
2026-ൽ ഇന്ത്യയിലെ ചലച്ചിത്രപ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമായ ‘Toxic: A Fairytale for Grown-Ups’, മാസങ്ങളായുള്ള ആകാംക്ഷയ്ക്ക് വിരാമമിട്ട് ഒടുവിൽ വെടിയുതിർത്തിരിക്കുകയാണ്. റോക്കിംഗ് സ്റ്റാർ യഷിന്റെ ജന്മദിനത്തിൽ പുറത്തിറങ്ങിയ ‘Introducing Raya’ എന്ന ഗ്ലിംപ്സും, പിന്നാലെ വന്ന നയൻതാരയുടെ ‘ഗംഗ’, കിയാര അദ്വാനിയുടെ ‘നാദിയ’, ഹുമ ഖുറേഷിയുടെ ‘എലിസബത്ത്’, രുക്മിണി വസന്തിന്റെ ‘മെലീസ’, താര സുതാരിയയുടെ ‘റെബേക്ക’ എന്നീ സ്റ്റൈലിഷ് ക്യാരക്ടർ പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയ ഔദ്യോഗിക ടീസർ കൃത്യമായി ലക്ഷ്യസ്ഥാനത്ത് തന്നെ കൊണ്ടിരിക്കുകയാണ്.
അങ്ങേയറ്റം ബഹുമുഖമായ ഒരു വലിയ സിനിമാ ലോകത്തെയാണ് ‘Toxic’ ടീസർ അനാവരണം ചെയ്യുന്നത്. ഒരു സർക്കസ് കൂടാരത്തിൽ തുടങ്ങി കിഴക്കൻ ഏഷ്യൻ പശ്ചാത്തലങ്ങൾ വരെ നീളുന്ന ഈ കഥാപരിസരം വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്ന് ടീസറിൽ നിന്ന് വ്യക്തമാണ്. ഈ പരുക്കൻ ദൃശ്യങ്ങൾക്കും ഹൈ-വോൾട്ടേജ് ആക്ഷനും അപ്പുറം, ശക്തമായ കഥപറച്ചിലിനും മികച്ച പ്രകടനങ്ങൾക്കും സിനിമ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് ടീസർ സൂചിപ്പിക്കുന്നു.
കൊടുങ്കാറ്റുപോൽ വീശിയടിക്കുന്ന ടീസറിൻ്റെ കേന്ദ്രബിന്ദു റോക്കിംഗ് സ്റ്റാർ യഷ് തന്നെയാണ്. തന്നെത്തന്നെ പൂർണ്ണമായും ഉടച്ചുവാർത്തുകൊണ്ടുള്ള യഷിന്റെ വേഷപ്പകർച്ച അവിശ്വസനീയമാണ്. മെലിഞ്ഞ് ചുറുചുറുക്കുള്ള രൂപം മുതൽ കരുത്തുറ്റ പരുക്കൻ ലുക്കുകൾ വരെ നീളുന്ന യഷിന്റെ ശാരീരിക മാറ്റം അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ തെളിവാണ്.
എന്നാൽ ഈ മാറ്റം വെറും ബാഹ്യരൂപത്തിൽ മാത്രം ഒതുങ്ങുന്നതല്ല. ശരീരഭാഷയിലും മാനറിസങ്ങളിലും കൊണ്ടുവന്നിട്ടുള്ള കൃത്യതയിലൂടെ, തന്റെ മുൻകാല കഥാപാത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു അഭിനയ വിസ്മയമാണ് യഷ് വാഗ്ദാനം ചെയ്യുന്നത്. സൂപ്പർസ്റ്റാറിന്റെ കരിയറിലെ തികച്ചും ബോൾഡ് ആയ ഒരു പുതിയ അധ്യായമായിരിക്കും ഈ ചിത്രം.
” It’s gonna to get crazyyyy” എന്ന മുന്നറിയിപ്പോടെയാണ് ടീസർ പുറത്തിറങ്ങിയത്. ടീസറിലെ ബ്രഹ്മാണ്ഡമായ സ്കെയിലും ശക്തമായ പശ്ചാത്തലവും കാണുമ്പോൾ, 2026 മാർച്ച് 19-ന് ‘ടോക്സിക്’ ലോകം ആ വാഗ്ദാനം നിറവേറ്റുമെന്ന് ഉറപ്പാണ്.
ലിങ്ക്: https://youtu.be/0SYIByVkz5k
കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ടീസർ ലഭ്യമാണ്.
യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥയെഴുതി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘ടോക്സിക്: എ ഫെയറിടെയ്ൽ ഫോർ ഗ്രോൺ അപ്സ്’ (Toxic: A Fairytale for Grown-Ups) കന്നഡയിലും ഇംഗ്ലീഷിലുമായാണ് ഒരേസമയം ചിത്രീകരിച്ചിരിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി വിവിധ ഭാഷകളിൽ ഡബ്ബ് ചെയ്ത് ആഗോളതലത്തിൽ ചിത്രം റിലീസ് ചെയ്യും. കെവിഎൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട്ട് കെ നാരായണയും യഷും ചേർന്ന് നിർമ്മിക്കുന്ന ‘Toxic’ 2026 മാർച്ച് 19-ന് തിയേറ്ററുകളിലെത്തും.






