Breaking NewsCrimeKeralaLead NewsNEWS

തണ്ണിമത്തൻ ലോറിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഫോടക വസ്തു ശേഖരം!! പിടികൂടിയത് നൂറിലേറെ പെട്ടികളിലായി നാലായിരത്തോളം ജലറ്റിൻ സ്റ്റിക്കുകളും 17 ഡിറ്റനേറ്ററും, സ്ഫോടക വസ്തുക്കൾ തൃശൂരിലേക്കു കൊണ്ടുവന്നതെന്ന് പിടിയിലായ പപ്പാരാപ്പട്ടി സ്വദേശി

പാലക്കാട്: വാളയാർ– വടക്കഞ്ചേരി ദേശീയപാതയിൽ തണ്ണിമത്തൻ കൊണ്ടുപോകുന്ന മിനിലോറിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഫോടകവസ്തുക്കൾ പിടികൂടി. സംഭവത്തിൽ ലോറി ഡ്രൈവർ തമിഴ്നാട് ധർമപുരി പപ്പാരാപ്പട്ടി സ്വദേശി സെന്തിൽ കുമാറിനെ (47) സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. ലോറിയിൽ നിന്ന് നൂറിലേറെ പെട്ടികളിലായി നാലായിരത്തോളം ജലറ്റിൻ സ്റ്റിക്കുകളും 17 ഡിറ്റനേറ്ററും പിടിച്ചെടുത്തു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി ഒൻപതോടെ യാക്കരയിലെ പാലക്കാട് ഗവ. മെഡിക്കൽ കോളജിനു സമീപത്തെ സർവീസ് റോഡിൽ വച്ചാണ് ലോറി പിടികൂടിയത്. ലോറിയുടെ മുകളിൽ കൂട്ടിയിട്ട തണ്ണിമത്തൻ മാറ്റി പരിശോധിച്ചപ്പോഴാണു പെട്ടികളിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. ക്വാറികളിൽ ഉപയോഗിക്കുന്ന ലക്ഷങ്ങൾ വിലവരുന്ന സ്ഫോടകവ സ്തുക്കളാണിവ. സേലത്തു നിന്നു കൊണ്ടുവന്ന സ്ഫോടകവസ്തുക്കൾ തൃശൂരിലേക്കു കൊണ്ടുപോകുകയായിരുന്നു എന്നു സെന്തിൽ കുമാർ പെലീസിനു മൊഴി നൽകി.

Signature-ad

സൗത്ത് ഇൻസ്പെക്ടർ വിപിൻ കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ബോംബ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു. ഡ്രൈവറെ ചോദ്യം ചെയ്ത ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്നു പോലീസ് അറിയിച്ചു. അതേസമയം കഴിഞ്ഞ വർഷം മാത്രം തമിഴ്നാട്ടിൽ നിന്നു കേരളത്തിലേക്കു കടത്താൻ ശ്രമിച്ച നാൽപതിനായിരത്തിലേറെ ജലറ്റിൻ സ്റ്റിക്കുകളും അയ്യായിരത്തിലേറെ ഡിറ്റനേറ്ററുകളും പാലക്കാട്, കോയമ്പത്തൂർ പോലീസ് പിടിച്ചെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: