അവർ ഇപ്പോഴും സംസാരിക്കുന്നത് ബോഫോഴ്സ് പോലുള്ള കരാറുകളെക്കുറിച്ച്!! പ്രായമൊക്കെ ആയില്ലേ, ഖാർഗെ ഇരുന്നുകൊണ്ട് മുദ്രാവാക്യം വിളിച്ചോളൂ…പ്രതിപക്ഷത്തിന് മടുത്തു അവർ ഇറങ്ങിപ്പോയി- പ്രതിപക്ഷത്തെ പേരെടുത്തു പറഞ്ഞ് മോദിയുടെ പരിഹാസം, ലോകശക്തികൾ ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്താൻ താത്പര്യപ്പെടുന്നു… പ്രധാനമന്ത്രി

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ പ്രതിപക്ഷത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നന്ദിപ്രമേയ ചർച്ചയ്ക്കിടെ രാജ്യസഭയിൽ മറുപടി നൽകുന്നതിനിടെ, പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങിയതും പ്രതിപക്ഷ എംപിമാർ മുദ്രാവാക്യങ്ങൾ വിളിച്ച് പ്രതിഷേധിച്ചു രംഗത്തെത്തുകയായിരുന്നു. ഏകാധിപത്യത്തിനെതിരേയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അവസരം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം. പ്രസംഗം തടസപ്പെടുത്തിയതോടെ മോദി ഇടയ്ക്കൊന്നു നിർത്തി. തുടർന്ന് പ്രതിപക്ഷ നേതാവ് കൂടിയായ മല്ലികാർജുൻ ഖാർഗെയ്ക്ക് അദ്ദേഹത്തിന്റെ പ്രായം പരിഗണിച്ച് ഇരുന്ന് മുദ്രാവാക്യം വിളിച്ചോളുവെന്ന് മോദി പരിഹസിച്ചു.
തുടർന്നും മുദ്രാവാക്യങ്ങൾ വിളിച്ച പ്രതിപക്ഷ എംപിമാർ, മിനിറ്റുകൾക്കുശേഷം സഭ ബഹിഷ്കരിച്ച് പുറത്തുപോയി. പ്രതിപക്ഷത്തിന് മടുത്തെന്നും അവർ ഇറങ്ങിപ്പോയെന്നും മോദി വീണ്ടും പരിഹാസം തുടർന്നു. 2014-ൽ കോൺഗ്രസ് ഒരുപാട് പ്രശ്നങ്ങൾ ബാക്കിവെച്ചു. അത് ശുദ്ധീകരിക്കാൻ തന്റെ സർക്കാരിന് ഒരുപാട് ശ്രമിക്കേണ്ടിവന്നു. അവർ കാരണം ഇന്ത്യയെക്കുറിച്ച് ലോകത്തിന് പ്രത്യേക ധാരണയുണ്ടായിരുന്നു. അത് മാറ്റാൻ സമയം ചെലവഴിക്കേണ്ടിവന്നുവെന്നും മോദി പറഞ്ഞു.
പിന്നാലെ യൂറോപ്യൻ യൂണിയനും യുഎസുമായുള്ള കരാറുകളെക്കുറിച്ച് മോദി സഭയിൽ പരാമർശിച്ചു. ഇയു, യുഎസ് എന്നിവരുമായുള്ള കരാറുകളെ ചൂണ്ടിക്കാട്ടി, ലോകശക്തികൾ ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്താൻ താത്പര്യപ്പെടുന്നുവെന്നും മോദി പറഞ്ഞു. യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാരക്കരാർ, രാജ്യത്തിന്റെ സ്ഥിരതയിൽ ആഗോളതലത്തിലുള്ള ആത്മവിശ്വാസം വർധിപ്പിച്ചു. യുഎസ്. കരാർ രാജ്യത്തിന്റെ വികസന കുതിപ്പിനും വേഗത്തിനും കൂടുതൽ ഊർജം നൽകി. ഈ കരാറുകൾക്ക് ആഗോളതലത്തിൽ ലഭിക്കുന്ന വൻ സ്വീകാര്യത ലോക സമ്പദ്വ്യവസ്ഥയ്ക്കുതന്നെ ശുഭസൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ ഏർപ്പെടുന്നവർ ഭരണകൂടത്തിന്റെ സുപ്രധാന തൂണുകളെ ഒരിക്കലും ശക്തിപ്പെടുത്തുന്നില്ലെന്നു പറഞ്ഞ അദ്ദേഹം, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഇടതുപക്ഷം, ഡി.എം.കെ. എന്നിവരടക്കമുള്ള പ്രതിപക്ഷ പാർട്ടികളെ പേരെടുത്ത് വിമർശിക്കുകയും ചെയ്തു. ഇവരെല്ലാം ദശാബ്ദങ്ങളായി കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരിച്ചിട്ടുണ്ടെങ്കിലും പ്രധാനമായും അറിയപ്പെട്ടത് അഴിമതിക്കരായാണ്. ഇപ്പോഴും അവർ സംസാരിക്കുന്നത് ബോഫോഴ്സ് പോലുള്ള കരാറുകളെക്കുറിച്ചാണെന്നും വ്യാപാരക്കരാറുകളെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും മോദി പരിഹസിച്ചു.






