
വാഷിങ്ടൺ/ ടെൽ അവീവ്: ഇറാനു നേരെയുള്ള യുഎസ് – ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് – ഇസ്രായേൽ ഇന്റലിജൻസിനെ മറികടക്കാൻ ഖമേനിക്ക് കഴിഞ്ഞില്ല. ഖമേനിയെ കൂടാതെ ഇറാനിലെ ഏതാനും സുപ്രധാന നേതാക്കളെയും വധിച്ചെന്നും യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടു. ഖമേനിയുടെ മകളും മരുമകനും ചെറുമകനും കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ഖമേനി കൊല്ലപ്പെട്ടെന്ന് ട്രംപ് രേഖപ്പെടുത്തിയത്.
ഖമേനി ഇനി ജീവനോടെയില്ലെന്ന് സൂചിപ്പിക്കുന്ന നിരവധി തെളിവുകൾ പുറത്തുവരുന്നുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും പറഞ്ഞു. ആ സ്വേച്ഛാധിപതിയുടെ അന്ത്യം കണ്ടതിനാൽ ‘തെരുവിലിറങ്ങി ജോലി പൂർത്തിയാക്കാൻ’ ഇറാൻ ജനതയോട് നെതന്യാഹു ആഹ്വാനം ചെയ്തു. ഖമനയിയുടെ താമസസ്ഥലവും, റെവല്യൂഷണറി ഗാർഡ് കമാൻഡർമാരും മുതിർന്ന ആണവ ഉദ്യോഗസ്ഥരും വധിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഖമേനി കൊല്ലപ്പെട്ടെന്ന അവകാശവാദം ഉന്നയിച്ച് ഇസ്രയേൽ ഉദ്യോഗസ്ഥരും രംഗത്തെത്തി. എന്നാൽ ട്രംപിന്റെയും നെതന്യാഹുവിന്റെയും അവകാശവാദങ്ങൾക്കിടയിൽ ആയത്തുല്ല അലി ഖമേനയിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു.
ട്രംപ് എക്സിൽ പങ്കുവച്ച പോസ്റ്റ് ഇപ്രകാരമാണ്: ‘ചരിത്രത്തിലെ ഏറ്റവും ക്രൂരരായ വ്യക്തികളിൽ ഒരാളായ ഖമേനി കൊല്ലപ്പെട്ടു. ഇത് ഇറാനിലെ ജനങ്ങൾക്ക് മാത്രമല്ല, ഖമനയിയും രക്തദാഹികളായ ഗുണ്ടാസംഘവും കൊലപ്പെടുത്തുകയോ അംഗഭംഗം വരുത്തുകയോ ചെയ്ത എല്ലാ മഹത്തായ അമേരിക്കൻ ജനതയ്ക്കും ലോകമെമ്പാടുമുള്ള മറ്റു രാജ്യങ്ങളിലെ ജനങ്ങൾക്കും ലഭിച്ച നീതിയാണ്. ഞങ്ങളുടെ ഇന്റലിജൻസിനെയും അത്യന്താധുനിക ട്രാക്കിങ് സംവിധാനങ്ങളെയും മറികടക്കാൻ ഖമനയിക്ക് കഴിഞ്ഞില്ല. ഇസ്രായേലുമായി ചേർന്ന് പ്രവർത്തിച്ചതിനാൽ ഖമേനിക്കും ഒപ്പമുള്ളവർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞതുമില്ല. ഇറാനിലെ ജനങ്ങൾക്ക് അവരുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണിത്. അവരുടെ റെവല്യൂഷണറി ഗാർഡ്, സൈന്യം, മറ്റ് സുരക്ഷാ-പൊലീസ് സേനകളിലെ പലരും ഇനി പോരാടാൻ ആഗ്രഹിക്കുന്നില്ലെന്നും ഞങ്ങളിൽ നിന്ന് കുറ്റവിമുക്തി തേടുകയാണെന്നും ഞങ്ങൾ അറിയുന്നു.
ഇന്നലെ രാത്രി ഞാൻ പറഞ്ഞതുപോലെ, “ഇപ്പോൾ അവർക്ക് കുറ്റവിമുക്തി നേടാം, പിന്നീട് അവർക്ക് ലഭിക്കുന്നത് മരണം മാത്രമായിരിക്കും.” റെവല്യൂഷണറി ഗാർഡും പൊലീസും ഇറാനിലെ രാജ്യസ്‌നേഹികളുമായി സമാധാനപരമായി ഒന്നിക്കുകയും, രാജ്യം അർഹിക്കുന്ന മഹത്വത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും, പശ്ചിമേഷ്യയിലും ലോകമെമ്പാടും സമാധാനം എന്ന നമ്മുടെ ലക്ഷ്യം കൈവരിക്കുന്നതുവരെ, ശക്തവും കൃത്യവുമായ ബോംബാക്രമണം ഈ ആഴ്ചയിലുടനീളം അല്ലെങ്കിൽ ആവശ്യമുള്ളത്ര കാലം തടസ്സമില്ലാതെ തുടരും’ – ട്രംപ് കുറിച്ചു.
അതേസമയം; ഷിയാ പാരമ്പര്യത്തിൽ ‘ഹൈദർ’ അഥവാ ‘സിംഹം’ എന്നറിയപ്പെടുന്ന ഇമാം അലിയെ സ്തുതിച്ചുകൊണ്ടുള്ള പ്രാർഥനയ്ക്കൊപ്പം, തീജ്വാലകൾക്കും ഉൽക്കകൾക്കും ഇടയിൽ ഇമാം അലി തന്റെ ‘ദുൽഫിക്കർ വാൾ’ വീശുന്ന നാടകീയമായ ഒരു ചിത്രമാണ് ആയത്തുല്ല അലി ഖമേനിയുടെ എക്സ് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്.






