Breaking NewsCareersIndiaLead NewsLIFELife StyleNEWSNewsthen SpecialTRENDINGWorld

കോവിഡില്‍ മാതാപിതാക്കളുടെ പ്രതിസന്ധി നേരിട്ടു കണ്ടു; ജെന്‍ സീ പിള്ളേര്‍ക്ക് ജോലിയെന്നാല്‍ ജീവിതമല്ല; ട്രെന്‍ഡിംഗ് ആകുന്ന ‘ആന്റി-അംബീഷന്‍’; പദവികളേക്കാള്‍ ലക്ഷ്യം വൈകാരിക സ്ഥിരത, ഫ്രീലാന്‍സ് ജോലികള്‍; ശമ്പളം ഒരു പ്രലോഭനമേ അല്ല!

വിവിധ മേഖലകളില്‍, ജെന്‍ സീ (Gen Z) തൊഴിലാളികള്‍ ഈ പരമ്പരാഗത മത്സരങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. അത് അവര്‍ക്ക് ലക്ഷ്യബോധം ഇല്ലാത്തതുകൊണ്ടല്ല, മറിച്ച് അതിന്റെ ഫലം അവര്‍ക്ക് ഗുണകരമായി തോന്നാത്തതുകൊണ്ടാണ്.

ന്യൂഡല്‍ഹി: ജീവിതത്തില്‍ വേഗത്തില്‍ പടവുകള്‍ കയറി ‘സെറ്റിലാകുക’യെന്ന ലക്ഷ്യത്തില്‍നിന്ന് ജെന്‍ സീയുടെ ജീവിതലക്ഷ്യം വഴിമാറുന്നുവോ? ആധുനിക ജീവിതത്തിന്റെ സമ്മര്‍ദങ്ങളല്ല, പകരം ജീവിതം ആസ്വദിക്കുകയും ആവശ്യത്തിനു സമയം കണ്ടെത്തി ആഗ്രഹങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയുമാണ് ജെന്‍ സീ സ്വപ്‌നം കാണുന്നതെന്നും പഠനങ്ങള്‍.

ദശകങ്ങളായി, അഭിലാഷം അഥവാ ആംബീഷന്‍ (ambition) എന്നതിന് വ്യക്തമായ ഒരു നിര്‍വചനമുണ്ടായിരുന്നു: വേഗത്തില്‍ പടവുകള്‍ കയറുക, കൂടുതല്‍ സമ്പാദിക്കുക, വലിയ ടീമുകളെ നിയന്ത്രിക്കുക, പദവികള്‍ക്ക് പിന്നാലെ പായുക. എന്നാല്‍ ഇന്ന് ജോലിയില്‍ പ്രവേശിക്കുന്ന യുവതലമുറയ്ക്കിടയില്‍ ആ നിര്‍വചനം നിശബ്ദമായി തകര്‍ന്നു വീഴുകയാണ്.

Signature-ad

വിവിധ മേഖലകളില്‍, ജെന്‍ സീ (Gen Z) തൊഴിലാളികള്‍ ഈ പരമ്പരാഗത മത്സരങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. അത് അവര്‍ക്ക് ലക്ഷ്യബോധം ഇല്ലാത്തതുകൊണ്ടല്ല, മറിച്ച് അതിന്റെ ഫലം അവര്‍ക്ക് ഗുണകരമായി തോന്നാത്തതുകൊണ്ടാണ്.

അടുത്തിടെ നടന്ന ആഗോള തൊഴില്‍ സര്‍വേകള്‍ ശ്രദ്ധേയമായ മാറ്റമാണു വെളിപ്പെടുത്തുന്നത്. യുവ തൊഴിലാളികളില്‍ പകുതിയോളം പേരും തങ്ങളെ പഴയ അര്‍ത്ഥത്തിലുള്ള ‘അഭിലാഷമുള്ളവര്‍’ ആയി തിരിച്ചറിയുന്നില്ല. പ്രമോഷനുകളേക്കാളും വലിയ പദവികളേക്കാളും വൈകാരിക സ്ഥിരതയ്ക്കും മാനസികാരോഗ്യത്തിനും ലളിതമായി മനസിലാക്കാവുന്ന ജീവിതത്തിനുമാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് ഭൂരിഭാഗം പേരും പറയുന്നു. മറ്റൊരു വലിയ ആഗോള പഠനം കാണിക്കുന്നത് 47 ശതമാനം ജീവനക്കാര്‍ക്കും കോര്‍പ്പറേറ്റ് ഏണിപ്പടികള്‍ കയറാന്‍ താല്പര്യമില്ലെന്നാണ്; അവര്‍ അധികാര ശ്രേണികളേക്കാള്‍ ഉപരിയായി ജീവിത സന്തുലിതാവസ്ഥയ്ക്കും (balance) ഒരു സമൂഹത്തിന്റെ ഭാഗമായിരിക്കുന്നതിനുമാണ് (belonging) പ്രാധാന്യം നല്‍കുന്നത്.

‘എനിക്ക് ഇനി ഒരു മാനേജര്‍ ആകണമെന്ന് ആഗ്രഹമില്ല’ എന്നു പറയുന്നത് സര്‍വേയുടെ ഭാഗമായി സംസാരിച്ച ബെംഗളൂരുവിലെ ഡാറ്റാ അനലിസ്റ്റായ 24-കാരന്‍ ആരവ് ആണ്. ‘മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുപ്പത് വയസാകുമ്പോഴേക്കും തളര്‍ന്നു പോകുന്നത് (burn out) ഞാന്‍ കണ്ടിട്ടുണ്ട്. മാനസിക സമ്മര്‍ദമാണ് അഭിലാഷമെങ്കില്‍ എനിക്കത് വേണ്ട’ എന്നും ആരവ് പറയുന്നു.

‘ആന്റി-ആംബീഷന്‍’ (anti-ambition) എന്ന് വിളിക്കപ്പെടുന്ന ഈ മനോഭാവം യുവ തൊഴിലാളികള്‍ ജോലിയില്‍ താല്പര്യമില്ലാത്തവരാണെന്ന് അര്‍ത്ഥമാക്കുന്നില്ല. മറിച്ച്, കോവിഡിന് ശേഷമുള്ള ഉയര്‍ന്ന പണപ്പെരുപ്പവും ലേ-ഓഫുകളും നിറഞ്ഞ സാമ്പത്തിക സാഹചര്യത്തില്‍ ‘വിജയം’ എന്നാല്‍ എന്താണെന്നതിനെക്കുറിച്ചുള്ള പുനര്‍ചിന്തയാണിത്.

അഭിലാഷം വീണ്ടും നിര്‍വചിക്കപ്പെടുന്നു

അടുത്തിടെ നടന്ന ജെന്‍ സീ (Gen Z) തൊഴില്‍ സര്‍വേ പ്രകാരം, 52 ശതമാനം യുവാക്കളും കരിയര്‍ വളര്‍ച്ചയേക്കാള്‍ വൈകാരിക സ്ഥിരതയ്ക്ക് മുന്‍ഗണന നല്‍കുന്നു. കൃത്യമായ ജോലി സമയത്തിനും മാനസിക സുരക്ഷിതത്വത്തിനുമായി ശമ്പളം കുറയാന്‍ പോലും 41 ശതമാനം പേര്‍ തയാറാണ്. ഉയര്‍ന്ന പദവികള്‍, സീനിയോറിറ്റി തുടങ്ങിയ പഴയ വിജയചിഹ്നങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെടുകയാണ്.

‘എന്റെ ജീവിതം ജീവിക്കാന്‍ സമയം കണ്ടെത്തുക എന്നതാണ് എന്നെ സംബന്ധിച്ച് വലിയ ലക്ഷ്യം’- ഡല്‍ഹിയില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന 26-കാരി മെഹക് പറയുന്നു. ‘ഞാന്‍ എന്റെ ജോലി നന്നായി ചെയ്യുന്നുണ്ട്, പക്ഷേ ജോലി എന്റെ എല്ലാ ചിന്തകളെയും വിഴുങ്ങാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’- അവര്‍ പറയുന്നു.

ആഗോള എച്ച്ആര്‍ സ്ഥാപനമായ റാന്‍ഡ്സ്റ്റാഡിന്റെ (Randstad) കണക്കുകളും ഈ മാറ്റത്തെ ശരിവയ്ക്കുന്നു. പകുതിയിലധികം ജീവനക്കാരും തങ്ങളെ അഭിലാഷമുള്ളവരായി വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, ആ അഭിലാഷത്തിന്റെ സ്വഭാവം മാറി. ഉയര്‍ന്ന പദവികള്‍ക്ക് പകരം സ്വയംഭരണാധികാരം (autonomy), വഴക്കം (flexibility), അര്‍ത്ഥവത്തായ ജോലി എന്നിവയ്ക്കാണ് അവര്‍ പ്രാധാന്യം നല്‍കുന്നത്. ഇന്ത്യയില്‍, ഹസില്‍ കള്‍ച്ചറിന് (വിശ്രമമില്ലാതെ ജോലി ചെയ്യുക-hustle culture) പേരുകേട്ട ഐടി, മീഡിയ, സ്റ്റാര്‍ട്ടപ്പുകള്‍, കണ്‍സള്‍ട്ടിംഗ് എന്നീ മേഖലകളിലാണ് ഈ മാറ്റം പ്രകടമായി കാണുന്നത്.

യുവാക്കള്‍ പിന്മാറുന്നത് എന്തുകൊണ്ട്? വിദഗ്ധര്‍ ഇതിന് മൂന്ന് പ്രധാന കാരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു:

 

കോവിഡ് കാലത്തെ തിരിച്ചറിവുകള്‍: വര്‍ഷങ്ങളോളം ആത്മാര്‍ത്ഥമായി ജോലി ചെയ്തിട്ടും പല മാതാപിതാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും ജോലി നഷ്ടപ്പെടുന്നത് ജെന്‍ സീ കണ്ടു. കഠിനാധ്വാനം സുരക്ഷിതത്വം ഉറപ്പുനല്‍കുന്നില്ല എന്ന സന്ദേശമാണ് അവര്‍ക്ക് ലഭിച്ചത്.

സാമ്പത്തിക ഉത്കണ്ഠ: ലേ-ഓഫുകളും ഓട്ടോമേഷന്‍ ഭീഷണിയും വര്‍ധിച്ചതോടെ, പദവികളേക്കാള്‍ ഉപരിയായി സുസ്ഥിരതയ്ക്കായി അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സൈഡ് ഹസിലുകളും ഫ്രീലാന്‍സ് ജോലികളും അവര്‍ക്ക് സുരക്ഷാ കവചമായി മാറുന്നു.

മാനസികാരോഗ്യ അവബോധം: മുന്‍ തലമുറകളില്‍ നിന്ന് വിത്യസ്തമായി, ജെന്‍ ഇസഡ് ജോലിസ്ഥലത്തെ സമ്മര്‍ദ്ദവും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തുറന്നു സംസാരിക്കുന്നു. മാനസിക സമാധാനം കെടുത്തുന്ന ജോലികള്‍ ഉപേക്ഷിക്കാന്‍ അവര്‍ മടിക്കുന്നില്ല.

‘സ്വപ്ന ജോലി’ എന്ന സങ്കല്പത്തിന്റെ മരണം

ജീവിതകാലം മുഴുവന്‍ ഒരേ സ്വപ്ന ജോലിയില്‍ തുടരുക എന്ന ചിന്തയും മാറുകയാണ്. ഒരു വലിയ കമ്പനിയിലെ വളര്‍ച്ചയെക്കാള്‍, ഫ്രീലാന്‍സ് വര്‍ക്കുകളോ സംരംഭകത്വമോ ഉള്ള വൈവിധ്യമാര്‍ന്ന കരിയറാണ് പലരും ആഗ്രഹിക്കുന്നത്. ജെന്‍ സീ തൊഴിലാളികളുടെ ശരാശരി തൊഴില്‍ കാലാവധി ഒരു വര്‍ഷത്തില്‍ താഴെയായി മാറുന്നത് അതുകൊണ്ടാണ്. ഇത് ക്ഷമയില്ലായ്മയല്ല, മറിച്ച് പരീക്ഷണങ്ങളാണ്.

ജോലിസ്ഥലത്തെ ‘ആന്റി-ആംബീഷന്‍’ എങ്ങനെ?

ഠ കൂടുതല്‍ ജോലിഭാരമുള്ള പ്രമോഷനുകള്‍ നിരസിക്കുന്നു.
ഠ അധിക വേതനമോ സൗകര്യങ്ങളോ ഇല്ലാതെ നേതൃസ്ഥാനങ്ങള്‍ ഏറ്റെടുക്കാന്‍ വിസമ്മതിക്കുന്നു.
ഠ ജോലിയില്‍ ആവശ്യമായത് മാത്രം കൃത്യമായി ചെയ്യുന്നുഅതിലപ്പുറം ഒന്നും ചെയ്യുന്നില്ല.
ഠ വ്യക്തിപരമായ സമയം, അവധികള്‍, അതിര്‍വരമ്പുകള്‍ എന്നിവയില്‍ വിട്ടുവീഴ്ച ചെയ്യുന്നില്ല.

ഒരു മുന്നറിയിപ്പ് അല്ലെങ്കില്‍ തിരിച്ചറിവ്?

തൊഴിലുടമകളെ സംബന്ധിച്ച് ഇതൊരു വലിയ വെല്ലുവിളിയാണ്. പഴയ രീതിയിലുള്ള സ്ഥാനപ്പേരുകളോ അവ്യക്തമായ വാഗ്ദാനങ്ങളോ നല്‍കി പുതിയ തലമുറയെ പ്രചോദിപ്പിക്കാന്‍ കഴിയില്ല. കൃത്യമായ അതിര്‍വരമ്പുകള്‍, സുതാര്യമായ ശമ്പളം, ഫ്‌ലെക്‌സിബിലിറ്റി എന്നിവയാണ് അവര്‍ ആഗ്രഹിക്കുന്നത്.

ആന്റി-ആംബീഷന്‍ എന്നാല്‍ ജോലിയെ തള്ളിക്കളയുക എന്നല്ലമറിച്ച് ജീവിതം തിരികെ നല്‍കാതെ ജീവിതത്തെ വിഴുങ്ങുന്ന തൊഴില്‍ സംസ്‌കാരത്തെ തള്ളിക്കളയുക എന്നതാണ്. വിജയം എന്നത് എത്ര ഉയരത്തില്‍ കയറി എന്നതിലല്ല, മറിച്ച് എത്ര സുസ്ഥിരമായി ജീവിക്കാന്‍ കഴിയുന്നു എന്നതിലാണ് എന്ന് ജെന്‍ ഇസഡ് തെളിയിക്കുന്നു.

 

Gen Z professionals in India are redefining ambition by prioritising emotional stability and flexibility. This shift challenges traditional career paths and urges employers to rethink motivation strategies.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: