Breaking NewsKeralaLead NewsNEWS

സ്കൂളിൽ കയറ്റേണ്ടന്നു പറഞ്ഞത് മാനേജ്മെന്റ്, ആജ്ഞ അനുസരിച്ച സുരക്ഷാ ജീവനക്കാരന്റെ പണി കളഞ്ഞ് സ്കൂൾ മാനേജർ, ആരെയും തടയാൻ നിർദേശിച്ചിരുന്നില്ല, കാവൽക്കാരൻ കാട്ടിയ അമിതാവേശം സ്‌കൂളിനെ വിവാദങ്ങളിലേക്കു വലിച്ചിഴച്ചു- മാനേജർ, അക്കാദമിക കാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ടു, അധ്യാപികയെ തടഞ്ഞ സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് കാരണംകാണിക്കൽ നോട്ടീസ്, കേസെടുത്ത് വനിതാ കമ്മിഷൻ

കൊട്ടാരക്കര: ചുരിദാർ ധരിച്ച് സ്കൂളിലെത്തിയതിന്റെ പേരിൽ പ്രധാനാധ്യാപികയെ സ്‌കൂളിൽ പ്രവേശിക്കുന്നതു തടഞ്ഞ സംഭവത്തിൽ മാനേജ്മെന്റിന് കാരണം കാണിക്കൽ നോട്ടിസ്. മൂന്നുദിവസത്തിനകം വിശദീകരണം നൽകണമെന്നു കാണിച്ചാണ് സ്‌കൂൾ മാനേജർക്ക് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കാരണംകാണിക്കൽ നോട്ടീസ് നൽകിയത്. ചുരിദാർ ധരിച്ചതിന് പ്രഥമാധ്യാപികയെ സ്‌കൂളിൽ പ്രവേശിപ്പിക്കാത്തതിന് വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ അധ്യക്ഷ പി.സതീദേവി ആവശ്യപ്പെട്ടു.

അതേസമയം പ്രധാനാധ്യാപിക സിന്ധുവിനെ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ മാനേജ്‌മെന്റ് പുറത്താക്കി. നെടുവത്തൂർ ഇ.വി.എച്ച്.എസിലെ പ്രഥമാധ്യാപിക സിന്ധുവിനു മുന്നിൽ സ്‌കൂൾ ഗേറ്റടയ്ക്കുകയും പ്രധാനാധ്യാപികയെന്ന പരിഗണന നൽകാതെ അവഹേളിക്കുകയും ചെയ്ത സുരക്ഷാ ജീവനക്കാരൻ ശശാങ്കനെയാണ് സ്‌കൂൾ മാനേജർ കെ. സുരേഷ്‌കുമാർ പുറത്താക്കിയത്.

Signature-ad

ചുരിദാർ ധരിച്ചെത്തുന്നതിന്റെ പേരിൽ ആരെയും തടയാൻ നിർദേശിച്ചിരുന്നില്ലെന്നും കാവൽക്കാരൻ കാട്ടിയ അമിതാവേശം സ്‌കൂളിനെ അപകീർത്തിപ്പെടുത്തുന്നതും വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കുന്നതുമാണെന്നും മാനേജർ പറയുന്നു. അതേസമയം അധ്യാപികയെ തടഞ്ഞ സംഭവത്തിൽ സ്‌കൂൾ മാനേജർക്ക് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കാരണംകാണിക്കൽ നോട്ടീസ് നൽകി. ഡിഇഒ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് നോട്ടീസ് നൽകിയത്. കെഇആറിനു വിരുദ്ധമായി അക്കാദമിക കാര്യങ്ങളിൽ ഇടപെട്ടതിനും അധ്യാപികയെ തടഞ്ഞ സംഭവത്തിലും മൂന്നുദിവസത്തിനകം വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയതെന്ന് ഡിഡിഇ കെ.ഐ. ലാൽ പറഞ്ഞു.

അതേസമയം പ്രധാനാധ്യാപികയെ സ്കൂളിൽ കയറ്റാതെ തടഞ്ഞ സംഭവത്തിൽ വ്യാഴാഴ്ചയും പ്രതിഷേധങ്ങളുയർന്നിരുന്നു. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സ്‌കൂളിലേക്ക് മാർച്ച് നടത്തി. സംഭവത്തിൽ അധ്യാപികയുടെ പരാതിയിൽ കേസെടുത്ത കൊട്ടാരക്കര പോലീസ് സുരക്ഷാ ജീവനക്കാരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിട്ടു. പ്രധാനാധ്യാപികയെ തടഞ്ഞതിനും മോശമായി പെരുമാറിയതിനുമാണ് കേസ്.

സംഭവത്തിൽ കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസർ അമൃത ജില്ലാ ഡെപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. സ്‌കൂൾ പ്രഥമാധ്യാപിക സിന്ധു എസ്. നായരുടെ പരാതിയും മൊഴിയും സ്വീകരിച്ചാണ് ഡിഇഒ. റിപ്പോർട്ട് നൽകിയത്. സ്‌കൂളിൽ ഉച്ചഭക്ഷണത്തിനുള്ള സാധനങ്ങളുമായെത്തിയ തന്നെ സുരക്ഷാ ജീവനക്കാരൻ തടയുകയായിരുന്നെന്നും ചുരിദാർ ധരിക്കുന്നതിനെതിരേ മുൻപും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്നും അധ്യാപിക നൽകിയ മൊഴിയിൽ പറയുന്നു.

രണ്ടുദിവസംമുൻപും ഇതുസംബന്ധിച്ച് മാനേജർ മുന്നറിയിപ്പ് നൽകിയിരുന്നെന്നും എന്നാൽ അധ്യാപികമാർക്ക് ചുരിദാർ ധരിക്കാമെന്ന് സർക്കാർ ഉത്തരവുള്ളതായി മാനേജരെ ബോധ്യപ്പെടുത്തിയിരുന്നെന്നും മൊഴിയിൽ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: