ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ഇന്ധന പ്രതിസന്ധി!! രാജ്യവ്യാപക ‘വർക്ക് ഫ്രം ഹോം’ പരിഗണിച്ച് പാക്കിസ്ഥാൻ, നാല് ആഴ്ചത്തേക്ക് മതിയാകുന്ന ഇന്ധന ശേഖരമുണ്ടെന്ന് സർക്കാർ

ഇസ്ലാമാബാദ്: ചെനാബാ നദിയിലൂടെയുള്ള ഒഴുക്ക് ഇന്ത്യ നിയന്ത്രിച്ചതോടെ പാക്കിസ്ഥാനിൽ വെള്ളപ്രതിസന്ധി രൂക്ഷമായത്. പിന്നാലെ അടുത്ത ഭീഷണിയും രാജ്യത്തെ തേടിയെത്തിയിരിക്കുകയാണ്. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ രാജ്യം ഇന്ധന ക്ഷാമത്തിലേക്കു കടക്കുന്നതായി റിപ്പോർട്ട്. ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥയും ഹോർമുസ് കടലിടുക്കും കപ്പൽ ഗതാഗതത്തിലെ അനിശ്ചിതത്വവും കണക്കിലെടുത്ത് രാജ്യവ്യാപകമായി “വർക്ക് ഫ്രം ഹോം” നയം നടപ്പാക്കുന്ന കാര്യം പരിഗണനയിലെടുത്തിരിക്കുകയാണ് പാക്ക് സർക്കാർ. രാജ്യത്തെ ഇന്ധന ഉപഭോഗം കുറയ്ക്കാനും ആഭ്യന്തര പെട്രോളിയം വിതരണത്തിൽ സ്ഥിരത ഉറപ്പാക്കാനുമാണ് ഈ നീക്കം.
ധനകാര്യ മന്ത്രി മുഹമ്മദ് ഔറംഗസേബിൻ്റെ സർക്കാർ സമിതി അടുത്തിടെ രാജ്യത്തെ ഇന്ധന സ്ഥിതി വിലയിരുത്തി. എണ്ണ ശേഖരങ്ങൾ, എൽ.എൻ.ജി കപ്പൽ വരവുകൾ, അതിർത്തി മുറിച്ച് എത്തുന്ന എൽ.പി.ജി വിതരണങ്ങളും യോഗത്തിൽ പരിശോധിച്ചു. നിലവിൽ പാക്കിസ്ഥാനിൽ ഏകദേശം നാല് ആഴ്ചത്തേക്ക് മതിയാകുന്ന പെട്രോൾ-ഡീസൽ ശേഖരം ഉണ്ടെന്നും ഉടൻ ക്ഷാമ സാധ്യതയില്ലെന്നും വ്യക്തമാക്കി.
ലോകത്തിലെ പ്രധാന എണ്ണ ഗതാഗത പാതയായ ഹോർമസ് കടലിടുക്ക് വഴിയാണ് ആഗോള എണ്ണ ചരക്കുകളുടെ അഞ്ചിൽ ഒരുഭാഗം കടന്നുപോകുന്നത്. ഇവിടെ ഉണ്ടായേക്കാവുന്ന തടസങ്ങൾ കപ്പൽ ഗതാഗതം വൈകിപ്പിക്കുകയും ഗതാഗത ചെലവ് വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് വിലയിരുത്തൽ.
പെട്രോളിയം ആവശ്യകതയുടെ വലിയൊരു ഭാഗം ഇറക്കുമതിയിലൂടെ നിറവേറ്റുന്ന രാജ്യമായതിനാൽ ഗൾഫ് മേഖലയിൽ നിന്നുള്ള കടൽ പാതകളെയാണ് പാക്കിസ്ഥാൻ കൂടുതലും ആശ്രയിക്കുന്നകത്. പ്രത്യേകിച്ച് കുവൈത്തിൽ നിന്നുള്ള ഡീസൽ ചരക്കുകൾ. ഇതിനിടെ ഇന്ധന സംഭരണം തടയാനും കരിഞ്ചന്തകളിൽ പൂഴ്ത്തിവെക്കുന്നത് ഒഴിവാക്കാനും നടപടികൾ പാക്കിസ്ഥാൻ ശക്തമാക്കി. ഓയിൽ ആൻഡ് ഗ്യാസ് റെഗുലേറ്ററി അതോറിറ്റി എണ്ണ വിപണന കമ്പനികൾക്ക് പഴയ കണക്കുകൾ അടിസ്ഥാനമാക്കി റീട്ടെയിൽ ഇന്ധന വിതരണം താൽക്കാലികമായി നിയന്ത്രിക്കാൻ അനുമതി നൽകിയിട്ടുണ്ട്. വിലമാറ്റങ്ങൾ നടക്കുന്ന സമയത്തും വിതരണത്തിൽ സ്ഥിരത നിലനിർത്തുകയാണ് ലക്ഷ്യം.
വർക്ക് ഫ്രണ്ട് ഹോം സംവിധാനത്തിന് പുറമെ ഗതാഗത ഉപയോഗം കുറയ്ക്കൽ, ആവശ്യകത നിയന്ത്രിക്കുന്ന നടപടികൾ, ചെങ്കടൽ ഉൾപെടെ മറ്റ് തുറമുഖങ്ങൾ വഴിയുള്ള പകരം വിതരണ മാർഗങ്ങൾ അന്വേഷിക്കൽ തുടങ്ങിയവയും സർക്കാർ പരിഗണിക്കുന്നുണ്ട്. നിലവിലെ സാഹചര്യം സർക്കാർ അടുത്തതായി നിരീക്ഷിക്കുന്ന സംസ്ഥാന സർക്കാരുകളുമായി ചേർന്ന് ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് അധികൃതർ അറിയിച്ചു.






