‘ശശി ഇല്ലാതാക്കാന്‍ ശ്രമിച്ച സഖാക്കള്‍ ഇപ്പോഴും അവിടെയുണ്ട്, ഒറ്റുകൊടുത്തില്ല, മറുകണ്ടം ചാടിയില്ല; അന്നു കുറ്റസമ്മതം നടത്തിയ കാര്യങ്ങള്‍ ശശി വീണ്ടും വിളിച്ചു പറയുന്നു’; പി.കെ. ശശിക്കെതിരേ എണ്ണിയെണ്ണി കുറ്റപത്രം നിരത്തി ഏരിയ സെക്രട്ടറിയുടെ കുറിപ്പ്

പാലക്കാട്: പാര്‍ട്ടിയില്‍നിന്ന് കാന്‍സര്‍ ബാധിത കോശം മുറിച്ചു മാറ്റിയെന്നും ബോഡി വേസ്റ്റ് താമസിയാതെ യുഡിഎഫില്‍ എത്തുമെന്നും രൂക്ഷ വിമര്‍ശനവുമായി ശ്രീകൃഷ്ണപുരം ഏരിയ സെക്രട്ടറി കെ. ജയദേവന്റെ കുറിപ്പ്. നിരന്തരമായി ശല്യം ചെയ്തതിനു പെണ്‍കുട്ടി പോലീസ് പരാതി നല്‍കിയിരുന്നെങ്കില്‍ പി.കെ. ശശി ജയിലില്‍ പോകുമായിരുന്നെന്നും തെഹല്‍കയിലെ മാത്യൂ സാമുവലിനെ സമീപിച്ചു പാര്‍ട്ടി ജില്ലാ സെക്രട്ടറിക്കെതിരേ സ്ത്രീവിഷയം, സ്പിരിറ്റ് കേസ്എന്നിവ പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്നും എം.ബി. രാജേഷിനെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാനും തനിക്ക് ഷൊര്‍ണൂരില്‍ ജയിക്കാനും മണ്ണാര്‍ക്കാട്ടെ മുസ്ലീം ലീഗ് നേതൃത്വവുമായി കൂട്ടുകെട്ടുണ്ടാക്കിയെന്നും പി.കെ. ശശി ഇല്ലാതാക്കാന്‍ ശ്രമിച്ച സഖാക്കള്‍ ഇപ്പോഴും പാര്‍ട്ടിക്കൊപ്പമുണ്ടെന്നും ജയദേവന്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം
പി.കെ. ശശിക്ക് ‘ആദരാഞ്ജ’ലികള്‍
ഒരു കേന്‍സര്‍ ബാധിത കോശം ഒടുവില്‍ മുറിച്ചുമാറ്റപ്പെട്ടു. ശരീരം കുറച്ചുകൂടി രോഗമുക്തമായി. പാര്‍ട്ടി മുറിച്ചു കളഞ്ഞ ‘ബോഡിവേസ്റ്റ്’ താമസിയാതെ വി.ഡി. സതീശന്റെ നേതൃത്തിലുള്ള UDF ന്റെ ഭാഗമാകും. കാലമെത്ര കഴിഞ്ഞാലും എത്തേണ്ടത്, എത്തേണ്ടിടത്ത് എത്തും. പി.കെ.ശശിയെ പാര്‍ട്ടി പുറത്താക്കിയ വാര്‍ത്ത കേട്ടപ്പോള്‍ ആദ്യം തോന്നിയ കാര്യം ഇതാണ്. പാലക്കാട്ടെ CPI(M) പ്രവര്‍ത്തകര്‍ ഇതിനേക്കാള്‍ ആവേശകരമായ മറ്റൊരു വാര്‍ത്ത സമീപകാലത്ത് കേട്ടു കാണാനിടയില്ല. അത്രയും സന്തോഷിക്കുന്നുണ്ടാകും അവരിപ്പോള്‍. നടപടി കുറച്ചുകൂടി നേരത്തെ ആകാമായിരുന്നു എന്നേ അവര്‍ കരുതുന്നുണ്ടാകൂ. എന്നാല്‍ പാര്‍ട്ടിക്ക്, വിശേഷിച്ച് അതിന്റെ നേതൃത്വത്തിന് സവിശേഷമായ മറ്റൊരു രീതിയാണുള്ളത്. അവസാന നിമിഷം വരേയും ഒരാളെ പാര്‍ട്ടിയില്‍ നിലനിര്‍ത്താന്‍ അത് ശ്രമിക്കും. തെറ്റ് തിരുത്താന്‍ അവസരം നല്‍കും. പിന്നേയും പിന്നേയും അവസരം നല്‍കും. ചെറിയ മരുന്നുകള്‍ നല്‍കും. അവസാനം, നിവൃത്തിയില്ലാതെ വന്നാലേ ഓപ്പറേഷന്‍ തിയറ്ററിലേക്ക് കയറ്റൂ. കൊടും കേടായ അവയവം മുറിച്ചു കളയുകയല്ലാതെ വേറെ മാര്‍ഗമില്ല എന്ന അസ്ഥയില്‍ !
ശശിയുടെ കാര്യത്തിലും ഉണ്ടായത് അതാണ്. അയാളെ വിശുദ്ധനാക്കാന്‍ വലതുപക്ഷം ഇപ്പോള്‍ സ്വാഭാവികമായും ശ്രമിക്കും. സത്യം വിളിച്ചു പറയുന്ന എന്തോ പുണ്യാളനാണ് അയാള്‍ എന്ന് വരുത്തിത്തീര്‍ക്കും. അതൊന്നും പക്ഷേ നടക്കാന്‍ പോകുന്നില്ല. വാര്‍ത്താകാര്‍ഡുകളില്‍ കൊടുക്കുന്ന അയാളുടെ ഫോട്ടോകളില്‍ വരെ ആ ജാഗ്രത കാണാം. എന്നാല്‍, അവര്‍ മറക്കുന്ന ഒരു കാര്യമുണ്ട്. പാര്‍ട്ടിക്കുള്ളില്‍ വന്ന ആഭ്യന്തരമായ ചില പരാതികളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പാര്‍ട്ടി കണ്ടെത്തിയ കുറച്ച് കാര്യങ്ങളാണ് അത്. അതിന്റെ അടിസ്ഥാനത്തിലാണ് അയാള്‍ക്കെതിരെ പാര്‍ട്ടി നേരത്തേ നടപടി എടുത്തത്. ആ കണ്ടെത്തലുകളില്‍ ചിലത് താഴെ പറയുന്നവയാണ്.
1. സ്വന്തം മകളെക്കാള്‍ പ്രായം കുറഞ്ഞ, പാര്‍ട്ടിയില്‍ തന്നെയുള്ള ഒരു പെണ്‍കുട്ടിയെ നിരന്തരമായി ശല്യം ചെയ്തു. അവര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു എങ്കില്‍ അയാള്‍ അന്ന് അറസ്റ്റ് ചെയ്യപ്പെട്ടേനെ. അവരത് ചെയ്തില്ല. പകരം, പാര്‍ട്ടിയില്‍ പരാതിപ്പെട്ടു. പാര്‍ട്ടി അതേപ്പറ്റി അന്വേഷിച്ചു. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടു. 6 മാസം ശശിയെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍് ചെയ്തു. ആ നടപടിയില്‍ തൃപ്തി പോരെങ്കില്‍ പരാതിക്കാരിക്ക് വീണ്ടും പോലീസില്‍ പരാതി നല്‍കാമായിരുന്നു. അയാള്‍ അപ്പോഴും അറസ്റ്റ് ചെയ്യപ്പെടുമായിരുന്നു. പാര്‍ട്ടി അതിന് തടസ്സമല്ലായിരുന്നു. പാര്‍ട്ടി വേറെ, പോലീസും നിയമവും വേറെ. എന്നാല്‍,അവരത് ചെയ്തില്ല. അയാള്‍ ചെയ്ത തെറ്റിന് ഈ ശിക്ഷ മതി എന്നവര്‍ കരുതിക്കാണും. ഏതൊരു തെറ്റിനുമുള്ള ശിക്ഷ വധശിക്ഷയൊന്നുമല്ലല്ലോ. ( UDF, BJP സുഹൃത്തുക്കളോടാണ് – നിങ്ങളിത്രയും കാലം പറഞ്ഞ ആക്ഷേപം ശരിവെച്ച് ഒടുവില്‍ CPIM , പി.കെ ശശിക്കെതിരെ നടപടിയെടുത്തിരിക്കുന്നു. പഴയ ആ പോസ്റ്റ് കാര്‍ഡുകളുമായി വീണ്ടും ഇതുവഴി വരിക.)
2. ‘തെഹല്‍ക്ക’യുടെ മാത്യു സാമുവലിനെ കേട്ടിട്ടില്ലേ നിങ്ങള്‍ ? മുന്‍പൊരിക്കല്‍, സ്റ്റിങ്ങ് ഓപ്പറേഷനിലൂടെ BJP പ്രസിഡണ്ട് ബെങ്കാരു ലക്ഷ്മണിന്റെ അഴിമതി തുറന്നു കാട്ടിയ പ്രശസ്തനായ മാധ്യമപ്രവര്‍ത്തകന്‍! അദ്ദേഹത്തെ സമീപിച്ച്, തന്റെ സഹപ്രവര്‍ത്തകന്‍ കൂടിയായ പാര്‍ട്ടി ജില്ലാസെക്രട്ടറിക്കെതിരെ സ്ത്രീവിഷയം, അഴിമതി, സ്പിരിറ്റ് കേസ് തുടങ്ങിയ ഇല്ലാക്കഥകള്‍ വാര്‍ത്തയാക്കാന്‍ ആവശ്യപ്പെട്ടു ഈ കുലംകുത്തി. സത്യത്തിന്റെ കണിക പോലുമില്ലാത്ത ആ മഞ്ഞവാര്‍ത്ത നല്‍കാന്‍ പക്ഷേ, അദ്ദേഹം തയ്യാറായില്ല. (അന്ന് തനിക്കതില്‍ തെറ്റുപറ്റിയെന്ന് പാര്‍ട്ടിയില്‍ കുറ്റസമ്മതം നടത്തിയ ആളാണ് ഈ ശശി. എന്നാല്‍, അതേ ഇല്ലാക്കഥകള്‍ ഇന്നയാള്‍ വീണ്ടും പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിക്കെതിരെ ഉന്നയിച്ചു).
ആലോചിച്ചു നോക്കൂ- CPIMന്റെ ജില്ലാ സെക്രട്ടറിയെപ്പോലൊരാള്‍ കള്ള് / സ്പിരിറ്റ് കച്ചവടം നടത്തിയാല്‍, അത് പൊതുസമക്ഷം കൊണ്ടുവരാന്‍ ശേഷിയില്ലാത്ത ഒരു മാധ്യമലോകമാണോ കേരളത്തിലുള്ളത്? എന്തൊരസംബന്ധമാണ് ഇയാളീ പറയുന്നത്? ഒരിക്കല്‍, മാത്യു സാമുവലിനെപ്പോലുള്ള ഒരു മാധ്യമ പ്രവര്‍ത്തകന്‍ അന്വേഷിച്ച് തളളിക്കളഞ്ഞ ഒരു പെരുംനുണ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്ന ഒരു അഞ്ചാം പത്തിയെ സാധാരണ ഗതിയില്‍ നാം എന്താണ് ചെയ്യുക?
3. കള്ള് ചെത്ത് – മദ്യവ്യവസായ തൊഴിലാളികളുടെ പേരിലുള്ള 1ഏക്കര്‍ 4 സെന്റ് സ്ഥലവും ഒരു ജീപ്പും വിഴുങ്ങിക്കളഞ്ഞു ഇയാള്‍.
4. എം.ബി. രാജേഷിനെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാനും തനിക്ക് ഷൊര്‍ണൂരില്‍ ജയിക്കാനും (രണ്ടും രണ്ട് സന്ദര്‍ഭങ്ങളാണ്) മണ്ണാര്‍ക്കാട്ടെ മുസ്ലീം ലീഗ് നേതൃത്വവുമായി ഇയാള്‍ കൂട്ടുകെട്ടുണ്ടാക്കിയതായി പാര്‍ട്ടി കണ്ടെത്തി. അതിന് തയ്യാറാവാത്ത പാര്‍ട്ടി സഖാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചു. (ജില്ലാ സെക്രട്ടറിയെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചയാള്‍ക്ക് എന്ത് ലോക്കല്‍ കമ്മിറ്റി മെമ്പര്‍ !)
5.പാര്‍ട്ടി ഓഫീസിനു വേണ്ടി പിരിച്ച പണം സ്വന്തം അക്കൗണ്ടില്‍ സൂക്ഷിച്ചു. അതില്‍ വ്യാപകമായ ക്രമക്കേട് നടത്തി.
ഈ കാര്യങ്ങളെലാം പാര്‍ട്ടി നിയോഗിച്ച അന്വേഷണക്കമ്മീഷന്‍ കണ്ടെത്തിയതാണ്. അങ്ങിനെയാണ് പി.കെ. ശശി ജില്ലാ സെക്രട്ടേറിയററില്‍ നിന്ന് മാസങ്ങള്‍ക്ക് മുന്നേ തരംതാഴ്ത്തപ്പെടുന്നത്. കുറച്ചു കാലമായി അയാള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ ഭാഗമല്ലാതായി. പാര്‍ട്ടിയില്‍ ഒരു സാധാരണ അംഗം മാത്രമായി. അപ്പോഴും ,അയാള്‍ തെറ്റ് തിരുത്തുമെന്ന് നേതൃത്വം കരുതിക്കാണും. അവര്‍ക്കങ്ങനെ കരുതാനേ പറ്റൂ. കാരണം, ആ തോന്നലിന്റെ കൂടി പേരാണ് നേതൃത്വം എന്നത്.
പക്ഷേ, താഴെയുള്ള സഖാക്കളുടെ, സാധാരണ പ്രവര്‍ത്തകരുടെ കാര്യം വേറെയാണ്. പാര്‍ട്ടിയിലുണ്ടായിരുന്ന നൂറ് കണക്കിന് കൊള്ളാവുന്ന സഖാക്കളെ മുളയിലേ നുള്ളിക്കളഞ്ഞ വെറുമൊരു മാടമ്പിയാണ് അവര്‍ക്ക് പി.കെ.ശശി. പാര്‍ട്ടിക്കകത്ത് എപ്പോഴും വിഭാഗീതകള്‍ നിലനിര്‍ത്താന്‍ ആഗ്രഹിച്ച ഒരാള്‍. ഒന്നായി നില്‍ക്കുന്നതിനെ രണ്ടാക്കി, ഒരു ഭാഗത്തെ പോക്കറ്റിലിടാന്‍ ശ്രമിക്കുന്ന ഒരാള്‍. തനിക്ക് ശേഷം ഒരു രണ്ടാംനിര നേതൃത്വത്തെ ഒരിക്കലും ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കാത്ത ഒരാള്‍.അഴിമതിയുടെ ആക്ഷേപങ്ങള്‍ പലപ്പോഴായി കേള്‍പ്പിച്ച ഒരാള്‍.
അങ്ങിനെയുള്ള ഒരാളായിരുന്നിട്ടും പക്ഷേ, അയാളുടെ ഗീര്‍വാണങ്ങള്‍ ഇന്നും പതിവ്‌പോലെ ഗംഭീരമായിരുന്നു. ഇത്രയും ആത്മവിശ്വാസത്തോടെ, ആധികാരികതയോടെ കള്ളം പറയുന്ന ഒരാളേ ഇപ്പോള്‍ കേരളത്തിലുള്ളൂ – ശശിയുടെ ഭാവി നേതാവ് – സാക്ഷാല്‍ വി.ഡി. സതീശന്‍. UDF പാളയത്തിന് പി.കെ.ശശി തീര്‍ച്ചയായും ഒരു മുതല്‍കൂട്ടാകും. സതീശനേയും ശശിയേയും ഇടത്തും വലത്തും വെച്ച് പൂട്ടാം. നോക്കിക്കോളൂ – ആ കലപ്പ പിടിക്കുന്നത് മുസ്ലിം ലീഗായിരിക്കും. എന്നിട്ടും ബഡായിക്ക് കുറവൊന്നുമില്ല.
യഥാര്‍ത്ഥ മാര്‍ക്‌സിസ്റ്റുകള്‍ തങ്ങളാണ് എന്ന് ശശി പറഞ്ഞപ്പോള്‍, ടെലിവിഷനില്‍ , ഞാനാ സ്റ്റേജൊന്ന് നോക്കി. എനിക്ക് ധാരാളം പരിചയമുള്ള രണ്ട് പേരുണ്ടായിരുന്നു ആ ‘മഹാവിപ്ലവ’കാരികള്‍ക്കിടയില്‍. ഒരാള്‍, താന്‍ ഭാരവാഹിയായ സംഘടനയുടെ ഓഫീസില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിക്ക് തന്റെ തന്നെ നഗ്‌ന വീഡിയോ അയച്ചു കൊടുത്ത് – ഒരിക്കലല്ല; പല തവണ – പാര്‍ട്ടി നടപടിയെടുത്ത് പുറത്താക്കിയ ആളാണ് ! രണ്ടാമന്‍, പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയും വിധവയുമായ ഒരു സ്ത്രീയുടെ സ്ഥലം കച്ചവടം ചെയ്ത് കമ്മീഷന്‍ അടിച്ചതിന്റെ പേരില്‍ നടപടി നേരിട്ടയാളാണ്. വേറെയുമുണ്ടായിരുന്നു അയാള്‍ക്കെതിരെ പരാതികള്‍. അതില്‍ നടപടി വരും മുന്‍പ് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സ്വയം പുറത്തുപോയതുകൊണ്ട് പാര്‍ട്ടിക്ക് പുറത്താക്കേണ്ടി വന്നില്ല.
ശരിയുടെ കൂട്ടായ്മയിലെ നേതൃത്വമായി നില്‍ക്കുന്ന പലരും ഇത്തരക്കാരാണ്. ശശിയുടെ അനുയായികളാവാന്‍ സര്‍വ്വാത്മനാ യോഗ്യരായവര്‍ ! പല കാലത്ത്, പല കാരണങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരാണ് അവര്‍. എന്നാല്‍ അതില്‍ മിക്കതിന്റെയും കാരണങ്ങള്‍ സംഘടനാ വിഷയങ്ങളായിരുന്നില്ല . മറിച്ച്, പണാപഹരണം, റിയല്‍ എസ്റ്റേറ്റ് കച്ചവടം, സ്ത്രീകളോട് മോശമായി പെരുമാറല്‍ തുടങ്ങിയവയ്ക്കായിരുന്നു ആ നടപടികള്‍ ഏറേയും . അന്നുമിന്നും അവരുടെ നേതാവ് പി.കെ.ശശിയാണ്. അതങ്ങിനേയേ വരൂ.
ഇപ്പോള്‍ ചിലര്‍ക്കെങ്കിലും തോന്നാം. ഇതെല്ലാം ഇപ്പോഴാണോ പറയുക? ഇത്രനാളും എന്തേ ഇതൊന്നും പറഞ്ഞില്ല? പലതാണ് അതിന്റെ ഉത്തരം. ഇപ്പോഴാണ് ഇത് പറയേണ്ട സമയം വന്നത് എന്നതാണ് ഒന്നാമത്തെ കാര്യം. നമ്മുടെ വീട്ടില്‍ ഒരാളൊരു തെറ്റ് ചെയ്താല്‍, അത് അപ്പുറത്തെ വീട്ടില്‍ പോയി വിളിച്ചു കൂവുകയല്ല , അയാളെ തിരുത്താനാണ് നാം സാധാരണയായി ശ്രമിക്കുക . ഏതൊരു പാര്‍ട്ടിയും, സംഘടനയും അങ്ങിനെത്തന്നെയാണ്. ഇക്കാര്യത്തില്‍ വീടിന്റെ ഒരു വികസിത രൂപമാണ് പാര്‍ട്ടി(ഏത് വീടും, ഏതു പാര്‍ട്ടിയും ഇങ്ങിനെയാണ്.) ഒരു തരത്തിലും പറ്റാതായാലേ, ഇനിയീ വീട്ടില്‍ കയറരുത് എന്ന് ആരോടും നാം പറയുകയുള്ളൂ.
മൂന്നാമത്തേത് കുറേക്കൂടി സങ്കീര്‍ണ്ണമായ ഒരു ഉത്തരമാണ്. CPIM പോലുള്ള ഒരു വിപ്ലവബഹുജന പാര്‍ട്ടിയെ നാം വിലയിരുത്തേണ്ടത്, അതിലുള്ള വ്യക്തികളുടെ നന്മ- തിന്മകളുടെ അടിസ്ഥാനത്തിലായിരിക്കരുത് എന്നതാണ് അത്. എനിക്കുറപ്പുണ്ട് – പാര്‍ട്ടിയിലുള്ള ഏറ്റവും ഒടുവിലത്തെ ചീത്ത ആളൊന്നുമായിരിക്കില്ല P.K .ശശി. ഇനിയും കാണും ഏറിയും കുറഞ്ഞും ശശിമാര്‍. നമ്മുടേതുപോലുള്ള ഒരു ബൂര്‍ഷ്വാ സമൂഹത്തില്‍ അതൊരു യാഥാര്‍ത്ഥ്യമാണ്. അതില്‍ പാര്‍ട്ടിക്ക് ചെയ്യാനുള്ളത് ഒന്നേയുള്ളൂ – പരമാവധി ശ്രദ്ധിക്കുക. വീണ്ടും വീണ്ടും തിരുത്തുക. എന്നിട്ടും പറ്റാത്തതിനെ ഒഴിവാക്കുക. പാര്‍ട്ടി എന്നാല്‍ നന്മകള്‍ മാത്രം നിറഞ്ഞ കുറേ മനുഷ്യര്‍ ചേര്‍ന്ന ഒരു സങ്കല്‍പസൗധമല്ല; മറിച്ച്, തൊഴിലാളിവര്‍ഗത്തിന്റെ ഉള്ളടക്കമുള്ള നിലനില്‍ക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (existing communist party) എന്നതാണ്.
നിലനില്‍ക്കുന്ന ആ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പിളര്‍ത്താനും ദുര്‍ബലമാക്കാനുമാണ് പി.കെ.ശശിയും കൂട്ടരും ഇപ്പോള്‍ ശ്രമിക്കുന്നത്. വ്യക്തി എന്ന നിലക്ക് അതിനയാള്‍ക്ക് അവകാശമുണ്ട്. എന്നാല്‍, എഴുപതും എണ്‍പതും പിന്നിട്ടാലും അധികാരസ്ഥാനങ്ങളില്‍ ഇരിക്കാനും അതാസ്വദിക്കാനുമുള്ള വെറും മനുഷ്യന്റെ തൃഷ്ണയെ, ആര്‍ത്തിയെ മാര്‍ക്‌സിസത്തിന്റെ ഉദാത്തതയായി ചിത്രീകരിക്കരുത്. കാരണം,CPIM നെ നന്നാക്കാനിറങ്ങിയ ഈ വര്‍ഗ വഞ്ചകര്‍ നാളെ നേരെ ചെന്നുകയറുന്നത് UDF ന്റെ തൊഴുത്തിലേക്കാണ്. അതായത്, അവരുടെ പ്രശ്‌നം പാര്‍ട്ടിയല്ല, അധികാരമാണ്. അത് ഇവിടെയായാല്‍ ഇവിടെ നില്‍ക്കും. അപ്പുറത്ത് നിന്നായാല്‍ അങ്ങോട്ട് പോകും. കാട്ടുകോഴിക്കെന്ത് ശങ്കരാന്തി? അധികാരമോഹികള്‍ക്കെന്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ?
ഈ സമയത്ത് പാര്‍ട്ടിയിലുള്ള / ഉണ്ടായിരുന്ന രണ്ട് തരം മനുഷ്യരെ താരതമ്യം ചെയ്തു നോക്കുന്നത് നന്നായിരിക്കും എന്നു തോന്നുന്നു. ഒരു കൂട്ടര്‍ ശശിയെപ്പോലുള്ളവരാണ്- എത്ര കിട്ടിയാലും, എന്തു കിട്ടിയാലും മതിയാകാത്തവര്‍. അധികാരവും പദവിയും നഷ്ടമാകുന്നു എന്ന് വരുമ്പോള്‍ അവര്‍ പാര്‍ട്ടി വിടുന്നു. ശത്രുപാളയത്തില്‍ ചേക്കേറുന്നു. തങ്ങളെ തങ്ങളാക്കിയ പാര്‍ട്ടിയെ ഒറ്റുകൊടുക്കുന്നു. എന്നാല്‍, P.K ശശി ഇല്ലാതാക്കാന്‍ നോക്കിയ സഖാക്കളുടെ കാര്യം നോക്കൂ – അവര്‍ എവിടേയും പോയില്ല. മറുകണ്ടം ചാടിയില്ല. പരാതി പറഞ്ഞില്ല. പാര്‍ട്ടിയെ ഒറ്റുകൊടുത്തില്ല. പകരം, അന്നുമിന്നും മുന്‍നിരയില്‍ നിന്ന് പാര്‍ട്ടിക്ക് വേണ്ടി യുദ്ധം ചെയ്യുന്നു. കാരണം ഒന്നേയുള്ളു – അവരുടെ concern പാര്‍ട്ടിയാണ്, അധികാരമല്ല. അത്തരം മനുഷ്യരുള്ളപ്പോള്‍, അവര്‍ ധാരാളമുള്ളപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വര്‍ഗ്ഗവഞ്ചകര്‍ക്ക് ഒരിക്കലും തോല്‍പ്പിക്കാനാവില്ല.
(NB : ആദ്യത്തെ തലവാചകത്തിലും അവസാനത്തെ ഫോട്ടോയിലും Political correctness വേണ്ടത്രയില്ല. ചില സമയത്ത് ചില ഭാഷ വേണ്ടി വരും. ക്ഷമിക്കുക)
കെ. ജയദേവന്‍
#PKSasi, #CPIM, #CPIMKerala, #PalakkadNews, #KeralaPolitics, #PKSasiExpelled, #KJayadevan, #LDF, #UDF, #VDSatheesan, #PoliticalNewsKerala, #BreakingNewsMalayalam, #DailyhuntMalayalam, #MalayalamNews, #LeftPolitics, #RadwanForce (Note: only if linking to wider geopolitical trends, otherwise omit), #KeralaPoliticalCrisis
#പികെശശി, #സിപിഐഎം, #പാലക്കാട്വാർത്തകൾ, #രാഷ്ട്രീയം, #കെജയദേവൻ, #ശ്രീകൃഷ്ണപുരം, #കേരളരാഷ്ട്രീയം, #വിഡിസതീശൻ, #യുഡിഎഫ്, #എംബിരാജേഷ്, #പാർട്ടിനടപടി, #പുറത്താക്കൽ, #പാലക്കാട്സിപിഎം






