ഇതും സ്‌നേഹത്തള്ളലോ? ഹെല്‍ത്ത് മിഷന്‍, ഷീ ഹോസ്പിറ്റല്‍, യൂണിവേഴ്‌സല്‍ ഹെല്‍ത്ത് ആക്‌സസ്; വി.ഡി. സതീശന്‍ പ്രഖ്യാപിച്ച ഭാവി ആരോഗ്യനയം കേരളം എപ്പോഴേ നടപ്പാക്കിയത്! കണക്കുകള്‍ നിരത്തി പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ; ശബരിമല വിവാദം വിട്ടോയെന്നും ചോദ്യം
ആരോഗ്യ നേട്ടങ്ങള്‍, ആരോഗ്യഭരണ നിര്‍വഹണവും വിവരണങ്ങളുടെ വിശ്വാസ്യതയും സമഗ്രതയും, സ്ഥാപനങ്ങള്‍, സൗകര്യങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍, എന്നിങ്ങനെ എല്ലാ തലങ്ങളിലെയും സൂചകങ്ങള്‍ സമാഹരിച്ചാണു നിതി ആയോഗ് സംയോജിത ആരോഗ്യ റാങ്ക് തയാറാക്കുന്നത്. കേരളം 82.2 ശതമാനം സ്‌കോര്‍ നേടി തുടര്‍ച്ചയായി ഒന്നാം സ്ഥാനത്താണ്

കോട്ടയം: വി.ഡി. സതീശന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരള യാത്രയുടെ ഭാഗമായി ഭാവി കേരളത്തിന്റെ ആരോഗ്യ മേഖലയെ സംബന്ധിച്ച പ്രഖ്യാപനം ഇപ്പോള്‍ കേരളത്തില്‍ വിവിധ ആശുപത്രികളുമായി ബന്ധപ്പെടുത്തി നടക്കുന്ന പദ്ധതിതന്നെയെന്ന് വിമര്‍ശനം. ഹെല്‍ത്ത് കമ്മീഷന്‍, ഷീ ഹോസ്പിറ്റലുകള്‍, യൂണിവേഴ്‌സല്‍ ഹെല്‍ത്ത് ആക്‌സസ് എന്നിവയാണ് സതീശന്‍ ഏറ്റവുമൊടുവില്‍ പ്രഖ്യാപിച്ചത്. ഇതുവരെ സ്വര്‍ണക്കൊള്ളയും മറ്റുമാണ് ഉയര്‍ത്തിയതെങ്കില്‍ കൊടിമര വിവാദത്തില്‍ കോണ്‍ഗ്രസ് നേതൃത്വവും പ്രതിക്കൂട്ടിലേക്കു കയറുമെന്നു വ്യക്തമായതോടെയാണ് ആരോഗ്യ മേഖലയുടെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചയിലേക്കു ചുവടുമാറ്റുന്നതെന്നു ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, കേരളത്തില്‍ ഇപ്പോള്‍ ആരോഗ്യ മേഖലയില്‍ നടക്കുന്ന വികസനത്തിനു പുറത്ത് പുതിയ പദ്ധതികള്‍കൊണ്ട് സതീശന്‍ എന്താണു വിഭാവനം ചെയ്യുന്നതെന്നത് അവ്യക്തമാണ്. ആരോഗ്യ മേഖലയുടെ പരിവര്‍ത്തനം ലക്ഷ്യിേട്ടു 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് ആര്‍ദ്രം മിഷന്‍ നടപ്പാക്കിയത്. ഇത് ആരോഗ്യ മേഖലയില്‍ കൊണ്ടുവന്ന മാറ്റം പ്രകടമാണ്.

അവ ഇതൊക്കെയാണ്
ഠ ആകെ 885 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ 740 എണ്ണവും നവീകരിക്കപ്പെട്ടു. അവ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി. 53 എണ്ണത്തില്‍ പ്രവൃത്തികള്‍ പുരോഗമിക്കുന്നു.
ഠ 152 കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകലില്‍ 105 എണ്ണം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ന്നു. 17 എണ്ണത്തിന്റെ പണികള്‍ പുരോഗമിക്കുന്നു
ഠ ആകെ 17 ജില്ലാ-ജനറല്‍ ആശുപത്രികളില്‍ 14 എണ്ണത്തിന്റെയും ഔട്ട്‌പേഷ്യന്റ് ട്രാന്‍സ്ഫര്‍മേഷന്‍ പൂര്‍ത്തിയായി. ഒന്നില്‍ ജോലികള്‍ പുരോഗമിക്കുന്നു. ആലപ്പുഴ ജനറല്‍ ആശുപത്രിയുടെ ഒപി നവീകരണത്തിന് കിഫ്ബി മുതല്‍ മുടക്ക് 73.468 കോടി രൂപയാണ്. ഇത്രയും വിശാലമായ രീതിയിലാണ് ആരോഗ്യരംഗത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നത്.
ഠ ആകെ 43 താലൂക്ക് ആശുപത്രികളില്‍ പണി നടക്കുന്നത് ഉള്‍പ്പടെ 34 എണ്ണമാണ് ഈ കാലയളവില്‍ വലിയ തോതില്‍ നവീകരിക്കപ്പെട്ടത്. ചേര്‍ത്തല താലൂക്ക് ആശുപത്രിയുടെ ചെലവ് 71.19 കോടി രൂപയാണ്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയുടെ ചെലവ് 83.97 കോടി രൂപയാണ്. കുണ്ടറ താലൂക്ക് ആശുപത്രി 38.66 കോടി രൂപ.
ഠ ആധുനിക സംവിധാനങ്ങളും സങ്കേതങ്ങളും ഏര്‍പ്പെടുത്തിയും സേവന സമയവും സേവനത്തിന്റെ വൈപുല്യവും വര്‍ധിപ്പിച്ചും അടിസ്ഥാന സൗകര്യങ്ങളും രോഗനിര്‍ണ്ണയ സംവിധാനങ്ങളും വിപുലപ്പെടുത്തിയും കേരളത്തിന്റെ ആരോഗ്യ രക്ഷാ ശൃംഖല നവീകരിക്കപ്പെട്ടു എന്നതാണ് ആര്‍ദ്രം മിഷന്‍ കൊണ്ടുവന്ന മാറ്റം
ഈ മാറ്റം പ്രായോഗികമാക്കാന്‍ 2016-2025 കാലത്ത് 10382 തസ്തികകള്‍ ആരോഗ്യ മേഖലയില്‍ സൃഷ്ടിച്ചു. ആധുനിക മേഖലയില്‍ 1558 ജനറല്‍ ഡോക്ട്ടര്‍മാരും 868 സ്‌പെഷലിസ്റ്റ് ഡോക്ട്ടര്‍മാരും സര്‍ക്കാര്‍ ആശുപത്രികളില്‍ അധികമായി വന്നു. ആകെ 2426 ഡോക്ട്ടര്‍മാര്‍ പുതിയതായി വന്നു. ഇക്കാലയളവില്‍ അധികമായി നിയമിക്കപ്പെട്ട നഴ്‌സുമാര്‍ 3706 ആണ്. ലബോറട്ടറി പ്രൊഫഷണലുകള്‍ അടക്കം 2587 മറ്റു വിഭാഗം ജീവനക്കാരെയും അധികമായി നിയോഗിച്ചു.
2016-17 കാലയളവില്‍ 6,146 കോടി രൂപയായിരുന്ന ആരോഗ്യ ബജറ്റ് 2021-22 ആയപ്പോഴേക്കും 13,124 കോടി രൂപയായി ഉയര്‍ന്നു. സംസ്ഥാനത്തിന്റെ ആകെ ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഎസ്ഡിപി) 1.24 ശതമാനത്തില്‍ നിന്ന് 2.11 ശതമാനമായി ആരോഗ്യത്തിനായുള്ള ചെലവ് വര്‍ധിച്ചു. കൂടാതെ, കിഫ്ബി (KIIFB) വഴി 12,324.91 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ആരോഗ്യ മേഖലയില്‍ നടപ്പാക്കി വരുന്നു. എല്‍ഡിഎഫ് കൊണ്ടുവന്ന മാറ്റത്തിന്റെ കണക്കുകളാണിത്.
ഇത്രയും വ്യക്തമാണെങ്കിലും എന്താണ് ഹെല്‍ത്ത് കമ്മീഷനെന്നു സതീശന്‍ വ്യക്തമാക്കിയിട്ടില്ല. ഷീ ഹോസ്പിറ്റലുകള്‍ കൊണ്ടുവരും എന്നതാണ് മറ്റൊന്ന്. കേരളത്തിന്റെ ആരോഗ്യ മേഖലയെക്കുറിച്ച് ഒരു പിടിപാടും പ്രതിപക്ഷ നേതാവിനില്ല എന്നതാണ് ഇതു വ്യക്തമാക്കുന്നത്.
കേരളത്തില്‍ ഇപ്പോള്‍ 10 വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ഹോസ്പിറ്റലുകള്‍ നിലവിലുണ്ട്. അവയിലെ ബെഡുകളുടെ എണ്ണം 1921 ആണ്. കിഫ്ബി പദ്ധതി വഴി ഇവയുടെ സൌകര്യങ്ങള്‍ ഗണ്യമായി വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികളാണ് നടക്കുന്നത്. അപ്പോള്‍പിന്നെ ഷീ ഹോസ്പിറ്റലുകള്‍ എന്താണ്? കൊച്ചി കോര്‍പ്പറേഷനില്‍ സമൃദ്ധിയുടെ സ്ഥലത്ത് ഇന്ദിരാ കാന്റീന്‍ പോലുള്ള എന്തോ സംഭവമാകും.
ആരോഗ്യ നേട്ടങ്ങള്‍, ആരോഗ്യഭരണ നിര്‍വഹണവും വിവരണങ്ങളുടെ വിശ്വാസ്യതയും സമഗ്രതയും, സ്ഥാപനങ്ങള്‍, സൗകര്യങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍, എന്നിങ്ങനെ എല്ലാ തലങ്ങളിലെയും സൂചകങ്ങള്‍ സമാഹരിച്ചാണു നിതി ആയോഗ് സംയോജിത ആരോഗ്യ റാങ്ക് തയാറാക്കുന്നത്. കേരളം 82.2 ശതമാനം സ്‌കോര്‍ നേടി തുടര്‍ച്ചയായി ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള തമിഴ് നാടിന്റെ സ്‌കോര്‍ 72.42 ആണ്.
കേരളം യൂണിവേഴ്‌സല്‍ ഹെല്‍ത്ത് ആക്‌സസ് കൈവരിച്ച സംസ്ഥാനമാണ്. നമ്മുടെ ആശുപത്രി പ്രസവ നിരക്ക് 99.8% ആണ്. നഗരത്തിലും ഗ്രാമത്തിലും വ്യത്യാസമില്ല. പ്രതിരോധ കുത്തിവയ്പ് നിരക്ക് 95 ശതമാനത്തിനു മുകളിലാണ്. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്ത് പൊതു ആശുപത്രികളിലെ ഒപി റെജിസ്‌ട്രേഷന്‍ 80 ശതമാനമാണ് കൂടിയത്. ആശുപത്രികളുടെ നിലവാരം ക്രമാനുഗതമായി മെച്ചപ്പെട്ടതിന്റെ ബാക്കിയാണിത്.
തീരദേശ ആശുപത്രികള്‍ കൊണ്ടുവരുമെന്നു സതീശന്‍ പറയുന്നു.
ആലപ്പുഴ ചെട്ടികാട് എന്ന ഒരു തീരദേശ ഗ്രാമം ഉണ്ട്. അവിടെ ഉണ്ടായിരുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയാക്കി മാറ്റി പുനര്‍നിര്‍മിക്കുകയാണ്. 102 കോടി രൂപയാണു ചെലവ്. കരുനാഗപ്പള്ളി- 83.97 കോടി രൂപ, തുറവൂര്‍-34.9 കോടി രൂപ, ചേര്‍ത്തല -71.95 കോടി രൂപ, ആലപ്പുഴ 73.46 കോടി രൂപ , കായംകുളം-71 കോടി രൂപ, കരുവേലിപ്പടി (കൊച്ചി) താലൂക്ക് ആശുപത്രി-29.67 കോടി രൂപ, എറണാകുളം ജനറല്‍ ആശുപത്രി- 76.5 കോടി, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി- 333 കോടി, പൊന്നാനി താലൂക്ക് ആശുപത്രി 11.8 കോടി രൂപ, താലൂക്ക് ആശുപത്രി ഫെറോക്- 21 കോടി- ഇതാണ് തീരദേശ ആശുപത്രികളുടെ നിര്‍മാണ നിരക്ക്. ഇതില്‍നിന്ന് എന്തുമാറ്റമാണ് സതീശന്‍ കൊണ്ടുവരുന്നത് എന്നാണ് ഇടതുപക്ഷം ചോദിക്കുന്നത്. സ്‌നേഹത്തള്ളല്‍ നടത്താതെ കാര്യം നേരേ പറയൂ സാര്‍ എന്ന് സോഷ്യല്‍ മീഡിയയും ചോദിക്കുന്നു.






