെ, സമ്മർദ്ദഘട്ടങ്ങളിൽ വെറും 33 റൺസ് മാത്രം വിട്ടുകൊടുത്ത് ബുമ്ര നടത്തിയ പ്രകടനം ഇന്ത്യയെ 7 റൺസ് വിജയത്തിലേക്ക് നയിക്കുന്നതിൽ നിർണ്ണായകമായി. 18-ാം ഓവറിൽ വെറും 6 റൺസ് മാത്രമാണ് ബുമ്ര വിട്ടുനൽകിയത്, 19-ാം ഓവറിലെ പാണ്ഡ്യയുടെ പ്രകടനവും അക്സറിന്റെ മിന്നും ക്യാച്ചും കളിയിൽ ഇന്ത്യയുടെ ഗതി നിർണയിച്ചു.






