
കൊച്ചി: ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് സംഘടിപ്പിച്ച ‘ഓക്സ്ഫോർഡ് ബിഗ് റീഡ് 2025’ മത്സരത്തിൽ ജി.പി.എസ് ഇന്റർനാഷണൽ സ്കൂളിലെ കല്യാണി എസ്. നായർക്ക് ദേശീയതലത്തിൽ ഒന്നാം സ്ഥാനം. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ കല്യാണി, സ്കൂൾ, പ്രാദേശിക തലങ്ങൾ കടന്നാണ് ദേശീയതലത്തിൽ ഈ ഉജ്ജ്വല നേട്ടം കൈവരിച്ചത്. ഇതോടെ ആഗോളതലത്തിൽ നടക്കുന്ന മത്സരത്തിലേക്കും കല്യാണി തിരഞ്ഞെടുക്കപ്പെട്ടു.
വായനാശീലവും സർഗ്ഗാത്മക ചിന്തയും പ്രോത്സാഹിപ്പിക്കുന്നതിനായി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് ആഗോളതലത്തിൽ നടത്തുന്ന ശ്രദ്ധേയമായ മത്സരമാണിത്. നിശ്ചിത പുസ്തകങ്ങൾ വായിച്ച് അവയെക്കുറിച്ച് സർഗ്ഗാത്മകമായ കുറിപ്പുകളും ചിത്രീകരണങ്ങളും തയ്യാറാക്കുകയാണ് മത്സരരീതി.
ലോകപ്രശസ്ത ക്ലാസിക് കൃതിയായ ‘പ്രൈഡ് ആൻഡ് പ്രിജുഡൈസ്‘ (Pride and Prejudice) എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് കല്യാണി തന്റെ വിലയിരുത്തൽ തയ്യാറാക്കിയത്. പുസ്തകത്തിന്റെ ഇതിവൃത്തം, കഥാപാത്രങ്ങൾ, പശ്ചാത്തലം എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള വിശകലനത്തോടൊപ്പം കഥയിലെ തനിക്ക് പ്രിയപ്പെട്ട കഥാപാത്രത്തിന്റെ ചിത്രവും കല്യാണി സ്വയം വരച്ചു തയ്യാറാക്കിയിരുന്നു. മികച്ച ഭാഷാശൈലിയും പുസ്തകത്തോടുള്ള പുരോഗമനാത്മകമായ സമീപനവുമാണ് കല്യാണിയുടെ സൃഷ്ടിയെ ദേശീയതലത്തിൽ ഒന്നാമതെത്തിച്ചത്.
വിദ്യാർത്ഥികളിൽ വായനാശീലവും വിമർശനാത്മക ചിന്തയും വളർത്തുന്നതിൽ സ്കൂൾ നൽകുന്ന പ്രാധാന്യത്തിന്റെ തെളിവാണ് കല്യാണിയുടെ ഈ നേട്ടമെന്ന് ജി.പി.എസ് ഇന്റർനാഷണൽ സ്കൂൾ അധികൃതർ പറഞ്ഞു.






